രിഫാഇയ്യത്തിൽ ജീവിച്ചു. ആയിരക്കണക്കിന് മുരീദുകളെ ആത്മീയ വഴിയിൽ നയിച്ചു. ആറ്റാപ്പയുടെ വിയോഗത്തിന് ഒരാണ്ട് പിന്നിടുന്നു.

0
554

രിഫാഈ റാത്തീബ് സജീവമാക്കുന്നതിന് വേണ്ടി തന്റെ ആയുസ്സ് മുഴുവൻ സമർപ്പിച്ച ആയിരങ്ങളുടെ ആത്മീയ ഗുരു ആന്ത്രോത്ത് ശൈഖിന്റെ വീട് തറവാട്ടിലെ കാരണവരും രിഫാഈ റാത്തീബിന്റെ ദീർഘകാലത്തെ ഖലീഫയുമായിരുന്ന സയ്യിദ് അബൂസ്വാലിഹ് പൂക്കോയ തങ്ങൾ(ഖ.സ) വഫാത്തായിട്ട് ഒരാണ്ട് പിന്നിടുകയാണ്. ആന്ത്രോത്ത് ദ്വീപിന്റെ ആത്മീയമായ മുന്നേറ്റത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയ തങ്ങളുടെ റാത്തീബ് മജ്‌ലിസുകളിലേക്ക് ആയിരങ്ങളാണ് ആത്മീയ നിർവൃതി തേടി എത്താറുണ്ടായിരുന്നത്. പ്രവാചകരുടെ (സ്വ) അധ്യാപനങ്ങളിലെ കുട്ടികളോട് കരുണ കാണിക്കുക, മുതിർന്നവരെ ആദരിക്കുക തുടങ്ങിയ കൽപനകൾ ആറ്റാപ്പയുടെ ജീവിതത്തിൽ എപ്പോഴും പുലർത്തിയിരുന്നതായ നിരവധിയായ അനുഭവങ്ങൾ അവരുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ടാവും. ഏല്ലാവരോടും സ്നേഹത്തോടെയും കരുണയോടെയും ഇടപെട്ടിരുന്ന ആറ്റാപ്പ പക്ഷേ, ദീനീ വിഷയങ്ങളിൽ തന്റെ കർക്കശമായ നിലപാടുകളിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. നാട്ടിൽ അനൈക്യമുണ്ടാക്കാനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നപ്പോഴും സുന്നത്ത് ജമാഅത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ചേർത്തു നിർത്തുകയും, തന്റെ ജീവിതത്തിലുടനീളം ആ ഐക്യത്തിന്റെ മഹത്തായ വഴികൾ പ്രാവർത്തികമാക്കുകയും ചെയ്ത തങ്ങൾ ഉദാത്തമായ മാതൃകയാണ് ആന്ത്രോത്ത് ദ്വീപിന് സമ്മാനിച്ചത്.

Advertisement

ആന്ത്രോത്ത് ഹുജ്റാ പള്ളിയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായപ്പോൾ റാത്തീബ് സജീവമാക്കുന്നതിന് വേണ്ടി തങ്ങളറയോട് ചേർന്ന് റാത്തീബിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകിയ ആറ്റാപ്പ, തന്റെ ജീവിതത്തിന്റെ അവസാനം വരെ രിഫാഈ റാത്തീബിൽ സജീവമാവുകയും പരമ്പരാഗതമായി മശാഇഖുമാരിലൂടെ ലഭിച്ച റാത്തീബിൽ അണുമണി പോലും വിട്ടുവീഴ്ചയില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്തു. ആന്ത്രോത്ത് ദ്വിപിൽ പ്രതിസന്ധികൾ നേരിടുന്ന ഓരോ ഘട്ടത്തിലും ആറ്റാപ്പയുടെ ആത്മീയ നേതൃത്വവും, അവിടുത്തെ റാത്തീബും, പ്രാർത്ഥനയും നാടിന് ആശ്വാസം പകരുന്നതായിരുന്നു. ഏറ്റവും ഒടുവിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഘട്ടത്തിൽ നാട്ടിലെ രിഫാഈ, മുഹ്‌യുദ്ദീൻ റാത്തീബ് സംഘങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടി “വബാഇനെ നീക്കാൻ” നാടുനീളെ നടത്തിയ റാത്തീബ് ജനങ്ങളുടെ മനസ്സുകളെ തമ്മിൽ വല്ലാതെ അടുപ്പിക്കുകയും ആത്മീയമായ ഉൻമേഷം നൽകുകയും ചെയ്തു.

വാർധക്യസഹജമായ അസുഖങ്ങൾ ഉള്ളപ്പോഴും കഴിഞ്ഞ വർഷത്തെ ഹജ്ജ് പെരുന്നാളിന് വരെ റാത്തീബിന് നേതൃത്വം നൽകിയ ആറ്റാപ്പ തുടർന്നുള്ള ദിവസങ്ങളിലാണ് ആന്ത്രോത്ത് ദ്വീപിൽ നിന്ന് അവസാനമായി വൻകരയിലേക്ക് യാത്ര തിരിക്കുന്നത്. കൊച്ചി ലിസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത തങ്ങൾ അവിടെ വച്ച് തന്നെ അള്ളാഹുവിന്റെ റഹമത്തിലേക്ക് യാത്രയായി. തങ്ങളുടെ കരങ്ങളാൽ തന്നെ ശിലപാകിയ എറണാകുളം ഇടപ്പള്ളി പാടിവട്ടം മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിലാണ് തങ്ങളവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്. അള്ളാഹു അവിടുത്തെ ദറജകർ ഉയർത്തുകയും അവരുടെ ബറക്കത്ത് കൊണ്ട് നമ്മുടെ ഇരുലോക ജീവിതം ധന്യമാക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here