ആന്ത്രോത്ത്: ആധുനികതയുടെ വേലിയേറ്റത്തിൽ ലോകം മുഴുവൻ അധാർമികതയുടെ വക്താക്കളായി മാറുന്ന പുതിയ ലോകത്ത് മുത്ത് നബി (സ) യാണ് വിശ്വാസിയുടെ മാതൃകയെന്ന് സയ്യിദ് കെ.എസ്.കെ തങ്ങൾ അൽ ഹൈദ്രൂസി. ലക്ഷദ്വീപിന്റെ സാംസ്കാരിക തലസ്ഥാനമായ ആന്ത്രോത്ത് ദ്വീപിലെ പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെയും(ജെ.എച്ച്.എസ് .ഐ) മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മീലാദാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിമായി ജനിച്ചു എന്നതാണ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ഭാഗ്യം. യഥാർത്ഥ വിശ്വാസിയായി നമുക്ക് മരിക്കുകയും വേണം. അതിന് പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളെ നമ്മുടെ ജീവിതത്തിൽ മാതൃകയായി സ്വീകരിക്കണം. പ്രവാചക സ്നേഹം പൂർണ്ണമാവുന്നത് അവിടുത്തെ ചര്യകൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോഴാണ്. നമ്മുടെ മനസ്സ് ശുദ്ധിയാക്കുകയും നാവിനെ സൂക്ഷിക്കുകയും ചെയ്യുക. വിശ്വാസികൾ തമ്മിൽ ഐക്യപ്പെടുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുക. ഈ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും മഹ്ളറത്തുൽ ബദ്’രിയ്യ ഒരു പരിഹാരമാവുമെന്ന് പറഞ്ഞ തങ്ങൾ, കാന്തപുരം ഉസ്താദിന്റെ സമ്മതത്തോടെ ആന്ത്രോത്തിലെ സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്രസകൾ കേന്ദ്രീകരിച്ച് മഹ്ളറത്തുൽ ബദ്’രിയ്യ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. നാല് മദ്രസകൾ കേന്ദ്രീകരിച്ച് നടക്കുന്ന മഹ്ളറത്തുൽ ബദ്’രിയ്യ മജ്ലിസുകൾ ഓരോ മാസവും ഓരോ മദ്രസകളിൽ വെച്ച് നടത്തപ്പെടും. 

ഹാഫിള് യഹിയ സുഹ്’രിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിൽ ജെ.എച്ച്.എസ്.ഐ അധ്യക്ഷൻ പി.സയ്യിദ് മുഹമ്മദ് ഫസൽ പൂക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ആന്ത്രോത്ത് മീലാദ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.പി.പൂക്കുഞ്ഞിക്കോയയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ആന്ത്രോത്ത് ദ്വീപ് ഖാളി സയ്യിദ് മുഹമ്മദ് മുസ്തഫ സഖാഫി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് സഖാഫി ശൂറാ വൈസ് ചെയർമാനും ജെ.എച്ച്.എസ്.ഐ ജോയിന്റ് സെക്രട്ടറിയുമായ അബ്ദുൽ ഹക്കീം സഖാഫി ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. നമ്മുടെ ദീനീ പ്രവർത്തനങ്ങളിലെ ആവേശം, ആദർശത്തിൽ നിന്നും നമ്മെ അകറ്റരുതെന്നും, “ഒരു മുസ്ലിമിന്റെ നാവിൽ നിന്നും കയ്യിൽ നിന്നും മറ്റു വിശ്വാസകൾ പൂർണ്ണമായി രക്ഷപ്പെടുന്നത് വരെ ഒരാളും യഥാർത്ഥ വിശ്വാസിയാവുന്നില്ല” എന്ന തിരുവചനം നമ്മൾ ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം പറഞ്ഞു. 

മദ്രസാടിസ്ഥാനത്തിൽ നടത്തിയ കലാപരിപാടികളിൽ ഒന്നാം സ്ഥാനം നേടിയ മേച്ചേരി മഗ്നമുൽ ജവാഹിർ മദ്രസക്കും, രണ്ടാം സ്ഥാനം നേടിയ ഇടച്ചേരി തഖ്’വിയ്യത്തുൽ മുസ്ലിമീൻ മദ്രസക്കും സയ്യിദ് കെ.എസ്.കെ തങ്ങൾ ട്രോഫികൾ സമ്മാനിച്ചു. ജെ.എച്ച്.എസ്.ഐ വൈസ് പ്രസിഡന്റ് അബൂ സഈദുൽ മുബാറക് ഇർഫാനി, സയ്യിദ് സൈഫുദ്ദീൻ സഖാഫി, ജെ.ഡി.എസ് അറബിക് കോളേജ് പ്രിൻസിപ്പാൾ സി.പി നൂറുൽ അമീൻ ഇർഫാനി, മീലാദ് കോ-ഓർഡിനേഷൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി എൻ.പി.മുഹമ്മദ് ഖലീൽ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പി ഖാസിം മാസ്റ്റർ സ്വാഗതവും മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് കമാലുദ്ധീൻ തങ്ങൾ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക