ജെ.എച്ച്.എസ്.ഐ ജനറൽ സെക്രട്ടറി ഉസ്താദ് പി.എ പൂക്കോയ തങ്ങൾ വഫാത്തായി.

0
2732

കൊച്ചി: പ്രമുഖ പണ്ഡിതനും ലക്ഷദ്വീപിലെ ആദ്യത്തെ ആധികാരിക പണ്ഡിത സംഘടനയായ ആന്ത്രോത്ത് ദ്വീപിലെ ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെ( ജെ.എച്ച്.എസ്.ഐ ) ദീർഘനാളത്തെ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് പി.എ.പൂക്കോയ തങ്ങൾ വഫാത്തായി. കഴിഞ്ഞ നബിദിനാഘോഷ വേളയിൽ വരെ ദീനീ പ്രബോധന രംഗത്ത് സജീവമായി നേതൃത്വം നൽകിയ തങ്ങൾ, കുറച്ചു കാലമായി വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് ആന്ത്രോത്തിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിച്ച ഉസ്താദിനെ ഇവിടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ പത്ത് മണിയോടെ പൊന്നുരുന്നി പള്ളിപ്പടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കം ചെയ്തു.

www.dweepmalayali.com

ചെറുപ്പകാലം മുതൽ മത, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പൂക്കോയ തങ്ങൾ ലക്ഷദ്വീപിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായിരുന്നു. ലക്ഷദ്വീപിലെ ആദ്യത്തെ വിദ്യാർഥി സംഘടനയായ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ(എൽ.എസ്.എ) രൂപീകരിച്ചപ്പോൾ സംഘടനയുടെ മുന്നിരയിൽ സജീവമായി പ്രവർത്തിച്ച തങ്ങൾ പിന്നീട് കേന്ദ്രകമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൽ.എസ്.എ എന്ന വിദ്യാർഥി സംഘടനക്ക് രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിച്ച പൂക്കോയ തങ്ങൾ എല്ലാകാലവും സംഘടനക്ക് വഴികാട്ടിയായിരുന്നു.

പൂക്കോയ തങ്ങളുടെ പ്രസ്താവന പത്രത്തിൽ
എൽ.എസ്.എ 46_ആം വാർഷിക വേളയിൽ.

ലക്ഷദ്വീപിന്റെ ചരിത്രത്തിൽ കരിനിഴൽ വീണ ആന്ത്രോത്ത് ജുമുഅത്ത് പള്ളി വെടിവെപ്പ് വ്യക്തമായി വരച്ചു കാണിക്കുന്നതിന് ഒരു പുസ്തകം പുറത്തിറങ്ങിയപ്പോൾ അതിന്റെ മുന്നിരയിലും പൂക്കോയ തങ്ങൾ ഉണ്ടായിരുന്നു.

അൽഹംദു ലില്ലാഹി റബ്ബിൽ ആലമീനാ… ഹംദന്നു സ്വല്ലി അലാ ഹാദീനാ… നസ്അലുക യാ അള്ളാഹ് ബിസ്മീകൽ മുഅള്ളം… ബിജാഹി മുസ്തഫാ സയ്യിദീനാ…

ആന്ത്രോത്ത് ദ്വീപിലെ മിക്കവാറും മദ്റസകളിൽ രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് പിഞ്ചുകുഞ്ഞുങ്ങൾ പാടുന്ന പ്രാർഥനാ വരികളാണ്. പൂക്കോയ ഉസ്താദിന്റെ തൂലികയിൽ പിറന്ന ഭക്തിസാന്ദ്രവും പ്രാർഥനാ നിർഭരവുമായ മനോഹരമായ വരികൾ. ഇങ്ങനെ തന്റെ തൂലികയിലൂടെയും പ്രഭാഷണത്തിലൂടെയും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആന്ത്രോത്ത് ദ്വീപിന്റെ ആത്മീയ മുന്നേറ്റങ്ങളിൽ മുന്നിൽ നിന്ന് നേതൃത്വം നൽകിയ ഉസ്താദ് തന്റെ സൗമ്യമായ ജീവിതത്തിലൂടെ എന്നും വിശ്വാസി ഹൃദയങ്ങൾ കീഴടക്കി. എന്നാൽ, ആദർശപരമായി വ്യക്തമായ കണിശത പുലർത്തിയ പൂക്കോയ തങ്ങൾ മറ്റെന്തിന് വേണ്ടിയും ആദർശപരമായി സമരസപ്പെടാൻ തയ്യാറായില്ല. ഇടക്കാലത്ത് വിശ്വാസികളെ ഏറെ വേദനിപ്പിച്ച ഘട്ടങ്ങളിലെല്ലാം തന്നെ കാലാകാലമായി ജെ.എച്ച്.എസ്.ഐ എന്ന സംഘടന എടുത്ത ആദർശപരമായ നിലപാടുകളിൽ ഉറച്ചു നിന്ന ഉസ്താദ്, പണ്ഡിത സംഘടയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് കൊണ്ട് ആർജ്ജവമായി നേതൃത്വം നൽകി.

എം.ജെ.എം മേച്ചേരി നബിദിന സമ്മേളന വേദിയിൽ.

ആന്ത്രോത്ത് ദ്വീപിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ജാമിഅത്തു ദഅവത്തി സുന്നിയ്യ അറബിക് കോളേജ് എന്ന മഹത്തായ സ്ഥാപനം ബഹു. തങ്ങളവർകൾ ആന്ത്രോത്ത് ദ്വീപിന് നൽകിയ കനപ്പെട്ട സംഭാവനയാണ്. ആന്ത്രോത്ത് ദ്വീപിന്റെ മതപരമായ ഏത് വിഷയങ്ങളിലും ആവശ്യമായ നിർദേശങ്ങൾ നൽകി തന്റെ സ്വതസിദ്ധമായ ശൈലിയിൽ സിംഹഗർജ്ജനം നടത്തിയ ആ മഹാപണ്ഡിതൻ ഇനി നമ്മോടൊപ്പമില്ല. അള്ളാഹു അവിടുത്തെ ദറജ ഉയർത്തുമാറാവട്ടെ എന്ന് ആത്മാർത്ഥമായി നമുക്ക് ദുആ ചെയ്യാം. മയ്യിത്ത് നിസ്കരിക്കാനും അവിടുത്തെ മഅ്ഫിറത്തിനു വേണ്ടി ദുആ ചെയ്യുവാനും അപേക്ഷിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here