അഗത്തി വിമാനത്താവളം മുപ്പതിന്റെ നിറവിൽ

0
3130
www.dweepmalayali.com

അഗത്തി: 1988 ഏപ്രിൽ 16. ലക്ഷദ്വീപ് ചരിത്രത്തിലെ സംഭവബഹുലമായ ദിവസം. അന്നാണ് 48 സീറ്റുകളുള്ള വായുദൂദ് വിമാനം ആദ്യമായി അഗത്തിയിൽ നിന്നും പറന്നുയരുന്നത്. ലോക വ്യോമയാന ഭൂപടത്തിൽ ആദ്യമായി ലക്ഷദ്വീപ് അടയാളപ്പെടുത്തപ്പെട്ട ദിവസം. അന്നത്തെ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ശ്രീ.മോത്തിലാൽ വോറ അഗത്തി വിമാനത്താവളം ദ്വീപുകാർക്കായി സമർപ്പിച്ച ചരിത്ര ദിവസം. അന്ന് ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം പുതിയ ഒരു ചരിത്രം രചിക്കപ്പെടുകയായിരുന്നു. വിമാനത്താവള ഉദ്ഘാടനത്തിന് വർണാഭമായ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടു. വിമാനത്താവളത്തിന് വടക്കുഭാഗത്ത് തയ്യാറാക്കപ്പെട്ട പ്രത്യേക വേതിയിൽ സംഘടിപ്പിക്കപ്പെട്ട ഉദ്ഘാടന ചടങ്ങിൽ അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ശ്രീ.വജ്ജഹത്ത് ഹബീബുള്ള, എം.പി ആയിരുന്ന മർഹൂം പി.എം.സഈദ് സാഹിബ്, വായുദൂദ് ചെയർമാനായിരുന്ന എച്ച്.കെ സിങ്ങ്, ശ്രീ.കെ.കരുണാകരൻ, ശ്രീ.എം.എം.ജേക്കബ്, ശ്രീ.പി.സി ചാക്കോ തുടങ്ങിയ അതിഥികൾ ആ ചരിത്ര നിമിഷത്തിന് സാക്ഷികളായി.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നാഷണൽ ബ്വിൽഡിങ്ങ് കൺസ്റ്റ്രക്ഷൻ കോർപ്പറേഷൻ ഏറ്റെടുത്ത പദ്ധതി സമയബന്ധിതമായി പതിനൊന്ന് മാസം കൊണ്ട് പൂർത്തീകരിക്കപ്പെട്ടു. ഒറ്റപ്പെട്ടു കിടക്കുന്ന ലക്ഷദ്വീപുകളിൽ  പ്രതിരോധ വകുപ്പ് നേരത്തെ തന്നെ വിമാനത്താവള നിർമ്മാണത്തിന് ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങിനെ 1984-ൽ പ്രതിരോധ വകുപ്പ് കണ്ടെത്തിയ സ്ഥലത്താണ് പീന്നീട് അഗത്തി വിമാനത്താവളം നിർമ്മിക്കപ്പെട്ടത്. അഗത്തിയുടെ തെക്കുഭാഗത്തായി രണ്ട് കിലോമീറ്റർ നീളമുള്ള ഭൂമി 45-ഓളം കുടുംബങ്ങളുടെ കൈവശമായിരുന്നു. വിമാനത്താവളം അതിന്റെ മുപ്പതാണ്ട് ആഘോഷിക്കുന്ന ഈ അവസരത്തിൽ, അന്ന് വിമാനത്താവളത്തിനായി തുറന്ന മനസ്സോടെ അവരുടെ ഭൂമി വിട്ടു നൽകിയ ആ വികസന സ്നേഹികളെ വിസ്മരിച്ചുകൂടാ. ഇന്ന് കാണുന്ന  വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വലിയ പങ്കും വിട്ടു നൽകിയത് മർഹൂം പണ്ടാരപ്പുര കിടാവ് മാൽമി, മുക്രിയോട ഹംസക്കോയ, അത്തംചെറ്റ മുഹമ്മദ്, യു.അബ്ദുൽ ഖാദർ മാസ്റ്റർ, മറിയമ്മാക്കാട കാസ്മി, ഖാദർ, പാപ്പാട മുഹമ്മദ് മാൽമി, കോട്ട അബുസാലാ തുടങ്ങിവരാണെന്ന് രേഖകളിൽ കാണാം. അവരാരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല.

വിമാനത്താവളത്തിന്റെ പ്രാധമിക പഠനത്തിനും ഭൂമി ഏറ്റെടുക്കലിനും ശേഷം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി  അന്ന് ഇരുനൂറോളം തൊഴിലാളികളെ നിയമിച്ചിരുന്നു. മിക്ക ദിവസങ്ങളിലും അവർ മുഴുവൻ സമയവും പണിയെടുത്തതിനാലാണ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചത്. ആറ് ഉരുകളിലായി ആവശ്യമായ നിർമ്മാണ സാധന സാമഗ്രികൾ എത്തിക്കുകയായിരുന്നു. വിമാനത്താവളം സ്ഥിതി ചെയ്യുന്ന മേഖലകളിൽ ഇലക്ട്രിസിറ്റി ലഭ്യമല്ലാത്തതിനാൽ ജനറേറ്ററുകൾ ഉപയോഗിച്ചാണ് നിർമ്മാണ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചത്. അങ്ങിനെ വലിയ പരിമിതികൾ ഉണ്ടായിരുന്നിട്ടും അന്ന് വ്യോമയാന മന്ത്രാലയം അഗത്തി വിമാനത്താവളം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയായിരുന്നു.

ആദ്യമായി വായുദൂദിന്റെ 48 സീറ്റുകളുള്ള ആവ്രോ വിമാനമായിരുന്നു സേവനം നടത്തിയിരുന്നതെങ്കിൽ പിന്നീട് ഫോക്കർ, ഡോർണിയർ, കിങ്ങ്ഫിഷർ വിമാനങ്ങളും സേവനം നടത്തിയിരുന്നു. ഇപ്പോൾ ഞായറാഴ്ച ഒഴിച്ച് ബാക്കി എല്ലാ ദിവസവും എയർ ഇന്ത്യ വിമാനം അഗത്തിയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. അഗത്തി റൺവേ കൽപ്പിട്ടി ഭാഗത്തേക്കായി വികസിപ്പിക്കുന്നതിന് ലക്ഷദ്വീപ് ഭരണകൂടം നൽകിയ നിർദ്ദേശം കേന്ദ്ര നീതി ആയോഗ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. നിലവിൽ അഗത്തി വിമാനത്താവളത്തിന് 1204 മീറ്റർ നീളവും 30 മീറ്റർ വീതിയുമാണുള്ളത്. പുതിയ നിർദേശ പ്രകാരം കൽപ്പിട്ടി ഭാഗത്തേക്കായി 778 മീറ്ററും ദ്വീപിന്റെ മറുഭാഗത്തേക്കായി 283 മീറ്ററും കൂടി വികസിപ്പിക്കുന്നതോടെ നൂറ് സീറ്റുകളുള്ള വലിയ വിമാനങ്ങൾ വരെ ഇറക്കാനാവും. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ലോഞ്ചുകളും അടുത്ത ഘട്ടത്തിൽ നിർമ്മിക്കും.

www.dweepmalayali.com

ലക്ഷദ്വീപിന്റെ കവാടമായ അഗത്തി വിമാനത്താവളത്തിലൂടെ മുൻ ഇന്ത്യൻ പ്രസിഡന്റുമാർ ഉൾപ്പെടെ ഒരുപാട് പ്രമുഖർ ലക്ഷദ്വീപ് സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 16-ന് അഗത്തിയിൽ എത്തിയ ബഹു: ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ലഭിച്ചത്.

30 വർഷം മുമ്പ് ഈ വിമാനത്താവളം യാഥാർത്ഥ്യമായതോടെ ലക്ഷദ്വീപ് വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. അഗത്തി വിമാനത്താവളം ലക്ഷദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി എന്നും തലയുയർത്തി നിൽക്കും.

കടപ്പാട്: എഫ്.ജി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here