ന്യൂഡൽഹി: പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ഹംദുള്ള സഈദ് തന്നെ മത്സരിക്കും. ഹംദുവിന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് ഹൈക്കമാന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹംദുവിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്ത് കൊണ്ട് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം ഹൈക്കമാൻഡിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പുറത്ത് വിട്ട ആദ്യത്തെ നാല് പട്ടികയിലും ലക്ഷദ്വീപിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെ ഹംദുള്ള സഈദിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ നിന്നും ഡൽഹിയിലെത്തി ഹൈക്കമാന്റ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട അഞ്ചാമത് സ്ഥാനാർത്ഥി പട്ടികയിലാണ് ലക്ഷദ്വീപ് ഉൾപ്പെടുത്തിയിരിക്കുന്നത്. www.dweepmalayali.com
ലക്ഷദ്വീപിലെ രാഷ്ട്രീയ അതികായനും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന പി.എം.സഈദ് സാഹിബിന്റെ നിര്യാണത്തെ തുടർന്ന് 2009-ൽ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്ന ഹംദുള്ള സഈദ് നിലവിൽ ലക്ഷദ്വീപ് കോൺഗ്രസിന്റെ അദ്ധ്യക്ഷനാണ്. വെറും മുപ്പത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം ലക്ഷദ്വീപ് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാർട്ടി പ്രസിഡന്റ് കൂടിയാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ലക്ഷദ്വീപിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. www.dweepmalayali.com
പാർട്ടി അദ്ധ്യക്ഷ പദവി വഹിക്കുന്നതിനാൻ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കില്ല എന്ന് പലരും നേരത്തെ പ്രചരിപ്പിച്ചിരുന്നു. എൽ.ടി.സി.സി ഐക്ക്യണ്ഠമായി അദ്ദേഹത്തെ മത്സര രംഗത്തേക്ക് നിർദേശിച്ചതിലൂടെ അത്തരം ഊഹാപോഹങ്ങൾ അവസാനിക്കുകയായിരുന്നു. കോൺഗ്രസിന് ഏറെ നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് 2019-ൽ നടക്കുന്നത്. അതുകൊണ്ട് തന്നെ, ഹംദുവിനെ മാറ്റി മറ്റൊരാളെ പരീക്ഷുന്നതിനോട് ഹൈക്കമാൻഡിനും താൽപര്യമുണ്ടായിരുന്നില്ല. ദീർഘ കാലം കോൺഗ്രസിന്റെ അതികായകനായിരുന്ന സഈദ് സാഹിബിന്റെ മകൻ എന്നതും ലക്ഷദ്വീപിലെ പാർട്ടി ഘടകം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതും ഹൈക്കമാന്റിന് മുന്നിൽ തീരുമാനം എടുക്കുന്നതിന് എളുപ്പമായി.www.dweepmalayali.com
2004-ൽ പി.എം സഈദിന് നഷ്ടമായ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലം തിരിച്ചു പിടിച്ചു കൊണ്ടാണ് ഹംദുള്ള സഈദ് 2009-ൽ രാഷ്ട്രീയ രംഗപ്രവേശനം നടത്തിയത്. പി.എം.സഈദിന്റെ വിയോഗത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ഹംദുവിലൂടെ കോൺഗ്രസ് പാർട്ടിക്ക് നേടാനായത്. എന്നാൽ 2014-ൽ എൻ.സി.പി യുടെ മുഹമ്മദ് ഫൈസലിനോട് അദ്ദേഹം പരാജയപ്പെട്ടു. അതിനു ശേഷം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി എൽ.ടി.സി.സി അദ്ധ്യക്ഷനായി ഹൈക്കമാൻഡ് അദ്ദേഹത്തെ നിയോഗിച്ചു. 2017-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഉന്നത വിജയത്തിലെത്തിച്ചതിലൂടെ പാർട്ടി അദ്ദേഹത്തിൽ ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുവാൻ അദ്ദേഹത്തിനായി. ഈ സാഹചര്യത്തിലാണ് പാർട്ടി അദ്ദേഹത്തിന് വീണ്ടും അവസരം നൽകുന്നത്.
ഇന്നലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നതോട് കൂടി ഇനി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തിരക്കുകളിലാണ് ഓരോ പാർട്ടികളും. ഈ മാസം 25 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 26-ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയും, 27-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക