
കൊച്ചി: കേരളത്തിലെ മഴക്കെടുതി രൂക്ഷമായതോടെ കോളേജുകളും ഹോസ്റ്റലുകളും അടച്ചതോടെ എങ്ങിനെയും നാട്ടിൽ എത്താൻ കപ്പൽ കയറാൻ സ്കാനിങ്ങ് സെന്ററിൽ എത്തിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും നിരാശരായി മടങ്ങി.
വിദ്യാർത്ഥി സംഘടനകൾ ഐക്യത്തോടെ ഇടപെടൽ നടത്തിയതിനാൽ ടിക്കറ്റില്ലാത്ത അറുപതോളം പെൺകുട്ടികളെ കപ്പലിൽ കയറ്റി നാട്ടിലേക്ക് അയക്കാനായി. മൊത്തം അറുപതോളം പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇരുപതോളം പെൺകുട്ടികളും നൂറുകണക്കിന് ആൺകുട്ടികളും നിരാശരായി മടങ്ങി.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ വിദ്യാർത്ഥികൾക്കും നാട്ടിൽ എത്താൻ അവസരം ഉണ്ടാവുമെന്ന് സമൂഹ മാധ്യമങ്ങൾ വഴി പലരും പ്രചരിപ്പിച്ചിരുന്നു. ഇത് മുന്നിൽ കണ്ടു കൊണ്ടാണ് ടിക്കറ്റ് ഇല്ലാതിരുന്നിട്ടും വിദ്യാർത്ഥികൾ കൂട്ടമായി സ്കാനിങ്ങ് സെന്ററിൽ എത്തിയത്. എന്നാൽ ടിക്കറ്റ് ഇല്ലാത്ത ഒരാളെയും യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന നിലപാടാണ് അധികൃതർ എടുത്തത്. എന്നാൽ എൽ.എസ്.എ, എൻ.എസ്.യു.ഐ നേതാക്കളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശക്തമായി പ്രതികരിച്ചു. അവസാനം പെൺകുട്ടികളെ കയറ്റിവിടാം എന്ന് അധികൃതർ സമ്മതിക്കുകയായിരുന്നു.

എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി സയീദ് നബീലിന്റെയും എൽ.എസ്.എ പ്രസിഡന്റ് മുഹമ്മദ് യാഫിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തതിനെ തുടർന്നാണ് പെൺകുട്ടികളെ കയറ്റി വിടാം എന്ന് തീരുമാനമായത്. എന്നാൽ പെൺകുട്ടികൾ മുഴുവനായി കയറുന്നതിന് മുൻപ് തന്നെ ചിലർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പെൺകുട്ടികളെ കയറ്റി വിടുന്നതും നിർത്തിവെച്ചു. അതിനിടെ ചില വിദ്യാർത്ഥികൾ സി.ഐ.എസ്.എഫ് സേനാംഗങ്ങളുമായി വാക്കേറ്റത്തിലാവുകയും ചെയ്തതോടെ രംഗം കൂടുതൽ വഷളായി.

സ്കാനിങ്ങ് സെന്ററിലെ ജീവനക്കാർ അവർക്ക് വേണ്ടപ്പെട്ടവരെ കടത്തി വിട്ടു എന്ന ആരോപണവും ഉയരുന്നുണ്ട്. നാളെ പുറപ്പെടുന്ന എം.വി കോറൽസ് കപ്പൽ കിൽത്താൻ, ചെത്ത്ലത്ത്, ബിത്ര, ആന്ത്രോത്ത്, കൽപ്പേനി എന്നീ ദ്വീപുകളിലേക്കാണ് പോവുന്നത്. ഇവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികൾക്ക് നാളെ തന്നെ പോവാൻ അവസരം ഒരുക്കണമെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അമിനി, കടമം ദ്വീപുകളിലേക്ക് അടിയന്തിരമായി അധിക പ്രോഗ്രാം അനുവദിക്കണം. നാട്ടിലേക്ക് പോവാനായി കൊച്ചിയിലെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ കപ്പൽ സർവീസ് നടത്തി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

രാവിലെ മുതൽ രാത്രി വരെ സ്കാനിങ്ങ് സെന്ററിൽ തടിച്ചു കൂടിയ വിദ്യാർത്ഥികൾക്ക് ഭക്ഷണവും പാനീയങ്ങളും എത്തിച്ചു കൊണ്ട് എൽ.എസ്.എ, എൻ.എസ്.യു.ഐ നേതാക്കൾ മാതൃകയായി.
കേരളത്തിലെ പ്രളയക്കെടുതിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിദ്യാർത്ഥികൾക്ക് നാട്ടിൽ എത്താനുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഉണ്ടാവണം. അതിന് വിദ്യാർത്ഥി നേതാക്കൾ കാണിച്ച മാതൃക ജനപ്രതിനിധികൾ കൂടി ഏറ്റെടുക്കണം. എല്ലാവരും ഐക്യത്തോടെ ഒരുമിച്ചു നിന്നാൽ ഇന്നു തന്നെ അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുമെന്ന് നമുക്ക് ഉറപ്പാണ്.
കടപ്പാട്: വസീം ശമീൻ പുറാടം, കവരത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക