കുന്നത്തേരി: മദ്രസ്സാ നൂറുൽ ഇർഫാൻ അറബിക് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനം സമാപിച്ചു. ഞായറാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം രാത്രി വൈകി വരെ നീണ്ടുനിന്നു. കേരളത്തിലെ സൂഫീ കവികളും ഗായകരും കൂട്ടത്തോടെ ഒത്തുചേർന്ന സമ്മേളനം മാപ്പിള കലാ ചരിത്രത്തിലെ പുത്തൻ ഏടായി മാറി. രാവിലെ നടന്ന ഉദ്ഘാടന സെഷൻ പ്രശസ്ത സൂഫീ ഗായകൻ സമീർ ബിൻസി ഉദ്ഘാടനം ചെയ്തു.
തുടർന്ന് കേരളത്തിലെയും ലക്ഷദ്വീപിലെയും പ്രഗത്ഭരായ ഖിസ്സപ്പാട്ട് ഗായകർ ഏറ്റുമുട്ടിയ ഖിസ്സപ്പാട്ട് മത്സരം നടന്നു. മത്സരത്തിൽ എ.ഐ മുത്തുക്കോയ തങ്ങളുടെ രചനയിൽ വിരിഞ്ഞ താജുൽ അഖ്ബാർ എന്ന യൂസുഫ് ഖിസ്സപ്പാട്ടിലെ വിവിധ ഇശലുകൾ 24 പേർ ആലപിച്ചു. അവസാന റൗണ്ടിൽ എത്തിയ ഗായകർ സമാപന സമ്മേളനത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടി. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, മാപ്പിളപ്പാട്ട് രചനാ രംഗത്തെ സജീവ സാന്നിധ്യമായ ഓം.എം.കരുവാരക്കുണ്ട്, എം.എച്ച് വള്ളുവനാട് എന്നിവർ വിധി നിർണ്ണയിച്ചു.
സമാപന സമ്മേളനം കേരളാ നിയമ-കൊയർ-വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഉദ്ഘാടനം ചെയ്തു. മദ്റസാ നൂറുൽ ഇർഫാൻ സ്ഥാപനങ്ങളുടെ മുതവല്ലി കെ.പി സയ്യിദ് തങ്ങകോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നീണ്ട 32 വർഷത്തെ ഖിസ്സപ്പാട്ട് രംഗത്തെ സംഭാവനകൾ പരിഗണിച്ച് എ.ഐ മുത്തുക്കോയ തങ്ങൾ മെമ്മോറിയൽ അവാർഡ് പ്രശസ്ത കാഥികൻ കെ.എസ് മൗലവിക്ക് നൂറുൽ ഇർഫാൻ രക്ഷാധികാരി ബഹു. ശൈഖുനാ സയ്യിദ് മുഹിയുദ്ദീൻ ബാദുൽ അശ്ഹബ് തങ്ങൾ സമ്മാനിച്ചു. 50,001/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. +2 പരീക്ഷയിൽ ലക്ഷദ്വീപിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ആദിൽ ആർ.എമ്മിനുള്ള പ്രത്യേക പുരസ്കാരം സയ്യിദ് ഫസൽ തങ്ങളിൽ നിന്നും ആദിലിന്റെ പിതാവ് ഏറ്റുവാങ്ങി.

നൂറുൽ ഇർഫാൻ ജനറൽ സെക്രട്ടറി സയ്യിദ് ഫസൽ തങ്ങൾ, സയ്യിദ് നൗഫൽ തങ്ങൾ, ഡോ.സയ്യിദ് ജലാലുദ്ദീൻ തങ്ങൾ, സയ്യിദ് അബൂസഈദ് മുബാറക് ഇർഫാനി തങ്ങൾ, ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ, ആലുവ എം.എൽ.എ അൻവർ സാദത്ത്, മുൻ എം.എൽ.എ യൂസുഫ്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി ശ്രീ.ഉദയബാനു, തവക്കൽ മുസ്ഥഫ കടലുണ്ടി, അഷ്റഫ് പാലപ്പെട്ടി, ഷമീർ പട്ടുറുമാൽ തുടങ്ങി മത, സാംസ്കാരിക, രാഷ്ട്രീയ, കലാ സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. എം.പി ഹസൻ ഇർഫാനി സ്വാഗതവും, കെ.കെ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക