പുതിയ പഞ്ചായത്ത് റഗുലേഷനിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച സാഹചര്യത്തിലും ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതര പാർട്ടികൾ മുന്നണിയായി മത്സരിക്കണമെന്ന ഡോ മുഹമ്മദ് സാദിഖിന്റെ ആഹ്വാനം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണ്. ലക്ഷദ്വീപിൽ ഒരു പഞ്ചായത്ത് വാർഡിൽ പോലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച പണം തിരിച്ചു കിട്ടാവുന്ന സാഹചര്യം നിലവിലില്ല. എന്നിട്ടും ബി.ജെ.പിയെ ഒറ്റപ്പെടുത്താൻ മറ്റു മതേതര ജനാധിപത്യ പാർട്ടികൾ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കണം എന്ന ആഹ്വാനത്തിന് പിന്നിലെ ചേതോവികാരം എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. സീറ്റുകളിൽ നീക്കുപോക്കുകൾ ഉണ്ടാക്കി എല്ലാ പാർട്ടികളും ഒന്നിച്ചു മത്സരിച്ചാൽ, ജെ.ഡി.യുവിന് കിട്ടുന്ന സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും അവിടെ അനായാസം ജയിച്ചു കയറാം എന്നാണ് ഡോ.സാദിഖും അദ്ദേഹത്തിന്റെ പാർട്ടിയും കണക്കുകൂട്ടുന്നതെങ്കിൽ അതിനോട് പൂർണ്ണമായും യോജിക്കുന്നു. പക്ഷേ അതിന് ബി.ജെ.പി വിരുദ്ധതയുടെ നിറം നൽകുന്നത് അസംബന്ധമാണ്.

ലക്ഷദ്വീപിലെ ബി.ജെ.പി ഇതര പാർട്ടികൾ ഒരുമിച്ച് മത്സരിക്കുമ്പോൾ ബി.ജെ.പി എന്തോ സംഭവമാണ് എന്ന് അംഗീകരിച്ചു കൊടുക്കുന്നതിന് തുല്യമാണത്. ഒരു വാർഡിൽ കോൺഗ്രസിന്റെ തലമുതിർന്ന ഒരു നേതാവ് മത്സരിക്കുമ്പോൾ അദ്ദേഹത്തെ ഒരു നിലക്കും പിന്തുണക്കാൻ കഴിയാത്ത ഒരു എൻ.സി.പിക്കാരനെങ്കിലും അവിടെ ഉണ്ടാവും. അതുപോലെ തന്നെ തിരിച്ചും ഉണ്ടാവും. അത്തരം ആളുകൾ ആ സ്ഥാനാർത്ഥിയോടുള്ള ദേഷ്യം തീർക്കുന്നതിന് വേണ്ടിയെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ അത് ബി.ജെ.പി വോട്ടുകൾ വർധിപ്പിക്കാനേ സഹായിക്കുകയുള്ളൂ.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താൻ പോലുമുള്ള അംഗസംഖ്യ ഇല്ലാത്ത ഒരു പാർട്ടിയോട് ലക്ഷദ്വീപിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നടത്തുന്നത് ദ്വീപ് രാഷ്ട്രീയത്തിന്റെയും സംഘപരിവാർ രാഷ്ട്രീയത്തിന്റെയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ളതാണ്. ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തനങ്ങൾ നടത്തിയാണ് ഒരോ രാഷ്ട്രീയ പാർട്ടികളും ശക്തിപ്പെടുന്നത്. അതിന് കുറുക്കുവഴികൾ തേടുമ്പോൾ അത് സംഘപരിവാർ രാഷ്ട്രീയത്തിന് വളവും വെള്ളവും ഒഴിക്കുന്ന തീരുമാനമാകാതെ നോക്കേണ്ട ജാഗ്രത മതേതര ജനാധിപത്യ പാർട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. ലക്ഷദ്വീപിലെ ജനാധിപത്യ പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ പരസ്പരം മത്സരിച്ചു കൊണ്ട് തന്നെയാണ് ജനാധിപത്യത്തെ നമ്മുടെ ദ്വീപുകളിൽ പരിപോഷിപ്പിക്കേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷം കാലുമാറിയ ചെത്ത്ലാത്ത് ദ്വീപിൽ നിന്നുള്ള പഞ്ചായത്ത് അംഗം മാത്രമാണ് നിലവിൽ ബി.ജെ.പി പാളയത്തിലുള്ള ഏക ജനപ്രതിനിധി. ആ ഡി.പിയിൽ പോലും വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കെട്ടിവെച്ച പണം തിരിച്ചു കിട്ടാവുന്ന സാഹചര്യം നിലവിലില്ല. ഇനി അഥവാ അങ്ങനെ ഒരു സന്ദേഹം ഉണ്ടെങ്കിൽ മുന്നണിക്ക് പുറത്ത് നിന്ന് കൊണ്ട് തന്നെ അവരെ പരാജയപ്പെടുത്താനുള്ള ധാരണകളാണ് വേണ്ടത്.

ബി.ജെ.പിക്കെതിരെ ലക്ഷദ്വീപിലെ ജനാധിപത്യ മതനിരപേക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകണം എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അത് തിരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കി ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊണ്ട് ആവരുത്. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ഒന്നിച്ചു ഭരിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. ജനാധിപത്യ പാർട്ടികളുടെ ഭാഗത്തു നിന്നും അറിഞ്ഞോ അറിയാതെയോ നമ്മെ കാർന്നു തിന്നാൻ കാത്തിരിക്കുന്ന സംഘപരിവാർ ഫാസിസത്തിന് സഹായകമാവുന്ന ഒരു നീക്കവും ഉണ്ടാവാതിരിക്കട്ടെ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക