കൊച്ചി: കേന്ദ്ര സർക്കാർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചു. ഗ്രീൻ, ഓറഞ്ച് (എ), ഓറഞ്ച് (ബി), റെഡ് എന്നിങ്ങനെ നാല് മേഖലകളായി തരംതിരിച്ചു കൊണ്ടാണ് ഇളവുകൾ അനുവദിക്കുന്നത്. ദ്വീപുകാർ ഏറെ എത്തുന്ന കോഴിക്കോട് ജില്ല ഏറ്റവും അപകടകരമായ ‘റെഡ്’ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയാകട്ടെ അതിന് തൊട്ടുതഴെയുള്ള ഓറഞ്ച്(എ) വിഭാഗത്തിലാണ്. ചെവ്വാഴ്ച മുതൽ ഗ്രീൻ, ഓറഞ്ച്(ബി) മേഖലയിൽ ഇളവുകൾ നൽകും. പൊതു ഗതാഗത സംവിധാനങ്ങൾക്കും ജില്ല വിട്ടുള്ള യാത്രകൾക്കുമാണ് ഇവിടങ്ങളിൽ ഇനി നിയന്ത്രണങ്ങൾ ഉണ്ടാവുക. ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ കേരളം മെല്ലെ ചലിച്ചു തടങ്ങുകയാണ്. സ്വയം സത്യവാങ്മൂലം ഉൾപ്പെടെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ നീങ്ങും. അടുത്ത വെള്ളിയാഴ്ച(ഏപ്രിൽ 24) മുതൽ നിലവിൽ ഏറ്റവും കൂടുതൽ ദ്വീപുകാർ കുടുങ്ങിക്കിടക്കുന്ന കൊച്ചിയിലും ഈ ഇളവുകൾ ലഭിക്കും. ഇതോടെ നിലവിൽ വീടുകളിലും ലോഡ്ജുകളിലുമായി ഒതുങ്ങിക്കഴിയുന്ന ദ്വീപുകാരായ ആളുകൾ പൊതുസ്ഥലങ്ങളിലും മറ്റും സജീവമാകുന്ന അവസ്ഥയുണ്ടാകും.

കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിലവിൽ താമസിക്കുന്ന ആളുകൾ തീർത്തും സുരക്ഷിതരാണ്. ലോകാരോഗ്യ സംഘടന നിർദേശിച്ച ‘ക്വാറന്റൈൻ’ കാലാവധി പൂർത്തിയാക്കിയ ശേഷവും ഗസ്റ്റ് ഹൗസിന്റെ ഗൈറ്റ് വിട്ട് പുറത്തിങ്ങാതെ ഇന്നോ നാളെയോ നാട്ടിലേക്ക് കപ്പൽ പ്രോഗ്രാം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ കഴിയുന്നവരാണ് ഗസ്റ്റ് ഹൗസിൽ ഉള്ളത്. മുതിർന്ന നെഴ്സിങ്ങ് ഓഫീസർ ആന്ത്രോത്ത് ദ്വീപ് സ്വദേശി കെ.സി ആസിഫിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ പഴുതടച്ച ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പനമ്പിള്ളിയിലെ ക്വാർട്ടേഴ്സിലും മറ്റ് ലോഡ്ജുകളിലും താമസിക്കുന്നവർ എല്ലാം തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വീടുകളിൽ തന്നെ കഴിയുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ ഭാഗികമായെങ്കിലും നീങ്ങുന്നതോടെ പല ആവശ്യങ്ങൾക്കായി ഇവർ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ടാവും. എത്രയും പെട്ടെന്ന് കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിന് മുമ്പ് കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന രോഗികൾ ഉൾപ്പെടെയുള്ള ദ്വീപുകാരെ നാടുകളിൽ എത്തിച്ചില്ലെങ്കിൽ പിന്നീട് കൂടുതൽ ആശങ്കപ്പെടേണ്ട അവസ്ഥയുണ്ടാകും. മെയ് മാസം സർവ്വകലാശാല പരീക്ഷകൾ പുനരാരംഭിക്കാൻ കേരള സർക്കാരിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. പരീക്ഷ അടുക്കുന്നതോടെ ‘റെഡ്’ വിഭാഗത്തിൽ പെടുന്ന ജില്ലകളിൽ നിന്ന് വരെ വിദ്യാർഥികൾ മറ്റു ജില്ലകളിൽ എത്തുന്ന അവസ്ഥയുണ്ടാകും. വൻകരയിൽ കുടുങ്ങിയ ദ്വീപുകാരെ അവിടെത്തന്നെ തങ്ങാൻ നിർബ്ബന്ധിക്കുമ്പോഴും കൊവിഡ്19 ഏറ്റവും കൂടുതൽ കേരളത്തിൽ എത്തിച്ച ഗൾഫ് മലയാളികളെ നാട്ടിൽ എത്തിക്കാൻ കേരള സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഗൾഫ് നാടുകളിൽ നിന്നും എത്ര ആളുകൾ എത്തിയാലും അവരെ ക്വാറന്റൈൻ ചെയ്യാനും നിരീക്ഷണത്തിനും വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്ന നടപടികൾ കേരളത്തിൽ പുരോഗമിക്കുകയാണ്. ഇതേ ക്രമീകരണങ്ങൾ നടത്തി ദ്വീപുകാരെ നേരത്തെ തന്നെ നാട്ടിൽ എത്തിക്കാമായിരുന്നെങ്കിലും ലക്ഷദ്വീപ് ഭരണകൂടം അതിന് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കവരത്തിയിൽ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ വൻകരയിൽ കുടുങ്ങിയ ദ്വീപുകാരുടെ കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അത് ചർച്ചയ്ക്കു പോലും എടുക്കാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥർ കൂട്ടത്തോടെ എതിർത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. ഏതായാലും കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ മെയ് മൂന്നിന് ശേഷം ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ കേരളത്തിൽ എത്തി തുടങ്ങും. അതോടെ കേരളത്തിൽ കൂടുതൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
ചികിത്സാ ആവശ്യങ്ങൾക്കും മറ്റുമായി വൻകരയിൽ എത്തിയ ആളുകളെ എല്ലാ കാലത്തേക്കും അവിടെ തുടരാൻ നിർബന്ധിക്കുന്നത് പ്രായോഗികമല്ല. എന്തായാലും ഇന്നല്ലെങ്കിൽ നാളെ അവരെ അവരുടെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവേണ്ടി വരും. അതിന് പറ്റിയ അവസരം ഇതാണ്. വരാനിരിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിലേക്ക് വരാൻ ഉദ്ദേശിക്കുന്ന ദ്വീപുകാരെ ഇനിയും കേരളത്തിൽ തുടരാൻ നിർബന്ധിക്കുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക