ലക്ഷദ്വീപിൽ പിടികൂടിയ 5.45 കോടി രൂപയുടെ കടൽവെള്ളരിക്കടത്ത് കസ്റ്റംസ് അന്വേഷിക്കും

0
1107

കൊച്ചി: ലക്ഷദ്വീപിൽ പിടികൂടിയ 5.45 കോടി രൂപയുടെ കടൽവെള്ളരിക്കടത്ത് കൊച്ചി കസ്റ്റംസ് അന്വേഷിക്കും. ഇതിനായി കസ്റ്റംസ് സംഘം ഉടൻ ലക്ഷദ്വീപിലെത്തും. കടൽവെള്ളരി കടത്താൻ ശ്രമിച്ച് ലക്ഷദ്വീപ് വന്യജീവി സംരക്ഷണസേനയുടെ പിടിയിലായ ഏഴുപേരെ വിട്ടുകിട്ടാൻ അമിനി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഇവരെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യാനാണ് തീരുമാനം.

മാർച്ച് 11-ന് ലക്ഷദ്വീപിലെ കടൽ വന്യജീവിസംരക്ഷണസേനയിലെ തിനക്കര ക്യാമ്പിലെ വാച്ചർമാരാണ് കടൽവെള്ളരിക്കടത്ത് പിടികൂടിയത്. ജനവാസമില്ലാത്ത ‘പെരുമാൾ പാർ’ എന്ന ദ്വീപിനുസമീപം രണ്ട്‌ വലിയ ബോട്ടുകളിലാണ് ഒമ്പതംഗസംഘത്തെ കണ്ടത്. ഇതിൽ ഏഴുപേരെ വാച്ചർമാർ പിടികൂടി. ബോട്ടുകളിൽ 486 കടൽവെള്ളരികളായിരുന്നു ഉണ്ടായിരുന്നത്.

Advertisement

പി.സാജൻ (തിരുവനന്തപുരം), പി. ജൂലിയസം നായകം (കന്യാകുമാരി), ജഗൻനാഥ് ദാസ് (ഡൽഹി), പരൺ ദാസ് (പശ്ചിമബംഗാൾ), ലക്ഷദ്വീപ് അഗത്തി സ്വദേശികളായ അബ്ദുൾ ജബ്ബാർ, എസ്.ബി. മുഹമ്മദ് ഹഫീലു, സാഖ്‌ലിയൻ മുഷ്താഖ് എന്നിവരാണ് പിടിയിലായത്. ബോട്ടുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷവും രണ്ടാമത്തേത് ലക്ഷദ്വീപ് രജിസ്‌ട്രേഷനുള്ളതുമാണ്. അന്താരാഷ്ട്രബന്ധങ്ങളുള്ള സംഘമാണ് കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

സൂപ്പുണ്ടാക്കാൻ

ചൈന, കൊറിയ, മ്യാൻമാർ എന്നിവിടങ്ങളിലേക്കാണ് കടൽവെള്ളരി പ്രധാനമായും കടത്താറ്. ഔഷധഗുണമുള്ള ഇവ ഈ രാജ്യങ്ങളിൽ ഭക്ഷ്യവസ്തുവാണ്. സൂപ്പുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു കിലോയ്ക്ക് രണ്ടുലക്ഷത്തോളം രൂപവരെയാണ് അന്താരാഷ്ട്രവിപണിയിൽ ഇവയുടെ വില.

കടൽവെള്ളരി

കടലിന്റെ അടിത്തട്ടിൽ സിലിണ്ടർ രൂപത്തിൽ കാണപ്പെടുന്ന ജീവിയാണ് കടൽവെള്ളരി. ആൽഗയും ചെറു കടൽജീവികളും ഫലഭൂയിഷ്ഠമായ മണ്ണുമാണ് ഭക്ഷണം. രണ്ടുമുതൽ ആറടിവരെ നീളമുണ്ടാകും. കടൽ അടിത്തട്ടിലേക്ക് ഊളിയിട്ടുപോയി ഇവയെ പെറുക്കിയെടുക്കുകയാണ് ചെയ്യുക. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പാക്ക് കടലിടുക്ക്, കച്ച്, മാന്നാർ ഉൾക്കടലുകൾ എന്നിവടങ്ങളിലാണ് കടൽവെള്ളരി കൂടുതലായി കാണപ്പെടുന്നത്.

കടപ്പാട്: മാതൃഭൂമി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here