കൊച്ചി: ബസ് അഴിമതി കേസിൽ കുറ്റാരോപിതനായ മുതിർന്ന കോൺഗ്രസ് നേതാവ് യു.സി.കെ തങ്ങളെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. തങ്ങൾക്കെതിരെ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അതേസമയം പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ജില്ല പഞ്ചായത്തിന്റെ അന്നത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് നാല് വർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന എസ്.കെ.എസ് യാദവിനെയാണ് ഏറണാകുളം പ്രത്യേക സി.ബി.ഐ കോടതി (മൂന്ന്) ശിക്ഷിച്ചത്. www.dweepmalayali.com
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള കവരത്തി ജില്ലാ പഞ്ചായത്തിന്റെ ചിഫ് എക്സിക്യുട്ടീവ് ഓഫീസർ ആയി ജോലി ചെയ്യവേ യാദവ് ക്രിമിനൽ ഗൂഢാലോചന നടത്തി ടെൻഡർ വിളികാതെ ബസ്സുകൾ വാങ്ങി എന്നായിരുന്നു കേസ്. കൊച്ചിയിലെ ജിയോ മോട്ടോസിൽ നിന്ന് 20 ബസ്സാണ് കവരത്തി പഞ്ചായത്ത് വാങ്ങിയത്. എന്നാൽ ടെൻഡർ വിളിക്കാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 4,19,256/- രൂപ നിരക്കിലാണ് ഈ ബസ്സുകൾ വാങ്ങിയതെന്നും ഇതിലൂടെ പ്രതി 7.49 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചു എന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്. രണ്ട് വകുപ്പുകളിലായി പ്രതിയെ ആറ് വർഷം ശിക്ഷിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് നാല് വർഷം അനുഭവിച്ചാൽ മതിയാവും. അതേസമയം, പിഴ സംഖ്യ അടക്കുന്നതിന് വീഴ്ച്ച വരുത്തിയാൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം. കേസിലെ മറ്റു രണ്ട് പ്രതികളായ കവരത്തി അൽ.ബുഷ്‌റയിൽ യു.സി.കെ തങ്ങൾ, കോലഞ്ചേരി താമരച്ചാൽ വീട്ടിൽ മാത്യു ജോർജ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. www.dweepmalayali.com
ഇരുവർക്കുമെതിരെ ആരോപിച്ചിരുന്ന കുറ്റക്യത്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടതായി കോടതി വിലയിരുത്തി. സി.ബി.ഐ കൊച്ചി യൂണിറ്റാണ് കേസിൽ അന്യോഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക