കൊച്ചി: ചികിത്സയ്ക്കായും മറ്റും കൊച്ചിയിൽ എത്തിയ നൂറുകണക്കിന് ആളുകളെ നാട്ടിൽ കൊണ്ടുവരാൻ ഒരു നീക്കവും നടത്താത്ത ലക്ഷദ്വീപ് ഭരണകൂടം ഉന്നത ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി നാട്ടിൽ എത്തിക്കാൻ ഒരുങ്ങുന്നു. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് ഉൾപ്പെടെ നാല് പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ നാല് ഉദ്യോഗസ്ഥരെയും തിങ്കളാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് ഹെലികോപ്റ്റർ മാർഗ്ഗം കൊണ്ടുപോവാൻ പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ശ്രീമതി.ടിക്കാ റാം ബീനാ പ്രത്യേക ഉത്തരവിറക്കി. ഇതിനെതിരെ കൊച്ചിയിൽ കുടുങ്ങിയ രോഗികൾ ശക്തമായ പ്രതിഷേധ സമരത്തിലാണ്.
അസ്കറലിയോടൊപ്പം കൊച്ചി വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് ഓഫീസ് ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ.രാകേഷ് സിംഗാൾ, ഡോ.ഷറീഫ്, ഭാര്യ ഡോ.ഹസീന, എന്നിവരാണ് കൊവിഡ് ടെസ്റ്റിന് വിധേയമായത്. ഡോ.ഷറീഫും ഡോ.ഹസീനയും ഔദ്യോഗികമായ ഡ്യൂട്ടിയിൽ കേരളത്തിൽ എത്തിയവരല്ല. ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.മുഹമ്മദ് അസ്ലം പറഞ്ഞതിനെ തുടർന്നാണ് രണ്ടു പേരും കൊവിഡ് ടെസ്റ്റിന് വിധേയമായതെന്ന് ഡോ.ഷറീഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടറെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്ന് വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
ഇത്രയും രോഗികൾ ഇവിടെ ബുദ്ധിമുട്ട് നേരിടുമ്പോൾ വകുപ്പ് തലവന്മാരെയും ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് വേണ്ടപ്പെട്ടവരെയും മാത്രം പ്രത്യേക കൊവിഡ് ടെസ്റ്റ് നടത്തി നാട്ടിൽ എത്തിക്കുന്നത് തികച്ചും ക്രൂരവും അപഹാസ്യവുമാണ്. അങ്ങനെ മുതിർന്ന ഉദ്യോഗസ്ഥർ മാത്രം നാട്ടിലേക്ക് തിരിച്ചാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് തന്നെ ശക്തമായ പ്രതിഷേധ സമരം നടത്താനാണ് കൊച്ചിയിലുള്ള രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തീരുമാനിച്ചിരിക്കുന്നത്. ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ രോഗികൾ അടക്കം ഉറക്കമൊഴിച്ച് കുത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ മാത്രം നാട്ടിലെത്തിക്കുന്ന ഇരട്ട നയത്തിനെതിരെ ശക്തമായി മുന്നോട്ട് പോവാനാണ് ഇവരുടെ തീരുമാനം. നിർഭാഗ്യവശാൽ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ലക്ഷദ്വീപിലെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഈ വിഷയത്തിൽ ഇടപെടാൻ ഇതുവരെയും തയ്യാറായിട്ടില്ല. ഒന്നുകിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും ഉൾപ്പെടെ കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ദ്വീപുകാരെയും വ്യക്തമായ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവരെ നാട്ടിൽ എത്തിക്കുക. ഇല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പോലെ ലോക്ക്ഡൗൺ പൂർണ്ണമായി നീക്കുന്നത് വരെ എല്ലാവരും ഇപ്പോഴുള്ള സ്ഥലങ്ങളിൽ തുടരുക എന്നതാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഡോ.ഷറീഫിനെയും ഭാര്യ ഡോ.ഹസീനയെയും യാത്രക്കായി ഗസ്റ്റ് ഹൗസ് വിട്ട് പുറത്തിങ്ങാൻ അനുവദിക്കില്ല എന്ന് ഗസ്റ്റ് ഹൗസിലുള്ള മറ്റ് രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു. കൊച്ചിയിലെ പ്രോട്ടോക്കോൾ ഓഫീസർ കൂടിയായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് മാനേജറുമായി നേരിട്ടു കണ്ട് സംസാരിച്ച ഇവരോട് അങ്ങനെ ഒരു ഉത്തരവ് വന്നത് താൻ അറിഞ്ഞില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക