
കൊച്ചി: ഇന്ന് പുറപ്പെട്ട എം.വി ലഗൂൺസ്, അറേബ്യൻ സീ എന്നീ കപ്പലുകളിൽ കയറാനായി വില്ലിംഗ്ടൺ ഐലന്റിലെ സ്കാനിങ്ങ് സെന്ററിൽ എത്തിയ അൻപതോളം വിദ്യാർത്ഥികൾ വീണ്ടും നിരാശരായി മടങ്ങി. ഈ വിദ്യാർത്ഥികൾ ഇപ്പോൾ ഗാന്തി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് പുറമെ മുപ്പതോളം സാധാരണക്കാരും സംഘത്തിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണി വരെ സ്കാനിങ്ങ് സെന്ററിൽ ഇരുന്ന് നിരാശരായി മടങ്ങിയ വിദ്യാർത്ഥികൾ ഇന്ന് മടങ്ങിയ സംഘത്തിലും ഉണ്ട്.

കേരളത്തിലെ മുഴുവൻ ജില്ലകളിലും “റെഡ് അലേർട്ട് ” പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എല്ലാവരും കൂട്ടത്തോടെ സ്കാനിങ്ങ് സെന്ററിൽ എത്തിയത്. യാത്രക്കാരുടെ ബാഹുല്യം നേരിൽ കണ്ടിട്ടു പോലും കൊച്ചി ലക്ഷദ്വീപ് ഓഫീസിലെ തുറമുഖ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഒരു പരിഹാരവും നിർദേശിക്കാതെ കാറിൽ കയറി പോവുകയാണ് ചെയ്തത്.

കവരത്തി, അഗത്തി, കൽപ്പേനി എന്നീ ദ്വീപുകളിലേക്കാണ് പോവുന്നതിന് അടിയന്തിരമായി ഒരു അഡീഷണൽ പ്രോഗ്രാം അനുവദിക്കണം എന്നും, ടിക്കറ്റ് കൊടുക്കുമ്പോൾ ഇപ്പോൾ മടങ്ങിയ ആളുകൾക്ക് പ്രഥമ പരിഗണന നൽകണം എന്നും ആവശ്യപ്പെട്ട് കൊണ്ട് പോർട്ട് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

അനുകൂലമായ തീരുമാനം ഉണ്ടാവുന്നതിന് വിദ്യാർത്ഥി സംഘടനാ നേതാക്കളും, ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും അടിയന്തിരമായി ഇടപെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

യമനിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ രക്ഷിക്കുന്നതിന് വേണ്ടി പോയ നമ്മുടെ കപ്പലുകളിൽ അന്ന് ആയിരക്കണക്കിന് ആളുകളേയാണ് അന്താരാഷ്ട്ര ജലപാതകളിലൂടെ സഞ്ചരിക്കാൻ അനുവദിച്ചത്. ഇപ്പോൾ അതിലും വലിയ യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. എന്നിട്ടും ഒരാളെ പോലും അധികമായി കയറാൻ അനുവദിക്കില്ല എന്ന നിലപാടാണ് പോർട്ട് അധികൃതർ സ്വീകരിച്ചത്. ഇത് തികച്ചും പ്രതിഷേധാർഹമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക