പതിനേഴ് വർഷം പിന്നിടുമ്പോഴും അണയാത്ത ജ്വാലയായി ആ ഓർമ്മകൾ

0
706

തിനേഴ് വർഷം മുൻപ് ഇതേ ദിവസമാണ് കൊറിയയിലെ സിയോളിൽ നിന്നും ആ ഞെട്ടിക്കുന്ന വാർത്ത നമ്മളിലേക്ക് എത്തുന്നത്.
ദ്വീപു ജനതയുടെ മനസ്സുകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന മർഹൂം സഈദ് സാഹിബിന്റെ മരണവാർത്ത യായിരുന്നു അത്. ലക്ഷദ്വീപിന്റെ ചരിത്രവും വർത്തമാനവും എല്ലാം ഗതി നിർണ്ണയിച്ചിരുന്നത് ആ പടന്നാതക്കാരനിലൂടെയായിരുന്നു.

സഈദ് സാഹിബ് നമ്മെ വിട്ടു പിരിഞ്ഞു പതിനേഴ് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ ഏടുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണിവിടെ.

ലക്ഷദ്വീപിന്റെ അഭിമാനമായി ദേശീയ രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ തിളങ്ങിയ ആ കർമ്മയോഗി 1941 മേയ് 10-ന് ആന്ത്രോത്ത് ദ്വീപിലെ പടന്നാത തറവാട്ടിൽ ജനിച്ചു. പടന്നാത മുഹമ്മദ് സഈദ് എന്ന പി.എം സഈദ് ദ്വീപുകാരുടെ സ്വന്തം സഈദ് സാഹിബായി ഇന്നും അവരുടെ മനതലങ്ങളിൽ ജ്വലിച്ച് നിൽക്കുന്നു.

www.dweepmalayali.com

രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 1967-ൽ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലം രൂപീകരിക്കുന്നതോടെയാണ്. കന്നിയങ്കത്തിൽ തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലാവുന്ന പാർലമെന്റിലേക്ക് തന്റെ 26-ആം വയസ്സിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നാലാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അവിടുന്നങ്ങോട്ട് പത്ത് തവണ തുർച്ചയായി ലോകസഭാംഗമായി. 1979-80 ലെ ചരൺസിംഗ് സർക്കാരിൽ അദ്ദേഹം ആദ്യമായി കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് കൽക്കരി, സ്റ്റീൽ മൈനിംഗ് വകുപ്പുകളുടെ ചുമതല വഹിച്ചു. പിന്നീട് 1993-95 നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും 1995-96 കാലഘട്ടത്തിൽ കേന്ദ്ര വിവര പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1998 മുതൽ 2004 വരെ എ.ബി.വാജ്പേയി പ്രധാന മന്ത്രിയായിരിക്കെ പി.എം സഈദ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.

1967 മുതൽ 2004 വരെ ലോകസഭയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച അദ്ദേഹം 2004-ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പരാജയപ്പെടുന്നത്. അന്ന് ജനതാദൾ (യു) നേതാവ് ഡോ.പി.പി.കോയയോട് വെറും 71 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യ തലസ്ഥാനമായ ഡൽഹിയെ പ്രതിനിധീകരിച്ച് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2005 ഡിസംബർ 18-ന് കൊറിയയിലെ സിയോളിൽ വെച്ച് മരണപ്പെടുന്നത് വരെ അദ്ദേഹം കാബിനറ്റ് പദവിയോടെ കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രിയായിരുന്നു.

www.dweepmalayali.com

നീണ്ട 38 വർഷം പാർലമെന്റിന്റെ ഇരുസഭകളിലും ലക്ഷദ്വീപിന്റെ ശബ്ദമായിരുന്ന അദ്ദേഹം രാജ്യത്തിന് മുന്നിൽ ദ്വീപുകാരുടെ യശസ്സുയർത്തി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പ്രതിഭാ പാട്ടീലിന് ശേഷം രാജ്യത്തിന്റെ രാഷ്ട്രപതി പദവിയിലേക്ക് പരിഗണിക്കപ്പെടാൻ ഏറെ സാധ്യതയുള്ള നേതാവായിരുന്നു.
അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വിയോഗം ആ പ്രതീക്ഷകൾ അസ്ഥാനത്താക്കി. 2005 ഡിസംബർ 18-ന് സിയോളിൽ വെച്ച് മരണപ്പെട്ട അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജന്മനാടായ ആന്ത്രോത്ത് ദ്വീപിൽ ഖബറടക്കം ചെയ്യപ്പെട്ടു. ആ സ്മരണകൾക്ക് മുന്നിൽ ദ്വീപ് മലയാളിയുടെ ഓർമ്മപ്പൂക്കൾ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here