തയ്യാറാക്കിയത്: എൽ.പി ഹംസകോയ ആന്ത്രോത്ത്
ഫോറസ്റ്റ് ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ദാമോദർ സാറിന്റെ ആശിർവാദത്തോടെ ആന്ത്രോത്തിൽ പുതുതായി നിയമിച്ച ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ആന്ത്രോത്തിലെ പവിഴപ്പുറ്റ് നിരീക്ഷണ സംഘം ഇവിടത്തെ കർമ്മചാരികളുടെ സഹായത്തോടെ നടത്തിയ ആഴക്കടലിലെ കോറൽ ക്ലീനിങ്ങ് യജ്ഞം ജനശ്രദ്ധ പിടിച്ചുപറ്റി. നമ്മുടെ ദ്വീപിന്റെ സംരക്ഷിത വലയമായ ബാരണയിൽ അഥവാ റീഫിൽ വർദ്ധിച്ച തോതിൽ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദ്വീപിന്റെ നിലനിൽപിന് തന്നെ ഒരു വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം, പ്രാസ്റ്റിക് മാലിന്യങ്ങളുടെ പ്രതലത്തിൽ പറ്റിപ്പിടിച്ച് വളരുന്ന നാശകാരികളായ മൈക്രോബുകൾ പോളാപ്സുകളെ പവിഴപ്പുറ്റുകളുടെ മുകളിൽ കൂട് കൂട്ടി അധിവസിക്കാനും അതിലൂടെ പവിഴപ്പുറ്റുകളുടെ വളർച്ചക്കും അനുവധിക്കുന്നില്ല. നമ്മുടെ പവിഴപ്പുറ്റുകളിൽ ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കുമിഞ്ഞുകൂടുകയും അവയെ ആകമാനം വലയം ചെയ്യുകയും ചെയ്താൽ അത് വലിയ നാശത്തിന് കാരണമാക്കും.
ഈ സാഹചര്യത്തിലാണ് നമ്മുടെ പരിസ്ഥിതി വനം വകുപ്പിലെ മുഹമ്മദ് നസറുള്ള, ഹാഷിം, സുഹൈബ് എന്നീ മുങ്ങൽ വിധഗ്ധരായ പവിഴപ്പുറ്റ് നിരീക്ഷകർ അവിടത്തെ ഏതാനും കർമ്മചാരികളുടെ സഹായത്തോടെ നിരീക്ഷണത്തിന് ഇറങ്ങിയത്. പുതുതായി നിയമിക്കപ്പെട്ട സമർത്ഥനായ ഫോറസ്റ്റ് ഓഫീസർ റഹ്മാൻ അലിയായിരുന്നു ഇവർക്ക് നേതൃത്വം നൽകിയത്. കോറൽ നിരീക്ഷണത്തിനായി സംരക്ഷിതവലയത്തിലെ ആഴക്കടലിൽ എത്തിയ ഇവരെ അൽഭുതപ്പെടുത്തുന്ന കാഴ്ചകളാണ് അവിടെ കാണാൻ സാധിച്ചത്. എങ്ങും വ്യാപകമായി കുമിഞ്ഞ് കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നൈലോൺ വലക്കഷ്ണങ്ങളും മറ്റമാണ് അവർക്ക് ധാരാളമായി കാണാൻ സാധിച്ചത്. കോറലുകളെ ആവരണം ചെയ്ത് കിടക്കുന്ന ഈ മാലിന്യങ്ങൾ കോറലുകൾക്ക് അത്യന്തം ഹാനികരമാണ്. അതിലോലമായ കോറലുകളെ നശിപ്പിക്കുന്ന ഇത്തരം മാലിന്യങ്ങൾ അവർ തങ്ങളാൽ കഴിയുന്നത്ര അവിടെ നിന്നും വലിച്ചെടുത്ത് ബോട്ടിൽ കയറ്റി. നമ്മുടെ വിശാലമായ റീഫിന്റെ ഒരു ചെറിയ ഭാഗത്ത് നിന്നും എടുത്ത് മാറ്റിയ മാലിന്യങ്ങളുടെ കൂമ്പാരമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. റീഫിലുടനീളം ധാരാളമായി ഇത്തരം മാലിന്യങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്നുണ്ട്. അവ മുഴുവനും എടുത്ത് മാറ്റുക എന്നത് തീർച്ചയായും എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. വിഷലീപ്തമായ ഈ പ്ലാസ്റ്റിക്കുകൾ നമ്മുടെ പവിഴപ്പുറ്റുകളെ മുച്ചൂടും കാർന്ന് തിന്ന് നശിപ്പിക്കും. അങ്ങനെ കേവലം വെളുത്ത പ്രഥലമാക്കി അവയെ മാറ്റും. ഈ പ്രക്രിയ തുടർന്നാൽ ദ്വീപുകാരായ നമുക്ക് കൂടുതൽ കാലം നമ്മുടെ പവിഴപ്പുറ്റുകളുടെ വർണ്ണ ശഭളമായ സൗന്ദര്യം ആസ്വദിക്കുവാനോ അതിൽ നിന്നും ലഭിക്കുന്ന മറ്റ് വിവിധ ഗുണങ്ങൾ അനുഭവിക്കുവാനോ സാധിക്കുകയില്ല. ആധുനിക മനുഷ്യന്റെ ഉപഭോഗ സംസ്കാരത്തെ തൃപ്തിപ്പെടുത്തുന്നതിനായി വ്യാപകമായതോതിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിച്ച് ചവറായി തള്ളപ്പെടുന്ന ഇത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽ നിന്നും പുറത്ത് വിടുന്ന രാസവസ്തുക്കൾ കോറലുകൾക്ക് ക്ഷതം ഉണ്ടാക്കുന്നു. അവയുടെ ഉൻമൂലനാശത്തിന് അത് കാരണമാകുകയും ചെയ്യുന്നു. ഇതൊക്കെ മനസ്സിലാക്കിയ പരിസ്ഥിതി വനം വകുപ്പിലെ ഈ ചെറുപ്പക്കാർ തുടക്കം കുറിച്ചിരിക്കുന്ന ശ്രമകരമായ ഈ ദൗത്യം തികച്ചും പ്രശംസനീയമാണ്. അവർ നടത്തിയിരിക്കുന്ന ഈ ഉദ്യമത്തിന് അവരെ അഭിനന്ദിക്കുന്നതോടൊപ്പം ഇതിന്റെ പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയുണ്ട് എന്ന് കൂടി നമ്മൾ അറിയേണ്ടതുണ്ട്. അദ്ദേഹത്തെ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ല. അദ്ദേഹം മറ്റാരുമല്ല നമ്മുടെ ബഹുമാന്യനായ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ്ലൈഫ് വാർഡനുമായ ദാമോദർ സാർ. ധാരാളം കഴിവുകൾ ഒത്തിണങ്ങിയ ഊർജ്ജസ്വലനായ ഈ ഓഫീസറുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഇന്ന് പരിസ്ഥിതി വനംവകുപ്പ് ധ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്നതു്. ഇതിന്റെ ആസ്ഥാന ഓഫീസിലും ദ്വീപുകളിലെ യൂണിറ്റുകളിലും പ്രവർത്തിക്കുന്ന ഓഫീസർമാരുടെയും, പ്രത്യേകിച്ച് ആന്ത്രോത്തിലെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ് വിഭാഗത്തിന്റെ തലവനുമായ അബ്ദുൽ റഹീമിനെ പോലെയുള്ള സീനിയർ ഓഫീസർമാരുടെയും മറ്റും ആത്മാർത്ഥമായ പിന്തുണയും കഠിനാദ്ധ്വാനവുമാണ് അദ്ദേഹത്തെ തന്റെ ലക്ഷ്യത്തിലെത്തിക്കാൻ കൂടുതൽ സഹായിച്ചത്. അവരും അഭിനന്ദനം അർഹിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Hi