ഐ എസ് എല്ലിന് ഇന്ന് തുടക്കം: ഉദ്ഘാടനമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും

0
430

എസ്‌എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം. കൊവിഡിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് കളി ആവേശം തിരികെയെത്തുകയാണ്. ഇക്കുറി പതിനൊന്ന് ടീമാണ് കിരീടപ്പോരിനിറങ്ങുന്നത്. ആളില്ലാ ഗ്യാലറികളാണെങ്കിലും ആരാധകരുടെ മനസിലുയരുന്ന ആര്‍പ്പുവിളികള്‍ക്ക് ഇത്തവണയും അതിരില്ല.

എസ്‌സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും ഉള്‍പ്പെടുത്തി ലീഗ് വിപുലീകരിച്ചതിനാല്‍ മുന്‍പത്തേക്കാള്‍ വലുതായിരിക്കും സീസണ്‍. ഐഎസ്‌എല്‍ 2020-21 സീസണില്‍ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണില്‍ ഇത് 95 ആയിരുന്നു. എല്ലാ ക്ലബ്ബുകളും ഹോം എവേ ഫോര്‍മാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസണ്‍ അവസാനം പോയിന്റ് റാങ്കിങ്ങില്‍ ആദ്യമെത്തുന്ന മികച്ച നാല് ക്ലബ്ബുകള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

കഴിഞ്ഞത്തവണ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ സീസണ്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. ഏറ്റമുട്ടിയ രണ്ട് തവണയും മഞ്ഞപ്പടയോട് തോറ്റെങ്കിലും എടികെ ചാമ്ബ്യന്‍പട്ടത്തോടെയാണ് സീസണ്‍ അവസാനിപ്പിച്ചത്. പഴയ കഥകള്‍ക്ക് സ്ഥാനമില്ല. അടിമുടി മാറ്റമുണ്ട് ബ്ലാസ്റ്റേഴ്‌സിനും എടികെയ്ക്കും. ഐലീഗ് ചാമ്ബ്യന്‍മാരായ മോഹന്‍ബഗാനുമായി ലയിച്ച്‌ എടികെ എത്തുമ്ബോള്‍ ബഗാനെ ചാമ്ബ്യന്‍മാരാക്കിയ പരിശീലകന്‍ കിബു വിക്കൂനയ്ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല.

ആദ്യസീസണ്‍ മുതല്‍ മഞ്ഞക്കുപ്പായമണിഞ്ഞ സന്ദേശ് ജിങ്കാന്‍ ഇത്തവണ എതിര്‍ചേരിയിലാണ്. സെര്‍ജിയോ സിഡോഞ്ചയെ മാത്രം നിലനിര്‍ത്തി പുതുപുത്തന്‍ വിദേശ താരങ്ങളുമായാണ്
കൊമ്ബന്‍മാരുടെ വരവ്. കൊല്‍ക്കത്തയാവട്ടെ കിരീടനേട്ടത്തില്‍ നട്ടെല്ലായി മാറിയ ഹാവി ഹെര്‍ണാണ്ട്‌സ്, റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നീ വിദേശികളെ നിലനിര്‍ത്തുകയും ചെയ്തു. മുന്‍കാല പ്രകടനങ്ങള്‍ നോക്കി പുതിയ സീസണിനെ വിലയിരുത്തനാവില്ല. അടിമുടി മാറിയെത്തിയ കൊമ്ബന്‍മാര്‍ കപ്പടിച്ച്‌ കലിപ്പടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here