സൂഫീ കാവ്യലോകത്തെ കുലപതിയും ലക്ഷദ്വീപിലെ അറിയപ്പെടുന്ന പണ്ഡിതനും കവിയുമായിരുന്ന കിൽത്താൻ ദ്വീപിൽ നാലകപ്പുര വീട്ടിൽ അബൂ ലുബ്ന എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മുഹമ്മദ് ഖലീൽ ഫൈസി കിൽത്താൻ യാത്രയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയോടെ എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ഫൈസി ഉസ്താദിന്റെ ആത്മീയ ഗുരുക്കളും മശാഇഖുമാരുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങളും മകൻ സയ്യിദ് ശിഹാബുദ്ദീൻ കോയ തങ്ങളും(ഖ.സി) അന്ത്യവിശ്രമം കൊള്ളുന്ന ആലുവ കുന്നത്തേരി മഖാമിൽ വെച്ച് നടന്ന ജനാസ നിസ്കാരത്തിന് ശേഷം കളമശ്ശേരി എച്ച്.എം.ടി പാലക്കമുകൾ ഖബർസ്ഥാനിൽ മറവു ചെയ്തു.
ദീർഘകാലമായി തലശ്ശേരി കൂത്തുപറമ്പിനടുത്ത് നാലാം മൈൽ എന്ന സ്ഥലത്ത് ദീനീ പ്രബോധനത്തിന് നേതൃത്വം നൽകി വരികയായിരുന്നു. ലക്ഷദ്വീപ് പോർട്ട്, ഷിപ്പിങ്ങ് ആന്റ് ഏവിയേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ സീതിക്കോയ, ഹാഫിള് മുഹമ്മദ് നവാസ് എന്നിവർ സഹോദരങ്ങളാണ്. ഉസ്താദ് മജീദ് ബാഖവിയുടെ ഭാര്യാപിതാവാണ്.
എണ്ണമറ്റ രചനകൾ കൊണ്ട് സൂഫീ സരണിയെ ഉണർത്തിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഓരോന്നും നമ്മുടെ നഷ്ടപ്പെട്ട പൈതൃകത്തെ തിരിച്ചു പിടിക്കാൻ ഉതകുന്നതായിരുന്നു. സൂഫീ വഴികളെ തിരസ്കരിക്കുകയും ത്വരീഖത്തുകളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നവരോട് തന്റെ തൂലികയിലൂടെയും പ്രഭാഷണത്തിലൂടെയും സന്ധിയില്ലാതെ അക്കമിട്ടു മറുപടി നൽകിയ അദ്ദേഹം ലക്ഷദ്വീപിലെ സൂഫീ സരണിയെ ഹയാത്താക്കുന്നതിന് വേണ്ടി നാടുനീളെ പ്രഭാഷണങ്ങൾ നടത്തി. തന്റെ ആത്മീയ ഗുരു സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങളുടെ താജുൽ അഖ്ബാർ എന്ന യൂസുഫ്(അ) ഖിസ്സപ്പാട്ട് ഉൾപ്പെടെയുള്ള മഹനീയ കൃതികളുടെ അർഥതലങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകുന്നതിന് “പാടിയും പറഞ്ഞും” തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരുപാട് വേദികളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ വിയോഗം സൂഫീ ലക്ഷദ്വീപിനും ലക്ഷദ്വീപ് സാഹിത്യത്തിനും തീരാനഷ്ടമാണ്. ദുററുൽ അഖ്ബാർ എന്ന മൂസാ (അ) നബി ചരിത്രം, തൊട്ടിൽ മാല എന്നിവ ഖലീൽ ഫൈസി ഉസ്താദിന്റെ കനപ്പെട്ട കൃതികളാണ്. നൂറുൽ ഇർഫാൻ മാസികയുടെ വായനക്കാർക്കായി അദ്ദേഹം നൽകിയിരുന്ന കവിതയുടെ ഹദിയകൾ ഇനിയുണ്ടാവില്ല, പക്ഷെ തന്റെ അക്ഷരങ്ങളോടൊപ്പം അനുവാചക ഹൃദയങ്ങളിൽ അദ്ദേഹം പ്രകാശിച്ചു നിൽക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക