കവരത്തി: പോലീസ് സി.ഐ സമീറിന്റെ ബൈക്കുകൾ കത്തിച്ച കേസിൽ പ്രതികൾ എന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്ത ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് കമ്മിറ്റി പ്രസിഡന്റ് സഖാവ് ഷറീഫ് ഖാൻ ഉൾപ്പെടെയുള്ളവരെ ലോക്കപ്പിൽ മർദ്ദിച്ചു എന്ന പരാതിയിൽ നീതിയുക്തമായ അന്വേഷണം നടത്താൻ ലക്ഷദ്വീപ് പോലീസ് സൂപ്രണ്ട് ഉത്തരവിട്ടു. ലക്ഷദ്വീപ് പോലീസ് ആസ്ഥാനത്തെ ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണത്തിന് നേതൃത്വം നൽകും. സി.പി.ഐ.എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് പി.പി.റഹീം ഈ മാസം 17-ന് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സി.പി.ഐ.എം ഉന്നയിച്ച ആരോപണങ്ങളിൽ നീതിയുക്തമായ അന്വേഷണം നടത്തി വസ്തുനിഷ്ഠമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി പോലീസ് സൂപ്രണ്ട് സഖാവ് റഹീമിന് അയച്ച മറുപടി കത്തിൽ പറയുന്നു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് തുടർ നടപടികൾ എടുക്കുമെന്ന് കത്തിൽ പറയുന്നു.
സമീറിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചിരുന്നു. ഒരാഴ്ചക്കുള്ളിൽ അനുകൂലമായ തീരുമാനം ഉണ്ടാവണമെന്നും, ഇല്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ കൂടി ഫലമായിട്ടാണ് അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക