ലക്ഷദ്വീപിലേക്ക് പുതുതായി വരുന്ന മൂന്ന് പേരും ദാദ്രയിൽ പട്ടേലിനൊപ്പം പ്രവർത്തിച്ച് പരിചയമുള്ളവരാണ്.
ന്യൂഡൽഹി: സിവിൽ സർവീസ് AGMUT സംയുക്ത കേഡറിലെ സ്ഥലം മാറ്റ ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കി. കേന്ദ്ര സർക്കാരിന്റെ അണ്ടർ സെക്രട്ടറി ശ്രീ.രാകേശ് കുമാർ സിംങ്ങാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഇതു പ്രകാരം ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ. അസ്കറലി ഐ.എ.എസിനെ കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗർ ഹവേലി ആന്റ് ദമൻ ദിയുവിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കൂടാതെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ശ്രീ. സച്ചിൻ ശർമ്മ ഐ.പി.എസ്, ശ്രീ അമിത് വർമ്മ ഐ.പി.എസ് എന്നിവരെ ഡൽഹിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരുമാണ് ലക്ഷദ്വീപിൽ നിന്നും സ്ഥലം മാറി പോവുന്നത്. പകരം രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനുമാണ് ലക്ഷദ്വീപിലേക്ക് എത്തുന്നത്. ദിയു ജില്ലാ കളക്ടറും മജിസ്ട്രേറ്റുമായ ശ്രീമതി. സലോണി റായ്, ദാദ്രാ നഗർ ഹവേലി ജില്ലാ കളക്ടർ ശ്രീ. രാകേഷ് മിൻഹാസ് ഐ.എ.എസ് എന്നിവരാണ് ലക്ഷദ്വീപിലേക്ക് എത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ. ദാദ്രാ നഗർ ഹവേലിയിലെ പോലീസ് സുപ്രണ്ടായ ശ്രീ. വി.എസ് ഹരേശ്വർ ഐ.പി.എസാണ് ലക്ഷദ്വീപിലേക്ക് എത്തുന്ന മൂന്നാമത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.

പ്രഫുൽ കോഡ പട്ടേൽ ലക്ഷദ്വീപിന്റെ അധിക ചുമതല ഏറ്റെടുത്തതിന് ശേഷം അദ്ദേഹം കൊണ്ടുവന്ന ജനവിരുദ്ധ തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായി പ്രവർത്തിച്ചത് ജില്ലാ കളക്ടർ ശ്രീ. അസ്കറലി ഐ.എ.എസ് ആയിരുന്നു. ലക്ഷദ്വീപിൽ നിന്നും പൊയാലും ദാദ്രയുടെ ചുമതല പട്ടേലിന് തന്നെയായതിനാൽ പട്ടേലിന്റെ ദാദ്രാ ഭരണത്തിൽ അസ്കറലി ശക്തമായി തന്നെ ഉണ്ടാവും. കൂടാതെ ലക്ഷദ്വീപിലേക്ക് പുതുതായി വരുന്ന മൂന്ന് പേരും ദാദ്രയിൽ പട്ടേലിനൊപ്പം പ്രവർത്തിച്ച് പരിചയമുള്ളവരാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക