കവരത്തി: കപ്പൽ ടിക്കറ്റ് എടുക്കാനുള്ള നിയമങ്ങൾ കർക്കശമാക്കാനൊരുങ്ങി പോർട്ട് ഡിപ്പാർട്ട്മെന്റ്. ഒരു യാത്രക്കാരൻ തന്നെ പല കൗണ്ടറുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കുന്നതിനാൽ ആവശ്യക്കാർക്ക് ടിക്കറ്റ് ലഭ്യമാവുന്നില്ല എന്ന് പോർട്ട് ഡയരക്ടർ ശ്രീ.അങ്കൂർ പ്രകാശ് മിശ്രാം പറഞ്ഞു. ഇതു കാരണം സ്കാനിങ്ങ് സെന്ററിലെ ടിക്കറ്റ് കൗണ്ടറിൽ അനാവശ്യമായ തിരക്ക് അനുഭവപ്പെടുന്നു. ടിക്കറ്റ് പൂർണമായി കൊടുത്താലും പല കപ്പലുകളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ആവശ്യക്കാർക്ക് ടിക്കറ്റ് ലഭ്യമാവുന്നില്ല. ദ്വീപുകാർക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന് പോർട്ട് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ശ്രമങ്ങൾക്ക് ഫലം കാണുന്നില്ല. അതിനാൽ അനർഹമായി ആരും ഒന്നിലധികം ടിക്കറ്റ് എടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ പോർട്ട് ഡിപ്പാർട്ട്മെന്റ് പുതിയ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുന്നു. പുതിയ നിർദേശങ്ങൾ താഴെ കൊടുക്കുന്നവയാണ്.
1. റേഷൻ കാർഡ് അനുസരിച്ച് എല്ലാവർക്കും ഏകീകൃത യാത്രാ കാർഡ് നമ്പർ നൽകും. നിശ്ചിത കാലാവധിയിൽ അതാത് ദ്വീപുകളിലെ എസ്.ഡി.ഒ/ ഡി.സി ഓഫീസുകളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. ഡിപ്പാർട്ട്മെന്റ് നിർദേശിക്കുന്ന വെബ്സൈറ്റിലൂടെ ഓരോ വ്യക്തികൾക്ക് സ്വന്തമായും യാത്രാ കാർഡ് ഉണ്ടാക്കാം.
2. ഓരോ കപ്പൽ യാത്രാ സമയത്തും ടിക്കറ്റ് എടുക്കുന്നതിന് ഈ യാത്രാ കാർഡ് നമ്പർ മാത്രം നൽകിയാൽ മതിയാകും. പേര്, വയസ്സ് തുടങ്ങി മറ്റ് വിവരങ്ങൾ നൽകേണ്ടതില്ല.
3. ഒരു പ്രത്യേക കപ്പൽ യാത്രക്ക് ഒരേ റൂട്ടിൽ ഒരു യാത്രാ കാർഡ് നമ്പർ ഉപയോഗിച്ച് ഒന്നിലധികം ടിക്കറ്റുകൾ എടുത്താൽ അധികമായി എടുക്കുന്ന ടിക്കറ്റുകൾ സ്വാഭാവികമായി ക്യാൻസൽ ചെയ്യപ്പെടും. അങ്ങിനെ കൂടുതൽ ടിക്കറ്റ് ലഭ്യത ഉറപ്പ് വരുത്തും.
4. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ചും യാത്രാ കാർഡ് റജിസ്റ്റർ ചെയ്യാം.
5. യാത്രാ കാർഡ് നമ്പറോ ആധാർ കാർഡ് നമ്പറോ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

18-04-2018 ന് ഇറക്കിയ ഈ നിർദ്ദേശങ്ങൾ പൊതു ജനങ്ങളുടെ പ്രതികരണത്തിനായി സമർപ്പിച്ചിരിക്കുകയാണ്. പത്ത് ദിവസത്തിനകം നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കവരത്തിയിലുള്ള പോർട്ട് ഡയരക്ടറേറ്റിലോ അതാത് ദ്വീപുകളിലെ ഉത്തരവാദിത്വപ്പെട്ട ഓഫീസുകളിലോ അറിയിക്കാം. ഈ മാസം 28-ന് മുമ്പായി നിങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കേണ്ടതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക