ലേഖനം: ഡോ.മുനീർ
ലക്ഷദ്വീപിൽ ഒരു നിയമ നിർമ്മാണ സഭയോ, ചുരുങ്ങിയത് ഒരു മിനി അസംബ്ലിയോ വേണമെന്ന് ദീർഘ കാലമായി ലക്ഷദ്വീപിലെ എല്ലാവരും ആവശ്യപ്പെടുന്നതാണ്. എന്നാൽ അത് ഇന്നും നമുക്ക് വിദൂരമായ ഒരു സ്വപ്നം മാത്രമാണ്. ജനാധിപത്യ ഭരണ സംവിധാനം കൊണ്ടുവരുന്നതിന് ആദ്യപടിയായി ത്രിതല പഞ്ചായത്ത് യാഥാർത്ഥ്യമാക്കണമെന്ന ഒരു പുതിയ നിർദേശമാണ് ഇവിടെ കുറിക്കുന്നത്. ലക്ഷദ്വീപിന് സ്വന്തമായി ഒരു നിയമസഭ വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ തന്നെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ ത്രിതല പഞ്ചായത്ത് സംവിധാനം ലക്ഷദ്വീപിൽ കൊണ്ടുവരുന്നതിന് എല്ലാ ജനാധിപത്യ കക്ഷികളും ആവശ്യം ഉന്നയിക്കണം. അത് നമ്മുടെ ശ്രമങ്ങൾ ഫലവത്താവുന്നതിനുള്ള വലിയ ഒരു മുന്നൊരുക്കമായി മാറുമെന്ന് ഉറപ്പാണ്. ത്രിതല പഞ്ചായത്ത് നിലവിൽ വരുന്നതോടെ നിയമ നിർമ്മാണ സഭകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും മികച്ച ഭരണ പരിചയം നേടുന്നതിനും അത് കാരണമാവും. ഭരണവികേന്ദ്രീകരണവും ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് നൽകിയിട്ടുള്ളത് പോലുള്ള കേന്ദ്രീകൃത അധികാരങ്ങളും പരമാവധി നിയന്ത്രിച്ചു കൊണ്ട് ജനങ്ങളിലേക്ക് അധികാരം നൽകുക എന്നതാണ് ജനാധിപത്യത്തിൽ ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടത്. ബ്യൂറോക്രസി ഭരണത്തിന് അന്ത്യമിടുന്നതിനും പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനും അധികാരം നൽകണം. അതിന് പഞ്ചായത്ത്, കൗൺസിൽ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ നിലവിൽ വരണം. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളെ നിലവിൽ ഗ്രാമദ്വീപുകളും നഗരദ്വീപുകളുമായി തിരിച്ചിട്ടുണ്ട്. എന്റെ അറിവിൽ ആന്ത്രോത്ത്, കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളെ നഗര ദ്വീപുകളും മറ്റു ദ്വീപുകളെ ഗ്രാമ ദ്വീപുകളുമായാണ് നിലവിൽ വേർതിരിച്ചിരിക്കുന്നത്. ഹാർഡ് ഏരിയ അലവൻസ് നൽകുമ്പോൾ ഈ മാനദണ്ഡം ബാധകമല്ലെന്നത് ആശ്ചര്യാജനകവുമാണ്. എന്നാൽ ഈ മാനദണ്ഡം തന്നെ ഉപയോഗിച്ച് ചെറിയ വ്യത്യാസങ്ങളോടെ ദ്വീപുകളെ മൂന്നായി തരംതിരിക്കുകയും അവിടങ്ങളിൽ പഞ്ചായത്തിനെക്കാൾ കുറിച്ചുകൂടി മെച്ചപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങളായ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും സ്ഥാപിച്ചാൽ അധികാര വികേന്ദ്രീകരണം കൂടുതൽ ശക്തമായി നടപ്പിലാക്കുവാൻ സാധിക്കും.

ഇനി ഓരോ ദ്വീപിലേയും ജനാധിപത്യ സ്ഥാപനങ്ങൾ എങ്ങിനെ വേണമെന്നതിന്റെ ഒരു കരടു മാർഗ്ഗരേഖയാണ് നിർദേശിക്കുന്നത്. നഗര പരിധിയിൽ വരുന്നതിനാലും തലസ്ഥാന നഗരിയായതിനാലും കവരത്തി ദ്വീപിൽ ഒരു കോർപ്പറേഷൻ രൂപീകരിക്കുക എന്നതാണ് ആദ്യ നിർദേശം. കവരത്തിയോട് ചേർന്നു നിൽക്കുന്നതിനാലും എയർപോർട്ട്, മികച്ച ഹോസ്പിറ്റൽ സൗകര്യങ്ങൾ നിലവിലുള്ളതിനാലും അഗത്തി ദ്വീപിനെ ഇതേ കോർപ്പറേഷനിൽ ചേർക്കാവുന്നതാണ്.

ഗ്രാമ ദ്വീപുകളായ കിൽത്താൻ, ചേത്ത്ലാത്ത്, ബിത്ര എന്നീ ദ്വീപുകളിൽ നിലവിലെ പഞ്ചായത്ത് സംവിധാനം തുടരുക. ഈ ദ്വീപുകളെ കാലക്രമേണ അർധ നഗര ദ്വീപുകളായി ഉയർത്തുകയും കൗൺസിൽ സംവിധാനം ഏർപ്പെടുത്തുകയുമാവാം. കിൽത്തൻ, ബിത്ര, ചെത്ത്ലാത്ത് എന്നീ ദ്വീപുകൾ റൂറൽ പ്രദേശമായും അതിനാൽ പഞ്ചായത്ത് ഭരണത്തിൻ കീഴിലാണ് നമ്മൾ കാറ്റഗറൈസ് ചെയ്യുന്നതെങ്കിൽ വില്ലേജ് ( ദ്വീപ്) പഞ്ചായത്തിന് സ്വയംഭരണം കാര്യക്ഷമമായി നടത്തുന്നതിനും ഫണ്ടുകൾ ദ്വീപുകളുടെ പുരോഗമനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സ്വാതന്ത്യത്തോടെ ഭരണം നടത്തുവാനുള്ള അധിക്കാൾ നൽകണം. അതല്ല എന്നുണ്ടെങ്കിൽ ഈ മൂന്ന് ദ്വീപുകളും സബ് അർബൻ വിഭാഗത്തിൽ പെടുത്തി കൗൺസിൽ ഭരണത്തിന് താഴെ കൊണ്ടുവരണം. അങ്ങനെ വരുമ്പോൾ കടമത്ത്, അമിനി ഒരു കൗൺസിലും, കിൽത്തൻ, ചെത്ത്ലാത്ത്, ബിത്ര ഒരു കൗൺസിലിന്റെ താഴെ എന്ന രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. ഈ പറഞ്ഞ ഭരണ പരിഷ്കാരങ്ങളൊന്നും തന്നെ ദ്വീപിൽ ഒരു അസംബ്ളി സ്ഥാപിക്കണം എന്ന നമ്മുടെ വാദത്തിനും ആവശ്യത്തിനും ഒരു തടസ്സമാകരുത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക