സ്വപ്നപദ്ധതി ദ്വീപിനു വിനയാകുമോ? ആശങ്കകൾ പരിഹരിക്കപ്പെടേണ്ടത് അല്ലേ?

0
1606
ലേഖനം: വാസിം അക്രം
രു ഗൗരവമേറിയ വിഷയം നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ദ്വീപുകാരോട്. ആദ്യം തന്നെ പറയട്ടെ, ഞാൻ പരിസ്‌ഥിതി വിദഗ്ധനോ, വികസന വിരോധിയോ അല്ല. എങ്കിലും ഇത് പങ്ക് വെക്കുക എന്റെ കർത്തവ്യമാണെന്ന് കരുതുന്നു. എന്നും നിരവധി പേർ ഉയർത്തുന്ന ഒരു ചോദ്യം ഉണ്ട്, നിങ്ങൾ എന്തെങ്കിലും ദുരന്തം വരുമ്പോൾ, നിപ്പ വരുമ്പോൾ,കൊറോണ വരുമ്പോൾ മാത്രമാണോ ഡോക്ടർമാരെ, വിദഗ്ധരെ, ശാസ്ത്രജ്ഞരെ, ശാസ്ത്രത്തെ കേൾക്കുകയുള്ളൂ എന്ന ചോദ്യം. അല്ലാത്ത സമയത്ത് ആഗോള താപനത്തെ കുറിച്ച് പറയുമ്പോൾ, ഗാഡ്ഗിൽ ഇവിടുത്തെ പരിസ്‌ഥിതി ആഘാതത്തെപ്പറ്റി പറയുമ്പോൾ നമുക്ക് കേൾക്കാൻ സമയമില്ല. ചിലപ്പോൾ ലേശം കടന്നു ഇതൊക്കെ വെറും പറ്റിപ്പ് ആണെന്ന് വരെ പറഞ്ഞു കളയും. ആഗോളതാപനം പറ്റിപ്പ് ആണെന്ന് ഇന്നും വാദിക്കുന്ന ഒരാൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആണ്. ആ ട്രംപ് ആദ്യം കൊറോണ വൈറസിനെ അവഗണിക്കുകയും ഭീക്ഷണിയെ നിസാരമായി കണ്ടതും പിന്നീട് അതിന്റെ ടെസ്റ്റിന് വിധേയമായി വന്നതും നമ്മൾ കണ്ടതാണ്. ഏതാണ്ട് ഇത് പോലെ തന്നെയാണ് ബഹുഭൂരിപക്ഷം പേരും, പ്രത്യേകിച്ച് പരിസ്‌ഥിതിയെ കുറിച്ച് പറയുമ്പോൾ, പരിസ്‌ഥിതി നശിക്കും, നദികൾ വറ്റും, കാട് തീരും, മൃഗങ്ങൾ വംശമറ്റു പോവും, പവിഴപ്പുറ്റുകൾ നശിക്കും, വെള്ളം ഉപ്പ് ആവും എന്നൊക്കെ പറയുമ്പോൾ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാൻ പ്രവർത്തിക്കും എന്നതിനേക്കാൾ അതിനെ അവഗണിക്കാൻ അതിനെ എതിർക്കാൻ ആണ് നമുക്ക് ഇഷ്ടം. വെറും പ്രകൃതിയുടെ കാര്യം പറഞ്ഞ് വികസനത്തെ, ആളുകൾക്ക് ലഭിക്കുന്ന ജോലിയെ അത് മൂലം ഉണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധിയെയാണ് ഈ പറയുന്നവർ എതിർക്കുന്നത് എന്നു നാം വാദിക്കും.
www.dweepmalayali.com
കൊറോണ എന്നു കേട്ടപ്പോൾ ഈ വിദഗ്ധർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന അതേ നമ്മൾ തന്നെയാണ് അതുപോലുള്ള വിദഗ്ധർ നൽകുന്ന ഇത്തരം അഭിപ്രായങ്ങളോട് ഇങ്ങനെ മുഖം തിരിഞ്ഞു നിന്നു പ്രതികരിക്കുന്നത്.
വിഷയം ഉറപ്പായും സാമ്പത്തികം കൂടിയാണ്, ഈ അടുത്താണ് ലോക ബാങ്ക് നേപ്പാളിനെ നോക്കി അവിടുത്തെ 70 ശതമാനം സംരക്ഷിക്കപ്പെട്ടു കിടക്കുന്ന കാടുകളെ നോക്കി ഒരുതരത്തിലും സാമ്പത്തിക ഫലം നൽകാതെ നിൽക്കുന്ന ഇടം എന്നു വിളിച്ചത്. ആ കാടുകൾ എത്രയും പെട്ടെന്ന് സാമ്പത്തിക ഫലം നൽകുന്ന ഇടങ്ങളാക്കണം എന്ന് അവർ ആഹ്വാനം നൽകുക കൂടി ചെയ്തു. മനുഷ്യൻ കാടുകൾ തോന്നിയ പോലെ നശിപ്പിച്ചു, കാട് എന്നത് വെട്ടി നശിപ്പിക്കാൻ ഉള്ളതാണെന്ന് കരുതുന്ന ഒരു ലോകത്ത് ഒരു ഇത്തിരി കാട് സംരക്ഷിക്കുക എന്നത് മനുഷ്യരാശിയോട്, പ്രകൃതിയോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ആണെന്ന് കരുതുന്ന ഒരു കാലത്താണ് ലോക ബാങ്കിന്റെ ഈ പ്രതികരണം എന്നോർക്കുക. ഇന്നത്തെ കേന്ദ്രസർക്കാരിന് ഈ അടുത്ത് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളോട് തോന്നിയ വലിയ സ്നേഹത്തിനു പിന്നിൽ ഇത്തരം ഒരു കണ്ണ് ഉണ്ടെന്ന് മുമ്പ് തന്നെ ഒരു ആരോപണമുണ്ട്. പ്രത്യേകിച്ച് ഉപയോഗിക്കാതെ കിടക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജൈവ, ധാതു സമ്പത്ത് തങ്ങളുടെ പ്രിയപ്പെട്ട കോർപ്പറേറ്റുകൾക്ക് എഴുതി കൊടുക്കാനുള്ള തീരുമാനം വരെ ഉണ്ടെന്ന വലിയ ആരോപണങ്ങൾ മുമ്പ് തന്നെ ഉയർന്നതും ആണ്. ഏതാണ്ട് ഇതേപോലെ ഒന്നാണ് ലക്ഷദ്വീപ് എന്ന 36 ദ്വീപുകൾ അടങ്ങിയ 32 കിലോമീറ്റർ മാത്രം ഭൂവിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രപ്രദേശത്തിനായി കേന്ദ്രസർക്കാർ നേരിട്ട് നീതി ആയോഗിലൂടെ മുന്നോട്ടു വച്ച 370 റൂമുകൾ ഉള്ള ബീച്ച്/വെള്ളത്തിൽ വില്ലകൾ നിർമിക്കുക എന്ന പദ്ധതി. ഇന്ത്യയിലെ തന്നെ ആദ്യത്തെ വെള്ളത്തിലുള്ള/കടലിൽ ഉള്ള വില്ലകൾ ആവും ഇത്. അതായത് ഇത് വരെ ലഭിക്കുന്ന ടൂറിസം വരുമാനം പതിൻമടങ്ങ് ആക്കുന്ന ലക്ഷദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏതാണ്ട് 1000 കോടി മുതൽമുടക്കുള്ള പദ്ധതി. ഇത് മൂലം ലഭിക്കുന്ന 75 ശതമാനം ജോലികളും ദ്വീപിലെ ആളുകൾക്ക് ഉറപ്പ് നൽകുന്ന, ദ്വീപകാരെ സാമ്പത്തികമായി ഉയർത്തുന്ന സ്വപ്നപദ്ധതി. ടൂറിസം വരുമാനം സർക്കാരിനും ദ്വീപുകാർക്കും വലിയ നേട്ടമാകും എന്നു കരുതുന്ന മാലി ദ്വീപ് മോഡൽ വികസന പദ്ധതി.
To advertise here, Whatsapp us.
(താഴെ പറഞ്ഞ വിവരണങ്ങൾ The Hindu പത്രത്തിൽ ഞായറാഴ്ച വന്ന വൈൽഡ് ലൈഫ് ശാസ്ത്രജ്ഞ കൂടിയായ ആതിര പെരിഞ്ചേരി എഴുതിയ ഈ ലേഖനത്തിൽ നിന്ന് എടുത്ത് എഴുതിയത് ആണ്. https://www.thehindu.com/sci-tech/energy-and-environment/can-lakshadweeps-fragile-lagoons-survive-a-multi-crore-tourism-villa-project/article31058762.ece)
എന്നാൽ ഈ പദ്ധതിക്ക് എതിരെ രംഗത്ത് വന്നത് ലക്ഷദ്വീപിലെ പരിസ്‌ഥിതിയെ പറ്റി, പവിഴപുറ്റുകളെ കുറിച്ച്, കടലിനെ പറ്റി പതിറ്റാണ്ടുകളോളം പഠനം നടത്തുന്ന ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഉള്ള 30 സർവകലാശാലകളിൽ നിന്നുള്ള 114 ശാസ്ത്രജ്ഞർ ആണ്. ഇത്തരം ഒരു പദ്ധതി ദ്വീപിന്റെ നാശത്തിനു ആണ് എന്ന് വാദിക്കുന്ന ശാസ്ത്രജ്ഞർ ഈ പദ്ധതിയെ കുറിച്ച് പുനർവിചിന്തനം നടത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ വെറും വികസനവിരോധികൾ ആണ് അവർ അല്ലെങ്കിൽ ദ്വീപിന്റെ വികസനം കാണാൻ ആഗ്രഹം ഇല്ലാത്തവർ ആണ് എന്നൊക്കെ പറഞ്ഞു അവരെ ഒഴിവാക്കാം. പക്ഷെ 114 ശാസ്ത്രജ്ഞർക്ക് ദ്വീപുകാരുടെ വികസനത്തിൽ എന്ത് കണ്ണു കടി ആണ് ഉണ്ടാവേണ്ടത് എന്നും, അല്ലെങ്കിൽ അവർക്ക് വികസനത്തോട് എന്ത് വിരോധം ആണ് ഉണ്ടാവേണ്ടത് എന്നും നാം ചിന്തിക്കുക തന്നെ വേണം. കൂടാതെ ഇങ്ങനെ എതിർക്കാൻ എന്ത് അപകടങ്ങൾ ആണ് അവർ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാവാൻ പോകുന്നത് എന്നു പറഞ്ഞത് കൂടി നാം അറിയണം. ലോകത്തിൽ എത്ര തരം നിറങ്ങൾ ഉണ്ടോ അത്രയും നിറത്തിലുള്ള മീനുകൾ നിങ്ങൾക്ക് കാണാൻ ആവുന്ന, സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ, ഏതൊരു സഞ്ചാരിയെയും എന്നും വശീകരിക്കുന്ന വശ്യസൗന്ദര്യമുള്ള ദ്വീപുകൾ ദ്വീപിന്റെ ലഗൂണുകൾ എങ്ങിനെ ഒരു ഭീഷണിയാണ് ഈ പദ്ധതി കൊണ്ട് നേരിടാൻ പോവുക എന്നു നാം ഉറപ്പായും അറിയണം.
www.dweepmalayali.com
മാലി ദ്വീപുകൾ പോലെ എളുപ്പം പൂർത്തിയാക്കാൻ ആവുന്ന, സാമ്പത്തിക ലാഭം നൽകുന്ന, സാംസ്കാരികമായി അംഗീകാരം ലഭിക്കുന്ന, വലിയ പരിസ്‌ഥിതി ആഘാതം ഉണ്ടാക്കില്ല എന്നു അധികൃതർ വാദിക്കുന്ന പദ്ധതി ഉണ്ടാക്കാൻ പോകുന്നത് അത്ര ചെറുതല്ലാത്ത പരിസ്‌ഥിതി ആഘാതമാണ് എന്നാണ് ശാസ്ത്രജ്ഞർ വാദിക്കുന്നത്. ഇത്തരം നിർമ്മിതികൾ പവിഴപുറ്റുകൾക്ക്, കോറൽ റീഫുകൾക്ക് ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഏതാണ്ട് 20 വർഷങ്ങളായി ലക്ഷദ്വീപിന്റെ പവിഴപുറ്റുകളെ പറ്റി പഠനം നടത്തി വരുന്ന മറൈൻ ശാസ്ത്രജ്ഞൻ ആയ രോഹൻ ആർതർ പറയുന്നത് വലിയ തിരമാലകളിൽ നിന്ന് ദ്വീപുകളെ രക്ഷിച്ച് നിർത്തുന്ന ഈ ലഗൂണുകളുടെ നാശത്തിനാവും ഇത്തരം പദ്ധതികൾ ചിലപ്പോൾ വഴി ഒരുക്കുക എന്നാണ്. നിലവിൽ ദ്വീപുകളെ വലിയ തിരകളിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്ന ലഗൂണുകൾ തന്നെയാണ് ദ്വീപിലെ ചെറിയ ശുദ്ധജല സമ്പത്തും കാത്ത് രക്ഷിക്കുന്നത്. നിലവിലുള്ള കടപ്പുറത്ത് സ്ഥാപിച്ച ടെട്രാപോഡുകൾ കൊണ്ടുള്ള ആശാസ്ത്രീയമായ കടൽ ഭിത്തികൾ ഇതിനകം തന്നെ ലക്ഷദ്വീപിലെ കടൽപ്പുറങ്ങൾക്ക് ഉണ്ടാക്കിയ നാശവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതാപന ഫലമായി ചൂട് കൂടുന്നത് അടക്കം നിരവധി ഭീക്ഷണികൾ ഇതിനകം നേരിടുന്ന ലഗൂണുകൾ ഒരിക്കൽ പൂർണ്ണ നാശത്തിൽ എത്തുകയാണെങ്കിൽ അത് ദ്വീപുകാരെത്തന്നെയാവും ഏറ്റവും കൂടുതൽ ബാധിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
www.dweepmalayali.com
കൂടാതെ വികസനം എന്ന പേരിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ എത്രത്തോളമാണ് നമ്മുടെ ലഗൂണുകളുടെ നാശത്തിനു കാരണമാകുന്നത് എന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്. പ്ലാസ്റ്റിക് തിന്നേണ്ടി വരുന്ന മീനുകളും, നിരന്തരമായി കൊറലുകൾ പൊട്ടിച്ച് ആഴം കൂട്ടുന്ന ലഗൂണുകളും ഉണ്ടാക്കുന്ന പരിസ്‌ഥിതി ആഘാതങ്ങൾ എത്രത്തോളം വലുതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ തന്നെ വലിയ നിർമ്മിതികൾ മുതൽ, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കടലിൽ ഉപേക്ഷിക്കുന്നത് വരെ എത്രത്തോളം പരിസ്‌ഥിതി ആഘാതമാണ് ഉണ്ടാക്കുന്നത് എന്ന് അവർ തെളിവ് സഹിതം ഉയർത്തുന്നുണ്ട്. അതേപോലെ ഇത്തരം ഒരു പദ്ധതി ആരുടേതാണ് കടപ്പുറങ്ങൾ എന്ന വലിയ ചോദ്യം ഉയർത്തും എന്നും വിദഗ്ധർ വാദിക്കുന്നു. ദ്വീപുകാരുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് കടപ്പുറങ്ങളും ലഗൂണുകളും എത്രത്തോളം പ്രാധ്യാന്യം ഉള്ളത് ആണെന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. പദ്ധതിയിൽ നിർദ്ദേശിച്ച കടലിലൂടെ നീങ്ങുന്ന സോളാർ പാനലുകൾ അടക്കമുള്ളവ കടപ്പുറങ്ങളും ലഗൂണുകളും ദ്വീപുകാർക്ക് സൗകര്യം പോലെ ഉപയോഗിക്കാൻ ആവുന്നതാണോ? അല്ല അതിനു അധികൃതരുടെ അനുമതി വേണ്ടി വരുമോ? എന്ന ഗുരുതരമായ പ്രശ്നവും ഉയർത്തുന്നു. കൂടാതെ പദ്ധതി ലഗൂൺ മത്സ്യസമ്പത്തിനെ കാര്യമായി കുറക്കും എന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞർക്ക് ഉള്ളത്. ഇത് ഉറപ്പായിട്ടും ദ്വീപുകാർക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ചില്ലറയാവില്ല.
ഇത്തരം ഒരു പദ്ധതി ലക്ഷദ്വീപ് പോലെ ഇത്രയും പരിസ്‌ഥിതി ലോലമായ ഒരു പ്രദേശത്ത് നടത്തുന്നത് ഒരു തരത്തിലും യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. കൂടാതെ വംശനാശഭീഷണി നേരിടുന്ന ആമകൾ, സീ കുക്കുമ്പറുകൾ, നിരവധി കടൽ ചെടികൾ തുടങ്ങിയവയുടെ നാശത്തിന് ഈ പദ്ധതി ഇടയാക്കും എന്നും അവർ വാദിക്കുന്നു. തങ്ങൾ വികസനത്തിന് എതിരല്ല എന്നു വാദിക്കുന്ന ശാസ്ത്രജ്ഞർ നിലവിലുള്ള പദ്ധതി ഐക്യരാഷ്ട്ര സഭയുടെ പരിസ്‌ഥിതി സൗഹൃദ വികസനപദ്ധതി പ്രകാരം ഉള്ളതല്ല എന്ന് വ്യക്തമാക്കി. കൂടാതെ ഇത്തരം ഒരു പദ്ധതി ഉണ്ടാക്കുന്ന വലിയ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ വിശദമായ പഠനം ഒരു മൂന്നാം കക്ഷിയെ വച്ച് നടത്തണം എന്നും അവർ ആവശ്യപ്പെടുന്നു. നിലവിൽ തങ്ങളുടെ ഈ ആവശ്യങ്ങൾ അടങ്ങുന്ന ഒരു നിവേദനവും ആയി ലക്ഷദ്വീപ് ഭരണകൂടത്തെയും നീതി ആയോഗിനെയും സമീപിച്ചിരിക്കുകയാണ് ഈ ശാസ്ത്രജ്ഞർ. എന്നാൽ പഞ്ചായത്തുകൾ അടക്കം ബഹുജന, രാഷ്ട്രീയ പിന്തുണ നേടിയ ശേഷം ആണ് ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് അധികൃതർ പറയുന്നത്. കോറൽ സംരക്ഷിക്കുക എന്നത് ടൂറിസത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ് എന്നു വ്യക്തമാക്കിയ സ്പോർട്സ് അധികൃതർ, ദ്വീപുകാർക്ക് കടപ്പുറങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക് വരും എന്ന ആരോപണങ്ങൾ ബാലിശമാണ് എന്നും പറഞ്ഞു. ഒറ്റദിവസം കൊണ്ട് ഉണ്ടായ പദ്ധതിയല്ല ഇത് എന്ന് വ്യക്തമാക്കിയ അവർ കേന്ദ്രസർക്കാർ വലിയ പഠനങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു പദ്ധതി അവതരിപ്പിച്ചത് എന്നും വിശദമാക്കി.
www.dweepmalayali.com
ശാസ്ത്രീയമായ, പരിസ്‌ഥിതി ആഘാതപഠനം നടക്കാതെ ഒരു പദ്ധതിയും മുന്നോട്ടു പോകില്ല എന്നു വ്യക്തമാക്കിയ നീതി ആയോഗ് അധികൃതർ ഇതുവരെ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല എന്നും പറഞ്ഞു. അതിനിടയിൽ ഇത്തരം പദ്ധതികൾ ലക്ഷദ്വീപിന് താങ്ങാവുന്നതിലും അപ്പുറമാണെന്ന് പല ടൂറിസം മേഖലയിലെ ബിസിനസുകാരും അഭിപ്രായപെട്ടത്. ഇത്തരം പദ്ധതിക്കായി നിർമിക്കുന്ന പില്ലറുകൾ കൊറലുകൾക്ക് വരുത്തുന്ന നാശം വലുതാവും, കൂടാതെ ഇത്തരം വില്ലകൾ അവിടെ താമസിക്കുന്നവർക്ക് ഒഴിച്ച് ബാക്കിയുള്ളവർക്ക് എല്ലാം വലിയ ദുരന്തമാവും നൽകുക എന്നും 20 കൊല്ലം ബംഗാരത്ത് റിസോർട്ട് നടത്തിയ ജൊസെ ഡൊമിനിക് അഭിപ്രായപ്പെടുന്നു. കൂടാതെ ഇത്തരം നിർമ്മിതികൾ ദ്വീപിലേക്ക് ആളുകളെ ആകർഷിക്കുന്ന കൊറലുകളുടെ നാശം ആവും വിളിച്ചു വരുത്തുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഒരുപാട് പരിസ്‌ഥിതി യാഥാർത്ഥ്യങ്ങൾ മുന്നിലുള്ളപ്പോൾ ഇത്തരം ഒരു പദ്ധതി എന്തിനാണ് ഇത്ര വേഗം നടപ്പിലാക്കാൻ ഒരുങ്ങുന്നത് എന്നു ചോദിച്ച ശാസ്ത്രജ്ഞനായ രോഹൻ ആർതർ ഇത്തരം ഒരു പദ്ധതി യാഥാർത്ഥ്യവുമായി അടുത്ത് നിൽക്കാത്ത ഒന്നാണെന്നും വിമർശിച്ചു.
ഇത്രയും ആണ് ലേഖനത്തിലെ വിശദാംശങ്ങൾ, ഇവിടെ നാം കാണേണ്ട വസ്തുത എന്താണ്. എന്താണ് ദ്വീപുകൾ എന്നു നമുക്ക് ഏവർക്കും(ദ്വീപുകാർ) അറിയാം, എത്രത്തോളം ലോലമാണ് നമ്മുടെ പരിസ്‌ഥിതി എന്നും. പലപ്പോഴും എത്ര അത്ഭുതകരമാണ് നമ്മുടെ നിലനിൽപ്പ് എന്നു നാം മനസ്സിലാക്കുന്നു. വെള്ളം ഉപ്പ് ആയപ്പോൾ കടൽ വെള്ളം ശുദ്ധീകരിച്ച് നിലനിൽക്കാം എന്നു നാം കരുതുന്നു, പക്ഷെ അതൊരു ദീർഘകാലപരിഹാരമാണോ എന്ന് നാം ആലോചിക്കുന്നുണ്ടോ? എത്ര കാലം നാം ഈ ഭൂഗോളത്തിൽ കുത്തുകളായി ചിതറിക്കിടക്കുന്ന പ്രദേശത്ത് അതിജീവിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ? യാഥാർത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നുണ്ട്, നാം എത്ര അവഗണിച്ചാലും അത് സംഭവിക്കുക തന്നെ ചെയ്യും. വികസനവും ആളുകളുടെ വയറും നിർമിതികളും വേണ്ടത് തന്നെയാണ്. അതിനു പ്രാധ്യാന്യമുള്ളത് തന്നെയാണ്. പക്ഷെ അത് നാം ഇരിക്കുന്ന കൊമ്പ് മുറിച്ചു കൊണ്ട് ആവണോ എന്നു നാം ഓരോരുത്തരും ചിന്തിച്ചു നോക്കണം. നമുക്കല്ലെങ്കിൽ നമ്മുടെ അടുത്ത തലമുറകൾക്ക് ദ്വീപുകാരായി, ലക്ഷദ്വീപുകാരായി അതിജീവിക്കാനാവുമോ എന്നു നമ്മൾ ആലോചിച്ചു നോക്കണം. വെള്ളം ഉപ്പ് ആയാൽ കടൽ വെള്ളം ശുദ്ധീകരിക്കുക എന്ന ചിന്ത ഭൂമി അങ്ങ് വാസയോഗ്യം അല്ലാതെ ആയാൽ മറ്റ് ഗ്രഹങ്ങളിൽ താമസമാക്കാം എന്ന പോലൊരു ചിന്തയാണ്, അത് മോശം എന്നല്ല പക്ഷെ അതിൽ ഒരു അപകടം കിടക്കുന്നുണ്ട്, നാം അറിഞ്ഞോ അറിയാതെയോ പാഴാക്കുന്ന, നാശിപ്പിക്കുന്ന ഒന്നാണ് നമുക്കുള്ള ഈ സൗകര്യങ്ങൾ അല്ലെങ്കിൽ പലരും പറയുന്ന ഈ അനുഗ്രഹങ്ങൾ എന്ന വശം. ഭൂമിയുടെ അവസാനത്തെ കുറിച്ച് പറയുന്ന പല കഥകളിൽ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കപെട്ട ഭൂമിയിലേക്ക് തിരിച്ചു വരുന്ന മനുഷ്യരുടെ കഥ പറഞ്ഞ, മനുഷ്യർക്ക് വീണ്ടും എന്താണ് മനുഷ്യൻ എന്നു പഠിപ്പിച്ച റോബോർട്ടുകളുടെ കഥ പറഞ്ഞ ‘Wall E’ എന്ന സിനിമയാണ്, എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട സിനിമ. ആ സിനിമയിൽ അവസാനം പറയുന്ന ഒന്നുണ്ട്, ‘ഇതാണ് ഭൂമി, ഇതാണ് നമ്മുടെ വീട്, ഇതാണ് നമുക്ക് അറിയാവുന്ന ഒരേ ഒരു വീട്’
Click here to download DweepMalayali Android App.
അതേ, ഈ ഭൂമി മാത്രമേ നമുക്ക് വീട് ആയിട്ടുള്ളു. അതേപോലെ ഭൂമിയിൽ ഏത് കോണിൽ ജീവിച്ചാലും ഈ ദ്വീപുകൾ എന്നത് എന്നും നമ്മുടെ ഒരേ ഒരു വീട് ആണ് നമുക്ക് അറിയാവുന്ന ഒരേ ഒരു വീട്. ആ വീടിനെ നശിപ്പിക്കാൻ ഒരുങ്ങുന്ന ഒരു പദ്ധതി ആണെന്ന് ഇന്ത്യയിലെ 30 സർവകലാശാലകളിലെ 114 ശാസ്ത്രജ്ഞർ കരുതുന്ന(അവരിൽ മിക്കവരും ദ്വീപിൽ പതിറ്റാണ്ടുകൾ പഠനം നടത്തുന്നവരും കൂടിയാണ്)ഒരു പദ്ധതി നമുക്ക് വേണോ എന്ന് നാം ചിന്തിക്കണം. അല്ലെങ്കിൽ അത്തരം ഒരു പദ്ധതി വരും വർഷങ്ങളിൽ ഭീഷണിയാവില്ല എന്ന ഉറപ്പെങ്കിലും നമുക്ക് ലഭിക്കണം. അതിനായി നാം നമ്മുടെ ശബ്ദം ഉയർത്തുക തന്നെ വേണം, നമ്മുടെ ശബ്ദം അധികൃതർ കേൾക്കട്ടെ, രാഷ്ട്രീയ നേതൃത്വങ്ങൾ അറിയട്ടെ, നമുക്ക് ഒരു ഉത്തരം നൽകേണ്ട ബാധ്യത അവർക്ക് ഉണ്ട്. എന്തെന്നാൽ ഇത് ഭീഷണി ഉയർത്തുന്നത് നമ്മുടെ നിലനിൽപ്പിന് തന്നെയാണ്. കൊറോണ കാലത്ത് നമ്മുടെ ജീവന് നേരിട്ട് ഭീഷണി ആവുന്ന സമയത്ത് മാത്രം കേൾക്കേണ്ട ഒന്നല്ല ശാസ്ത്രജ്ഞരുടെ വാക്കുകൾ, ഇപ്പോഴും അത് നാം കേൾക്കണം, ഇത് അവഗണിച്ചാൽ ചിലപ്പോൾ നമ്മെ കാത്തിരിക്കുക പ്രളയകാലത്തെ കേരളത്തിന്റെ ദുരന്തത്തിനും അപ്പുറമായ ഒന്നാവും. അതിനാൽ തന്നെ നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യുക. (ഇത്രയും വായിച്ചു നോക്കിയിട്ടും(!) വെറും വികസനവിരോധം മാത്രം ആയാണ് ഇത് തോന്നുന്നത് എങ്കിൽ എനിക്ക് ഒന്നും പറയാനില്ല, നന്ദി)

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here