ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കാൻ ലക്ഷദ്വീപിലെ ഇന്റെർനെറ്റ് വേഗത തടസ്സമാണെന്ന് കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. പദ്ധതി ഇതുവരെ നടപ്പിലാക്കാത്ത പതിനാല് സംസ്ഥാനങ്ങളിലെ ഭക്ഷ്യ വകുപ്പ് മന്ത്രിമാരുമായി കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.രാം വിലാസ് പാസ്വാൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗതയെ കുറിച്ച് ലക്ഷദ്വീപ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി കേന്ദ്രമന്ത്രിയെ അറിയിച്ചത്. മുഴുവൻ റേഷൻ കാർഡുകളും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി ഏത് സംസ്ഥാനത്ത് നിന്ന് വേണമെങ്കിലും നമ്മുടെ റേഷൻ സാധനങ്ങൾ വാങ്ങാം എന്നതാണ് ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി കൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് ഓരോ സംസ്ഥാനങ്ങളിലെയും റേഷൻ കാർഡ് ഉടമകളുടെ പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ഇന്റെർനെറ്റ് സർവ്വറിൽ കയറുന്നതിന് അതിവേഗ ഇന്റെർനെറ്റ് സൗകര്യം അത്യാവശ്യമാണ്. ഇന്റെർനെറ്റുമായി ബന്ധപ്പെട്ട ലക്ഷദ്വീപിന്റെ ആശങ്ക കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉചിതമായ തീരുമാനം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും രാം വിലാസ് പാസ്വാൻ ഉറപ്പു നൽകി.
കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നൽകണം എന്ന് ലക്ഷദ്വീപ് ഒഴികെയുള്ള പത്തോളം സംസ്ഥാനങ്ങൾ കേന്ദ്രമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉചിതമായ തീരുമാനം ഉണ്ടാവുമെന്നും പാസ്വാൻ വീഡിയോ കോൺഫറൻസിൽ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക