കവരത്തി: വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകളിൽ നിയമനം നടത്തുക, ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിവിധ ദ്വീപുകളിൽ മുഴുവൻ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായും വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വേറെയും സമരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ലക്ഷദ്വീപ് ഭരണകൂടം. വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ നൽകാൻ എല്ലാ ദ്വീപുകളിലേയും പ്രിൻസിപ്പൽമാരോടും ബിത്രയിലെ പ്രധാനാധ്യാപകനോടും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ഇറക്കിയ ഉത്തരവിന് വൈകുന്നേരം ആറു മണിക്ക് മുൻപായി മറുപടി നൽകണം എന്നാണ് അറിയിച്ചിരിക്കുന്നത്. പഠിപ്പു മുടക്കിയുള്ള സമരങ്ങൾ അച്ചടക്ക ലംഘനമാണെന്നും അതിനെ അധികൃതർ ഗൗരവമായി കാണണം എന്നും ഉത്തരവിൽ പറയുന്നു.

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ മുഴുവൻ നടപടിയുടെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ലക്ഷദ്വീപ് ഭരണകൂടം ഇപ്പോൾ പ്രയോഗിക്കുന്നത്. അതിന്റെ ഭാഗമായാണ് സമരം ചെയ്തതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ എം.പിയടക്കമുള്ള ആളുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.
ലക്ഷദ്വീപിലെ വിദ്യാർത്ഥി സമരങ്ങളുടെ ചരിത്രം വിപ്ലവ സമ്പന്നമാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നെറികെട്ട നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടാവുമെന്ന് ഉറപ്പാണ്. വിവാദ ഉത്തരവ് ഇറക്കിയതിലൂടെ വിദ്യാർത്ഥികളുടെ മറ്റൊരു സമര മുന്നേറ്റത്തിനാവും ഇനി ലക്ഷദ്വീപ് സാക്ഷിയാവുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക