
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവരെ നിയമിച്ചു. പ്രചാരണ സമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന് ആണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന മുല്ലപ്പള്ളി മലബാറിലെകെ.എസ്.യുവിന്റെതീപ്പൊരി നേതാവായിരുന്നു.കെ.എസ്.യുകോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 1968-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 1978-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിക്കൊപ്പം ഉറച്ച് നിന്നു. 1984ല്‍ കണ്ണൂരില്‍ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട് കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. 1988ല്‍എ.ഐ.സി.സിജോയന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒടുവില്‍ എഐസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെഎ.ഐ.സി.സിഅധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.
1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ അട്ടിമറി വിജയത്തിലൂടെ വടകരയില്‍ നിന്നും ലോക്സഭയിലെത്തി. 2014ല്‍ വടകരയില്‍ നിന്നും വീണ്ടും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന ലോകസഭ അംഗം കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏഴ് തവണയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ പാര്‍ലമെന്റ് സമിതികളിലും ബോര്‍ഡുകളിലും മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1946 ഏപ്രില്‍ 15ന് കോഴിക്കോട് ജില്ലയിലെ ചോമ്പാലയില്‍ ജനനം. പിതാവ് സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ് പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍.ഏക മകള്‍ പാര്‍വ്വതി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക