കവരത്തി: ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിദ്ധീകരിച്ച ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് അൽത്താഫ് എഴുതിയ “അകക്കാമ്പ്” എന്ന പുസ്തകം പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ.കമൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം കവരത്തിയിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പകർപ്പ് ശ്രീ.കമൽ സിനിമാ താരം ഔരി റഹ്മാന് കൈമാറി. “അകക്കാമ്പ് എന്ന പുസ്തകം മുന്നോട്ട് വെക്കുന്നത് ജീവിതത്തിന്റെ പ്രകാശ വഴികളാണ്. ചുരുങ്ങിയ വാക്കുകളിലൂടെ വലിയ ആശയങ്ങളാണ് അൽത്താഫ് തന്റെ പുസ്തകത്തിലൂടെ സംവദിക്കുന്നത്. അകക്കാമ്പ് എന്ന പുസ്തകം വായനാലോകം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് സംവിധായകൻ കമൽ പറഞ്ഞു. പുസ്തകത്തിനും അതിന്റെ രചയിതാവ് മുഹമ്മദ് അൽത്താഫിനും പ്രസാധകർക്കും എല്ലാവിധ ആശംസകളും അറിയിച്ച അദ്ദേഹം ലക്ഷദ്വീപിലെ സാഹിത്യ സൃഷ്ടികൾ കേരളത്തിൽ കൂടുതൽ വായനക്കാരിലേക്കെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി.

ഏതൊരു പ്രദേശത്തും വിപ്ലവങ്ങൾ സൃഷ്ടിക്കുന്നത് അക്ഷരങ്ങളാണ് എന്ന് ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം സെക്രട്ടറി ശ്രീ.ഇസ്മത്ത് ഹുസൈൻ പറഞ്ഞു. ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം രൂപീകരിച്ച് പത്ത് വർഷത്തിനിടെ 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ലക്ഷദ്വീപിൽ സാഹിത്യത്തിന് അടിത്തറയിടുന്ന പ്രവർത്തനങ്ങളാണ് സാഹിത്യ പ്രവർത്തക സംഘം നടത്തി വരുന്നത്. ലക്ഷദ്വീപിലെ എഴുതാൻ കഴിവുള്ള എല്ലാവരെയും അതിനു പ്രോത്സാഹിപ്പിക്കുകയും പരമാവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കൊണ്ട് ദ്വീപുകാരനിൽ വായനാ സംസ്കാരം വളർത്തിയെടുക്കുക എന്ന വലിയ ദൗത്യവുമായാണ് സംഘം മുന്നോട്ട് പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം എന്നത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച പ്രശസ്ത എഴുത്തുകാരനും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ.യു.സി.കെ തങ്ങൾ പറഞ്ഞു. ലക്ഷദ്വീപിൽ ഒരുപാട് നല്ല കലാസൃഷ്ടികൾ ഉണ്ടായിട്ടും അതൊന്നും പുതുതലമുറക്ക് പഠിപ്പിക്കുന്നതിന് നമ്മുടെ വിദ്യാഭ്യാസ സംവിധാനം തയ്യാറാകുന്നില്ല എന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഒരുപാട് പാട്ടുകൾ രജിച്ചിട്ടുണ്ട്. അതൊന്നും പക്ഷെ, നമ്മുടെ ദ്വീപുകാരായ കുട്ടികളിലേക്ക് എത്തുന്നില്ല. എന്റെ ഒരു പാട്ട് ജനകീയമാവുന്നതിന് വിജയ് യേശുദാസ് വന്ന് അത് ആലപിക്കേണ്ടി വന്നു. നമ്മുടെ നാടൻ കലാസൃഷ്ടികൾ തദ്ദേശീയരായ ആളുകളിലേക്ക് കൂടുതലായി എത്തേണ്ടിയിരിക്കുന്നു. എഴുത്തുകാരും കലാകാരന്മാരും അതിന് മുൻകൈ എടുക്കണം. അതിന് പുതിയ സാങ്കേതിക വിദ്യകൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് സെക്രട്ടറി ശ്രീ.ബുസർ ജംഹർ, കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പാൾ ഡോ.നിഷ, സിനിമാ താരം ശ്രീ.ഗബ്രി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സാജിത ബീഗം, സാഹിത്യ പ്രവർത്തക സംഘം വൈസ് പ്രസിഡന്റ് ശ്രീ.ബി.പി ഉമർ കോയ, കവയത്രി ശ്രീമതി. മുംതസ് കാട്ടുപുറം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറുപടി പ്രസംഗം നടത്തിയ മുഹമ്മദ് അൽത്താഫ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക