വാറ്റ് വേട്ട; വാർത്ത വ്യാജമല്ല. ദ്വീപ് മലയാളിക്കെതിരെയുള്ള കുപ്രചരണം അവസാനിപ്പിക്കുക.

1
1110

ആന്ത്രോത്ത്: ചാരായം വാറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആന്ത്രോത്ത് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.ഷൗക്കത്തിന്റെ നേതൃത്വത്തിൽ മൂന്ന് പെർമിറ്റ് ഹോൾഡേഴ്സിനെ അറസ്റ്റ് ചെയ്തത് ദ്വീപ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത വ്യാജമാണെന്ന് ആന്ത്രോത്ത് ദ്വീപ് മുൻ ചെയർപേഴ്സൺ കൂടിയായ ശ്രീ.അൽത്താഫ് ഹുസൈൻ വ്യാപകമായി പ്രചരണം നടത്തിയതിനെ തുടർന്നാണ് ഇങ്ങിനെ ഒരു റിപ്പോർട്ട് നൽകുന്നത്. ആന്ത്രോത്തിൽ ചാരായം വാറ്റിയ മൂന്ന് പേർ അറസ്റ്റിലായി എന്ന വാർത്ത ഞങ്ങളെ അറിയിച്ചത് ആന്ത്രോത്ത് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അറസ്റ്റിലായവരുടെ പേര് സഹിതമാണ് ഞങ്ങൾ റിപ്പോർട്ട് നൽകിയത്. Cr.No.09/2018 എന്ന നമ്പറിലാണ് എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സത്യം ഇതായിരിക്കെ ആന്ത്രോത്ത് ദ്വീപിലെ മുൻ ചെയർപേഴ്സൺ കൂടിയായ അൽത്താഫ് ഹുസൈൻ സാമൂഹിക മാധ്യമങ്ങളിൽ ഇങ്ങനെ ഒരു പ്രചരണം നടത്തുന്നതിന് മുമ്പ് ചുരുങ്ങിയത് ആന്ത്രോത്ത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഇൻ ചാർജ്ജുമായി ഒന്ന് ബന്ധപ്പെടണമായിരുന്നു.

ദ്വീപ് മലയാളിയിൽ വരുന്ന പല വാർത്തകളും വ്യാജമാണെന്ന് കൂടി അദ്ദേഹം പറഞ്ഞു വെച്ചു.

www.dweepmalayali.com

ഞങ്ങൾ ഒന്ന് പറയാം. 2018 മാർച്ച് മുതൽ കഴിഞ്ഞ ഏഴ് മാസമായി ലക്ഷദ്വീപിലെ വാർത്താ രംഗത്ത് ഞങ്ങളുടെ സജീവമായ സാന്നിധ്യമുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കേണ്ട ഒരു ആവശ്യവും ഞങ്ങൾക്കില്ല. അങ്ങനെ ഒരു വീഴ്ച ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായതായി ആരും ഇതുവരെ പറഞ്ഞിട്ടുമില്ല. വ്യാജവാർത്തകൾ കൊടുക്കാറില്ല എന്ന് മാത്രമല്ല, ആരെയെങ്കിലും വ്യക്തിപരമായി വേതനിപ്പിക്കുന്ന വാർത്തകൾ പരമാവധി ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഏഴ് മാസത്തിനിടെ ഞങ്ങൾ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെയും പേരിൽ ഞങ്ങൾക്ക് ഖേദപ്രകടനം നടത്തേണ്ടി വന്നിട്ടില്ല. ഒരൊറ്റ വാർത്ത മാത്രം സൈറ്റിൽ നിന്നും നീക്കേണ്ടി വന്നിട്ടുണ്ട്. അത്, ഒരു വിദ്യാർത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് ഞങ്ങൾ കൊടുത്ത വാർത്തയാണ്. അത് വാർത്തയായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ, അത് ആ കുടുംബത്തിന് വ്യഷമമുണ്ടാക്കും എന്ന് അവരുമായി ബന്ധപ്പെട്ട ഞങ്ങളുടെ ഒരു സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തത്. മറിച്ച് ആ വാർത്ത വ്യാജമായത് കൊണ്ടല്ല.

ഓരോ സംഭവങ്ങളും അതാത് സ്ഥലങ്ങളിൽ നേരിട്ടെത്തിയോ, അല്ലെങ്കിൽ സംഭവവുമായി ബന്ധപ്പെട്ടവെ ഫോണിൽ ബന്ധപ്പെട്ടോ പരമാവധി വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമാണ് ഞങ്ങൾ വാർത്തയാക്കാറുള്ളത്. ഓരോ വാർത്തയും എഴുതിയതിന് ശേഷം, രണ്ടോ മൂന്നോ തവണ പ്രൂഫ് റീഡിംഗ് നടത്തി അക്ഷരതെറ്റുകൾ പോലും ഇല്ല എന്ന് പരമാവധി ഉറപ്പു വരുത്തിയ ശേഷമേ ഞങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുള്ളൂ. അതേസമയം, ഞങ്ങൾക്ക് തെറ്റു സംഭവിക്കില്ല എന്ന അഹങ്കാരം അശേഷം ഇല്ല. മനുഷ്യന്മാരാണ്. തെറ്റുകൾ സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ, അത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ, തീർച്ചയായും ഞങ്ങളെ അറിയിക്കുക. തിരുത്തേണ്ടത് തിരുത്താൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. മറിച്ച്, ദ്വീപ് മലയാളിയിൽ വരുന്ന പല വാർത്തകളും വ്യാജമാണെന്ന് പറയുന്നത് നല്ല ഏർപ്പാടല്ല.

അൽത്താഫ് ഹുസൈൻ ഫൈസ്ബുക്കിൽ ഇട്ട പോസ്റ്റിനു കീഴിൽ കമന്റ് ചെയ്ത പലരും ദ്വീപ് മലയാളിയെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിക്കെട്ടുന്ന തരത്തിലുള്ള കമന്റുകൾ ഇട്ടത് ശ്രദ്ധയിൽ പെട്ടു. ഇങ്ങനെ ഒരു പ്രചരണം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ ആദ്യമേ തന്നെ വഖഫ് ബോർഡ് ചെയർമാൻ ബഹു: യു.സി.കെ തങ്ങൾ ഉൾപ്പെടെയുള്ള പല മുതിർന്ന നേതാക്കളുടെയും ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. അന്ന് അദ്ദേഹം ഉൾപ്പെടെ എല്ലാവരും പറഞ്ഞത്, “അത്തരം പ്രചരണങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതില്ല. പറയുന്നവർ എന്തും പറയട്ടെ, നിങ്ങൾ സധൈര്യമായി മുന്നോട്ട് പോവുക” എന്നാണ്. അതുകൊണ്ട് തന്നെ, ദ്വീപ് മലയാളിയെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിക്കെട്ടി പ്രചരണം നടത്താൻ ശ്രമിക്കുവർ മറുപടി അർഹിക്കുന്നില്ല.

ദ്വീപ് മലയാളിക്ക് രാഷ്ട്രീയമായി ആരോടും വിധേയത്വമില്ല, ആരോടും വിരോധവുമില്ല.

ലക്ഷദ്വീപിന്റെ ആരും അറിയാതെ പോകുന്ന സ്പന്ദനങ്ങൾ ലോകത്തെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അത് ഞങ്ങൾ ശക്തമായി തുടരും.

കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
-എഡിറ്റർ
ദ്വീപ് മലയാളി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

  1. അഭിമാനം തോന്നുന്നു…. ഇതുപോലെ രാഷ്ട്രീയത്തിനും പ്രസ്ഥാനങ്ങൾക്കും പിടിച്ചുകെട്ടാൻ പറ്റാത്ത, അവർക്കു മുമ്പിൽ ആത്മാഭിമാനം അടിയറവുവെക്കാത്ത, അനീതികളോട് തീർപ്പുകളാവാതെ നീതിയുടെ തീർപ്പുകളാവുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരെയുമാണ് നമ്മുടെ നാടിനാവിശ്യം. ദ്വീപ് മലയാളിയുടെ പിന്നിൽ ആരൊക്കെ പ്രവർത്തിക്കുന്നുവോ അവർക്കെല്ലാവർക്കും ഇനിയും ഇതുപോലെ നിസ്സീമമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ സാധിക്കട്ടെ…. മുന്നോട്ടുള്ള വഴികളിൽ എല്ലാവിധ ആശംസകളും….

LEAVE A REPLY

Please enter your comment!
Please enter your name here