മിനിക്കോയ്: ഇരു വൃക്കകളും തകരാറിലായി അത്യാസന്ന നിലയിൽ മിനിക്കോയ് ദ്വീപിൽ നിന്നും കയറ്റിയ ഡയാലിസിസ് രോഗി അലി മഹനുകൊളുഗെ (72) കപ്പലിൽ വെച്ച് മരണപ്പെട്ടു. മിനിക്കോയ് ദ്വീപിൽ നിന്നും ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കപ്പൽ പുറപ്പെട്ടത്. ദീർഘ ദൂരം ഓടിയ ശേഷം രാത്രി 8 മണിക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം കപ്പലിലെ ഡോക്ടർ സ്ഥിരീകരിച്ചത്. തുടർന്ന് കവരത്തി പോർട്ട് അധികൃതരുമായി ബന്ധപ്പെട്ട് കപ്പൽ തിരിച്ച് മിനിക്കോയ് ദ്വീപിലേക്ക് തന്നെ ഓടാനുള്ള അനുവാദത്തിനായി ആവശ്യപ്പെടുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് കപ്പൽ തിരിച്ച് മിനിക്കോയ് ദ്വീപിലേക്ക് പോകാനുള്ള അനുമതി നൽകിയത്. തുടർന്ന് മിനിക്കോയ് ദ്വീപിലേക്ക് മടങ്ങിയ കപ്പൽ മൂന്ന് മണിയോടെ മിനിക്കോയ് ദ്വീപിൽ എത്തി. മൃതദേഹം അവിടെ ഇറക്കിയ ശേഷം ഇപ്പോൾ കൊച്ചിയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷമാവും അറേബ്യൻ സീ കപ്പൽ കൊച്ചിയിൽ എത്തുക.

കപ്പലിലെ ഹോസ്പിറ്റലിൽ വെച്ച് തന്നെ മരണപ്പെട്ടതിനാൽ ഹോസ്പിറ്റലിൽ രോഗാണു നശീകരണം ഉൾപ്പെടെ കഴിഞ്ഞതിന് ശേഷമാവും കപ്പൽ വീണ്ടും പുറപ്പെടുക. നാളെ കൊച്ചിയിൽ നിന്നും കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളിലേക്ക് പുറപ്പെടുന്ന ഇതേ കപ്പലിന്റെ ടിക്കറ്റ് കൊടുത്തു കഴിഞ്ഞതിനാൽ കപ്പൽ കൊച്ചിയിൽ ഇന്ന് രാത്രി വൈകി എത്തിയാലും നാളെ തന്നെ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക