ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കണം; കേന്ദ്രസർക്കാർ വിജ്ഞാപനം

0
423

ന്യൂഡൽഹി: ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തു. 1960ലെ ‘രജിസ്‌ട്രേഷൻ ഓഫ്‌ ഇലക്‌ടേഴ്‌സ്‌ റൂൾസ്‌ ’ ഭേദഗതി ചെയ്‌താണ്‌ നടപടി. 26ബി വകുപ്പ്‌ പുതിയതായി ഉൾപ്പെടുത്തി. ഇതനുസരിച്ച്‌ നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവർക്ക്‌ ആധാർ വിവരങ്ങൾ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക്‌ കൈമാറാം. ‘6ബി ഫോം’ പൂരിപ്പിച്ചാണ്‌ വിവരം കൈമാറേണ്ടത്‌. ഒരാൾ ഒന്നിലധികം വോട്ട്‌ ചെയ്യുന്നതു തടയാൻ ഇത്‌ സഹായകമാകുമെന്നാണ്‌ സർക്കാരിന്റെ അവകാശവാദം.
“ഭാര്യ’ വേണ്ട “ജീവിതപങ്കാളി’ മതി
ആധാർ–-വോട്ടർപ്പട്ടിക ബന്ധിപ്പക്കലിന്‌ പുറമെ മറ്റ്‌ മൂന്ന്‌ ഭേദഗതി കൂടി സർക്കാർ പുറപ്പെടുവിച്ചു. ജനുവരി ഒന്ന്‌, എപ്രിൽ ഒന്ന്‌, ജൂലൈ ഒന്ന്‌, ഒക്ടോബർ ഒന്ന്‌ തീയതികളിൽ 18 വയസ്സ്‌ തികയുന്നവർക്ക്‌ വോട്ടർ രജിസ്‌ട്രേഷന്‌ അപേക്ഷിക്കാമെന്നതാണ്‌ ഒരു ഭേദഗതി. രേഖകളിൽ ‘ഭാര്യ’ എന്ന വാക്കിനു പകരം ‘ജീവിതപങ്കാളി’എന്ന വാക്ക്‌ ഉപയോഗിക്കാമെന്നതാണ്‌ രണ്ടാമത്തേത്‌. തെരഞ്ഞെടുപ്പുസാമഗ്രികൾ സൂക്ഷിക്കൽ, സുരക്ഷാസേനയുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും താമസം തുടങ്ങിയ കാര്യങ്ങളിൽ തെരഞ്ഞെടുപ്പു കമീഷന്‌ കൂടുതൽ അധികാരം നൽകുന്നതാണ്‌ മൂന്നാം ഭേദഗതി.
അതേസമയം ആധാറിനെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള പുതിയ ഭേദഗതിയിലൂടെ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക്‌ വോട്ടർമാരുടെ ആധാർവിവരങ്ങൾ തേടാനുള്ള സാങ്കേതിക അനുമതി നൽകിയിരിക്കുകയാണെന്ന്‌ നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.
വോട്ടർപ്പട്ടികയിലെ പേരുകളുടെ ആധികാരികത വ്യക്തമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ വോട്ടർമാരുടെ ആധാർവിവരങ്ങൾ തേടാൻ കഴിയുമെന്നും ഇവർ വ്യക്തമാക്കി. ആധാറിനെ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്‌ എതിരെ പൊതുസമൂഹത്തിൽ വലിയഎതിർപ്പ്‌ നിലനിൽക്കുന്നുണ്ട്‌. പുട്ടസ്വാമി കേസിലെ സുപ്രീംകോടതിവിധിക്ക്‌ എതിരായ നടപടിയാണിതെന്നാണ്‌ പ്രധാനവിമർശം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here