റോസ്റ്റോവ്: സ്വിസ് പടയുടെ പ്രതിരോധപൂട്ടിൽ കുരുങ്ങി ബ്രസീലിന്റെ വിജയസ്വപ്നങ്ങൾ തകർന്നു. റഷ്യൻ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തിനിറങ്ങിയ നെയ്മറെയും സംഘത്തെയും സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധക്കോട്ട കെട്ടി സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി.
കനത്ത ആക്രമണങ്ങൾക്കൊടുവിൽ ഇരുപതാം മിനിറ്റിൽ ഫിലിപ്പെ കുടിഞ്ഞോയിലൂടെ ബ്രസീലാണ് ആദ്യം മുന്നിൽ കയറിയത്. ബോക്സിന് മുന്നിൽ ലഭിച്ച പന്ത് കുടീഞ്ഞോ വലയിലാക്കുകയായിരുന്നു.

അമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ സൂബർ സ്വിസ് ടീമിന് സമനില നേടിക്കൊടുത്തു. ജെർദൻ ഷകീരി എടുത്ത കോർണർ കിക്കിൽനിന്ന് ഉജ്വല ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചാണ് സൂബർ സമനില സമ്മാനിച്ചത്.

സൂപ്പർ താരം നെയ്മറെ ഇടംവലം പൂട്ടിയാണ് സ്വിസ് പട പ്രതിരോധ തന്ത്രങ്ങൾ മെനഞ്ഞത്. നെയ്മർക്കൊപ്പം കുടിഞ്ഞോയും ഗബ്രിയേൽ ജീനസുമെല്ലാം സ്വിസിന്റെ കൈക്കരുത്തിന്റെ ഇരകളായി. അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലെ അവസാന പഴുതും അടച്ച് കളിച്ച സ്വിറ്റ്സര്‍ലന്‍ഡ് ബ്രസീലിനെ സമനിലയിൽ തളച്ചു.

ഗ്രൂപ്പ് ഇയിൽ സെർബിയ മൂന്നു പോയിന്റുമായി ഒന്നാമതാണ്. ബ്രസീലും സ്വിറ്റ്സർലൻഡും ഒരോ പോയിന്റും വീതം നേടി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക