
കൊച്ചി: കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ന് പുറപ്പെടുന്ന എം.വി കോറൽസ് കപ്പലിൽ നാട്ടിലേക്ക് പോവാനായി കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ സ്കാനിങ്ങ് സെന്ററിൽ എത്തിയ മുഴുവൻ വിദ്യാർത്ഥികളെയും കടത്തി വിടുന്നു. ഇന്ന് കൊച്ചിയിൽ എത്തിയ ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ സ്കാനിങ്ങ് സെന്ററിൽ നേരിട്ടെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്.
സ്കാനിങ്ങ് സെന്ററിൽ എത്തിയ എം.പി യുടെ മുന്നിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ എൽ.എസ്.എ പ്രസിഡന്റ് മുഹമ്മദ് യാഫിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഇന്ന് പുറപ്പെടുന്ന എം.വി കോറൽസ് കപ്പൽ കിൽത്താൻ, ചെത്ത്ലത്ത്, ബിത്ര, കൽപ്പേനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലേക്കാണ് പോവുന്നത്. ഈ ദ്വീപുകളിലേക്ക് പോകേണ്ട മുഴുവൻ വിദ്യാർത്ഥികളെയും ഇന്ന് തന്നെ പോവാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ ആവശ്യം എം.പി സ്കാനിങ്ങ് സെന്ററിലെ വെൽഫെയർ ഓഫീസറായ ശ്രീ. റസുലുദ്ധീനുമായി ചർച്ച ചെയ്തു. കവരത്തി പോർട്ട് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി ടെലിഫോണിലൂടെയും എം.പി ബന്ധപ്പെട്ടു. എൽ.എസ്.എ, എൻ.എസ്.യു.ഐ നേതാക്കളുടെ ആവശ്യങ്ങൾ പോർട്ട് അധികൃതരെ ബോധ്യപ്പെടുത്തി. തുടർന്നാണ് വിദ്യാർത്ഥികളെ കയറ്റി വിടാൻ ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയത്.

അതേസമയം, നാളെ അമിനി, അഗത്തി, കവരത്തി ദ്വീപുകളിലേക്ക് അഡീഷണലായി അനുവദിച്ച എം.വി ലഗൂൺസ് കപ്പലിലേക്ക് വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നൽകിയില്ല. വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പ്രസ്തുത പ്രോഗ്രാം അഡീഷണലായി അനുവദിച്ചത്. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ മേൽപ്പറഞ്ഞ ദ്വീപുകളിലേക്ക് പോകേണ്ട വിദ്യാർത്ഥികളുടെ പട്ടിക ഇന്നലെ നൽകിയതുമാണ്. എന്നാൽ ഈ പട്ടിക പരിഗണിക്കാതെയാണ് ടിക്കറ്റ് നൽകിയത്. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാർ അവരുടെ വേണ്ടപ്പെട്ടവർക്ക് മാത്രം ടിക്കറ്റ് നൽകി എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കേറ്റങ്ങൾ ടിക്കറ്റ് കൗണ്ടറിൽ ഇപ്പോഴും തുടരുകയാണ്. ബാക്കിയുള്ള വിദ്യാർത്ഥികളെ നാളെ തന്നെ നാട്ടിലേക്ക് പോവാൻ അനുവദിക്കണം എന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
മൂത്തോണ്ടാ 💪💪💪