അങ്കമാലി : കൊച്ചി മെട്രോ മൂന്നാംഘട്ടമായി ഓടിക്കിതച്ച്ചെത്തുക അങ്കമാലിയിലേക്കായിരിക്കും. അങ്കമാലി മെട്രോ റൂട്ടിന്റെ ആദ്യ രൂപരേഖയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) തീരുമാനിച്ചു.
2017 ലെ മെട്രോ നയത്തില്‍ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയില്‍ വരുത്തുക. പുതിയ ഗതാഗത പഠനം നടത്തും. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്റെയും ട്രാം ഉള്‍പ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. റൂട്ടിന്റെ അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഈ പഠനറിപ്പോര്‍ട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ കെ.എം.ആര്‍.എല്‍. കഴിഞ്ഞദിവസം ടെന്‍ഡര്‍ വിളിച്ചു.
ആലുവയില്‍നിന്നാണ് അങ്കമാലിയിലേക്ക് മെട്രോ റൂട്ട് തുടങ്ങുക. ഇതിന്റെ ആദ്യ രൂപരേഖയും ഗതാഗതപഠനവുമെല്ലാം 2010-11 -ല്‍ ചെയ്തതാണ്. പുതിയ സാമ്പത്തിക വിശലകനവും റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയും ഈ രൂപരേഖയില്‍ കൂട്ടിച്ചേര്‍ക്കണം. ആദ്യ രൂപരേഖയനുസരിച്ചാണ് ചെലവ് കണക്കുകൂട്ടിയത്. രൂപരേഖ പുതുക്കുമ്പോള്‍ ചെലവില്‍ മാറ്റം വന്നേക്കും.
മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാടിന്റെ നിര്‍മ്മാണത്തിനൊപ്പം അങ്കമാലിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മൂന്നാംഘട്ടമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ ആദ്യം ആസൂത്രണം ചെയ്തത്. ഇത് ഗുണകരമാകില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് അങ്കമാലി ആലോചിച്ചത്. അങ്കമാലിയില്‍ നിന്നും നഗരത്തിലേക്കും അതിന് പുറത്തേക്കും യാത്ര ചെയ്യുന്നവര്‍ ഏറെ കൂടുതലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക