ചെത്ത്ലാത്ത്: വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഡെവലപ്പ്‌മെന്റ് സ്കീമിലുൾപ്പെടുത്തി നിർമ്മിച്ച ഫൈവ്‌സ് ഫുട്‌ബോൾ ടർഫ് നാടിനായി സമർപ്പിച്ചു.
ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പി.സി.സി ബി.ഹസ്സൻ ഔപചാരിക ഉത്ഘാടനം നിർവ്വഹിച്ചു. ചെത്ത്ലാത്ത് ദ്വീപിന്റെ കായിക മേഖലയ്ക്ക് വലിയ നേട്ടമാണ് ഈ ഗ്രൗണ്ടിലൂടെ ലഭ്യമാകുന്നതെന്നും അത് മികവോടെ പരിപാലിക്കണമെന്നും ഇത്തരമൊരു വലിയ ദൗത്യം മനോഹരമായി പൂർത്തിയാക്കിയ ദ്വീപ് പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൻ പി.റസീനയുടെ അഭാവത്തിൽ വൈസ് ചെയർപേഴ്സൻ എം.അലി അക്ബർ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ എം.അബൂസാലിഹ്, മെഡിക്കൽ ഓഫീസർ ഡോ. ദിൽഷാദ്, പ്രിസിപ്പാൾ, സി.മുഹമ്മദ് ഇഖ്ബാൽ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ജലാലുദ്ധീൻ.കെ.ടി, ഫാത്തിമത്തുൽ ബുഷ്‌റ എന്നിവർ പങ്കെടുത്തു.

ആവേശം അലതല്ലിയ ഉത്ഘാടന പരിപാടികൾ യുവാക്കളുടെയും വിദ്യാർഥികളുടെയും നിറഞ്ഞ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമായി. ഉത്ഘാടന മത്സരത്തിൽ ഡോ.എ. പി.ജെ അബ്ദുൽ കലാം സ്‌കൂളിലെ ഫുട്‌ബോൾ ടീമിലെ കളിക്കാർ അർജന്റീന, ബ്രസീൽ ടീമുകളുടെ ജഴ്‌സിയണിഞ്ഞ് മാറ്റുരച്ചത് കാണികളിൽ വാശിയും ആവേശവുമുയർത്തി.
ഒക്ടോബർ 28 ന് ശിലാസ്ഥാപനം നടത്തിയ ടർഫ് നിർമ്മാണം കേവലം 49 ദിവസങ്ങൾ കൊണ്ടാണ് പണി പൂർത്തിയാക്കി തുറന്ന് കൊടുത്തിരിക്കുന്നത്. ചെത്ത്ലാത്ത് ദ്വീപിന്റെ ചരിത്രത്തിൽ പുതിയ പൊന്തൂവലാകുന്ന ഈ നേട്ടവും നാട് ഹൃദയത്തിലേറ്റിയിരിക്കുന്നു എന്നതിൽ ചെത്ത്ലാത്ത് പഞ്ചായത്ത് സാരഥികൾക്ക് അഭിമാനിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക