ചെത്ത്ലാത്ത്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാർഡിലേക്ക് രോഗികൾക്ക് സൗകര്യപ്രദമായ അത്യാധുനിക പേഷ്യന്റ് കട്ടിലുകൾ സമ്മാനിച്ച് ചെത്ത്ലാത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെ മാതൃകാ മുന്നേറ്റം. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ചെയർപേഴ്സൻ ശ്രീമതി റസീന മെഡിക്കൽ ഓഫീസർ ഡോ ദിൽഷാദിന് ഉപകരണങ്ങൾ ഔദ്യാഗികമായി കൈമാറി. വൈസ് ചെയർപേഴ്സൻ എം.അലി അക്ബർ, ലേഡി മെഡിക്കൽ ഓഫീസർ ഡോ.ഷാഹിദ, പഞ്ചായത്ത് അംഗങ്ങൾ,ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
ദ്വീപിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്
നിലവാരമുള്ളതും രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഫൈബർ കോട്ടഡ് പേഷ്യന്റ് കട്ടിലുകൾ സമ്മാനിച്ചത്. പുരുഷൻമാരുടെയും സ്ത്രീകളുടെയും വാർഡുകളിലെ പഴയ കട്ടിലുകൾ മുഴുവൻ മാറ്റികൊണ്ടാണ് പുതിയത് ലഭ്യമാക്കിയിരിക്കുന്നത്.
ഇതേ ആശുപത്രിയിലേക്ക് കഴിഞ്ഞ വർഷം കാർഡിയാക് മോണിറ്റർ,ഐസിയു ഉപകരണങ്ങൾ അടക്കം ചെത്ത്ലാത്ത് ഗ്രാമ പഞ്ചായത്ത് നൽകിയിരുന്നു. പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം സമ്മാനിച്ച ദേശീയ പഞ്ചായത്ത് പുരസ്കാര തുക ഉപയോഗിച്ചാണ് ഇപ്പോൾ ഉപകരണങ്ങൾ ലഭ്യമാക്കിയത്.
ചെത്ത്ലാത്ത് ദ്വീപിന്റെ
വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, കായിക മേഖലകളിൽ ശ്രദ്ധേയവും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കൊണ്ട് ഇതിനോടകം തന്നെ ജനകീയ പ്രശംസ നേടിയ ചെത്ത്ലാത്ത് ഗ്രാമ പഞ്ചായത്തിന്റെ ജനപ്രിയമായ ഈ മുന്നേറ്റം തീർച്ചയായും മാതൃകയാക്കപ്പെടേണ്ടതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക