ന്യൂഡൽഹി: ലക്ഷദ്വീപിന് കേന്ദ്ര പൂളിൽ നിന്നും നാല് എം.ബി.ബി.എസ് സീറ്റുകളും രണ്ട് ബി.ഡി.എസ് സീറ്റുകളും അനുവദിച്ചു. നിലവിൽ ഒരു സീറ്റ് മാത്രമാണ് എം.ബി.ബി.എസിന് ലക്ഷദ്വീപിന് ലഭിച്ചുകൊണ്ടിരുന്നത്. പുതിയ നാല് സീറ്റുകൾ കൂടി ലഭിക്കുന്നതോടെ ഈ വർഷം അഞ്ച് വിദ്യാർഥികൾക്ക് എം.ബി.ബി.എസിന് ചേരാനാവും. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ ഓരോ സീറ്റ് വീതവും മഹാരാഷ്ട്രയിലെ മിറാജ് മെഡിക്കൽ കോളേജിൽ ഒരു സീറ്റുമാണ് അനുവദിച്ചിരിക്കുന്നത്. ബി.ഡി.എസിന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഓരോ സീറ്റ് വീതമാണ് പുതുതായി ലഭിക്കുക.

നേരത്തെ പതിമൂന്ന് എം.ബി.ബി.എസ് സീറ്റുകൾ ലഭിച്ചിരുന്നത് കേന്ദ്ര പൂളിൽ നിന്നുള്ള ക്വാട്ടയിൽ പുനഃക്രമീകരണം നടത്തിയതോടെ ലക്ഷദ്വീപിന് ഒരു സീറ്റ് മാത്രമായി ചുരുങ്ങുകയാണ് ഉണ്ടായത്. പുതുക്കിയ സീറ്റ് ഈ അധ്യായന വർഷം(2019-20) മുതൽ തന്നെ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീ.അമിത് ബിശ്വാസ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക