കവരത്തി: ഇന്ന് രാത്രി മുതൽ പത്തു ദ്വീപുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ നടത്താനിരുന്ന സമരം താൽക്കാലികമായി നിർത്തി വെച്ചതായി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ശ്രീ. അബ്ദുൽ മുത്തലിഫ് അറിയിച്ചു. എൻ.സി.പിയുടെ സമരം ഇപ്പോൾത്തന്നെ പരിപൂർണ്ണ വിജയം നേടിക്കഴിഞ്ഞു. നിയമം ലംഘിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. സമാധാനപരമായ സമരമാണ് ഉണ്ടാവുക എന്ന് ലക്ഷദ്വീപ് എം.പി മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് കണ്ട് അറിയിച്ചതാണ്. എന്നാലും പട്ടേലിനും അസ്കറലിക്കും പേടി മാറുന്നില്ല. എത്രകാലം നിരോധനാജ്ഞ നീട്ടിക്കൊണ്ട് പോവും എന്ന് നമുക്ക് കാണാം. അന്ന് മുതൽ ഈ പ്രസ്ഥാനം വീണ്ടും ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോവും. ലക്ഷദ്വീപിലെ കരിനിയമങ്ങൾ പൂർണമായി പിൻവലിക്കുന്നത് വരെ ഞങ്ങൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും. എൻ.സി.പി പ്രസിഡന്റ് അബ്ദുൽ മുത്തലിഫ് പറഞ്ഞു.

സമരം നൂറു ശതമാനം വിജയം നേടിക്കഴിഞ്ഞു എന്ന് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുരാജ്യത്തെ നേരിടുന്നതിന് സമാനമായ ഒരുക്കങ്ങളാണ് സമാധാനപരമായി നടത്താൻ ഉദ്ദേശിച്ച ഞങ്ങളുടെ സമരത്തെ നേരിടാൻ ഭരണകൂടം നടത്തിയത്. എന്നിട്ടും ഭരണകൂടത്തിന് ഇപ്പോൾത്തന്നെ മുട്ടുവിറക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ വിജയമാണ്. സമരം ഇതോടെ അവസാനിച്ചു എന്ന് ആരും കരുതേണ്ടതില്ല. ഇതൊരു തുടക്കം മാത്രമാണ്. ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക