റമളാൻ 27; ദ്വീപു ചരിത്രത്തിലെ കറുത്ത അധ്യായം. ആന്ത്രോത്ത് ജുമുഅത്ത് പള്ളി വെടിവെപ്പ്. ഇന്നേക്ക് മുപ്പതാണ്ട് പിന്നിടുന്നു.

1
1247

ക്ഷദ്വീപ് ചരിത്രത്തിൽ കരിനിഴൽ വീഴ്ത്തിയ ഏറ്റവും സങ്കടകരമായ ദിവസമായിയുന്നു 1990 ലെ റമളാൻ 27. ഭരണകൂട ഭീകരത ലക്ഷദ്വീപിലെ ആദ്യത്തെ പള്ളിയായ ആന്ത്രോത്ത് ജുമുഅത്ത് പള്ളിക്കു മുന്നിൽ അഴിഞ്ഞാടിയപ്പോൾ, ആർക്കോ വേണ്ടി കാക്കിക്കൂട്ടം നിറയൊഴിച്ചപ്പോൾ അസ്തമിച്ചു പോയത് രണ്ട് ജീവനുകളും ഒരുപാട് പേരുടെ ജീവിതങ്ങളുമാണ്. ഇരു കണ്ണുകളും നഷ്ടപ്പെട്ട സഹോദരി ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നമ്മുടെ മുന്നിലുണ്ട്. നീണ്ട മുപ്പത് വർഷങ്ങൾ പിന്നിടുമ്പോഴും ആ ഇരുണ്ട ദിനം ഇന്നും തേങ്ങലോടെയല്ലാതെ നമുക്ക് ഓർക്കാൻ കഴിയില്ല.

ഹസ്രത്ത് ഉബൈദുള്ള(റ) ലക്ഷദ്വീപിൽ ആദ്യമായി പണികഴിപ്പിച്ച ആരാധനാലയമാണ്(ഹിജ്റ 41) ആന്ത്രോത്ത് ജുമുഅത്ത് പള്ളി. “വമ്പരാ…തിനുള്ള മരവും മിമ്പറും അളൈത്തേ…” എന്ന ഉബൈദുള്ള മാലയിലെ വരികൾ ആ പള്ളി നിർമ്മാണത്തിലെ സംഭവബഹുലമായ അത്ഭുതങ്ങളെ ഓർമ്മിപ്പിക്കുന്നു. പള്ളിയുടെയും മിമ്പറിന്റെയും നിർമ്മാണത്തിന് ആവശ്യമായ മരത്തടികൾ കടലിലൂടെ കരയ്ക്കടിഞ്ഞു എന്ന് ചരിത്രം പറയുന്നു. മുമ്പ് മൗലാ തങ്ങളോടുള്ള ബഹുമാനസൂചകമായി എല്ലാ വർഷവും നടത്തി വരാറുള്ള ഉറൂസ് മുബാറക് വളരെ വിപുലമായി നടക്കുകയായിരുന്നു. വിശ്വാസി സമൂഹം ഉറൂസിന്റെ ജോലികൾക്കും മറ്റുമായി കൂട്ടമായി പള്ളി പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് പോലീസുകാർ പള്ളിയുടെ നാലുഭാഗത്തുമായി നിലയുറപ്പിക്കുന്നത്. പള്ളിയുടെ ഏറ്റവും പുറത്തെ ഇരിപ്പിടത്തിന് സമീപമുണ്ടായിരുന്ന ഡോ.എസ്.വി ശൈക്കോയ തങ്ങൾ, ഡോ.എൻ.മുത്തുകോയ തങ്ങൾ എന്നിവരെ പോലീസ് ക്രൂരമായി മർദ്ദിക്കാൻ ആരംഭിച്ചതോടെ വിശ്വാസികൾ പലരും പുറത്തേക്ക് ഓടി. തുടർന്ന് നടന്ന വെടിവെപ്പിൽ പരേതനായ കോമലം കോയമ്മ എന്നിവരുടെ മകൻ പുതിയ ഐക്കകം ബൈളാവി, ആലിയത്തമ്മാട ഐശിയ്യപുര കുന്നിസീതി എന്നിവരുടെ മകൻ കോമളം ശംസുദ്ദീൻ എന്നിവർ മരണപ്പെടുന്നു. രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ആലിയത്തമ്മാട ഐശിയ്യപുര വഹീദാ ബീഗം എന്ന സഹോദരി ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി ആ ഓർമ്മകളുടെ വാഹകയായി ജീവിക്കുന്നു. വെടിവെപ്പിൽ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടവരും ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. എൻ.പി താത്താട മഈഷ, ശൈഖിന്റെ വീട്ടിൽ മുഹമ്മദ് റഫീഖ്, പി.ആരാത്തുപ്പുര ഫക്റുദ്ധീൻ അലി എന്ന ഹുസൈൻ, ഇടയാക്കൽ ബഷീർ തുടങ്ങി ആ വെടിവെപ്പിൽ സാരമായ പരിക്കുകൾ ഏറ്റ് മരണം മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന സഹോദരങ്ങൾ പലരും ആ കരിദിനത്തിന്റെ ഓർമ്മയായി നമുക്കിടയിൽ തന്നെയുണ്ട്.

വെടിയുണ്ട തുളച്ചു കയറി സാരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചവരെ ശുശ്രൂഷിക്കാൻ പോലീസിന്റെ പീഡനങ്ങൾ ഏൽക്കേണ്ടി വന്ന ഡോ.ശൈക്കോയയും, ഡോ.മുത്തുകോയയും ഓടിയെത്തി. ഡോ.കുന്നിസീതി കോയയും ആ അത്യാഹിത രോഗികൾക്ക് താങ്ങായി കൂട്ടിനെത്തി. ആരോഗ്യ പ്രവർത്തകരെ ലോകം മുഴുവൻ ആദരിക്കുന്ന ഈ കാലത്ത് വെടിയുണ്ട തുളച്ചു കയറി അത്യാസന്ന നിലയിലായ ഓരോരുത്തരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ആ നിസ്വാർത്ഥരായ ഭിഷഗ്വരന്മാരെ നമുക്ക് മറക്കാനാവില്ല. ആ മൂന്ന് ഭിഷഗ്വരന്മാരും ഇന്ന് നമ്മോടോപ്പമില്ല. കൂടെ അന്ന് അത്യാസന്നമായി പരിക്കുകൾ പറ്റുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന് ദീർഘ കാലം മതവിദ്യാഭ്യാസ രംഗത്ത് നിസ്സീമമായ സേവനങ്ങൾ ചെയ്ത ഉസ്താദ് നീലാത്തുപ്പുര കുന്നിസീതി(ബംബന മോൻ ഉസ്താദ്) എന്നിവരും ഇന്ന് നമ്മോടോപ്പമില്ല. എല്ലാവരെയും പ്രാർഥനയോടെ സ്മരിക്കുന്നു.

അന്ന് പോലീസുകാർ പള്ളിയുടെ ചുറ്റുമതിലിനുള്ളിൽ പ്രവേശിക്കുന്നത് കണ്ടയുടനെ മുമ്പ് മൗലാ തങ്ങളുടെ മഖാമിനുള്ളിൽ പ്രവേശിച്ചു കൊണ്ട് അതിനകത്ത് ധൈര്യമായി നിലയുറപ്പിക്കുകയും വെടിവെപ്പും ഏറ്റുമുട്ടലുകളും എല്ലാം കഴിയുന്നത് വരെ ഒരാളെയും മഖാമിനകത്ത് കയറാനനുവദിക്കാതെ അകത്തു നിന്ന് വാതിൽ തള്ളിപ്പിടിച്ച് മണിക്കൂറുകളോളം നിന്ന കാവല്ലാൽ ശൈക്കോയ ഹാജി എന്ന ശേഖുവ ബംബൻ ആ കരിദിനത്തിലെ വീരപുരുഷനായി എന്നും സ്മരിക്കപ്പെടും. തേങ്ങലോടെയല്ലാതെ വിശ്വാസിക്ക് ഈ ദിനം വരവേൽക്കാനാവില്ല. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ആ കറുത്ത ദിനത്തിൽ ജീവനും ജീവിതവും കുടുംബവും കൂട്ടുമെല്ലാം നഷ്ടപ്പെട്ടവരെ പ്രാർഥനാപൂർവ്വം സ്മരിക്കാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here