കവരത്തി: ലക്ഷദ്വീപ് മർക്കസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “താജുൽ ഔലിയാ സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി (ഖ.സി) 300-ആമത് ഉറൂസ് മുബാറക്കിന് തലസ്ഥാന നഗരിയിൽ പ്രൗഡമായ തുടക്കം. ഉറൂസിന് മുന്നോടിയായി കവരത്തി ദ്വീപിൽ വീടുകൾ തോറും നടത്തി വന്നിരുന്ന ബദരീയ്യത്തുൽ മൻഖൂസിയ്യ ഇന്നലെ സുബ്ഹി നിസ്കരിക്കാരാനന്തരം കൂട്ടമായി ചൊല്ലിക്കൊണ്ടാണ് ഉറൂസിന്റെ ഔദ്യോഗികമായ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തി.
ഉറൂസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ച രാവിലെ കവരത്തിയിൽ എത്തിയ എസ്.എസ്.എഫ് ദേശീയ അധ്യക്ഷൻ ഡോ.ഫാറൂഖ് നഈമി അൽ ബുഖാരിക്ക് പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരണം നൽകി. തുടർന്ന് “ഡിസൈൻ യുവർ ലൈഫ്” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വിദ്യാർഥി സംഗമത്തിൽ വിദ്യാർഥികളുടെ ഭാവിജീവിതം ചിട്ടപ്പെടുത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി ഡോ.ഫാറൂഖ് നഈമി സംസാരിച്ചു. വ്യാഴാഴ്ച രാത്രി മർക്കസ് മസ്ജിദുൽ ഹുദയിൽ വെച്ച് നടന്ന പ്രവർത്തക സംഗമത്തിലും ഫാറൂഖ് നഈമി ഉദ്ബോധന പ്രഭാഷണം നടത്തി. ഉറൂസിനോടന് അനുബന്ധിച്ച് സമ്മേളന നഗരിയിൽ തയ്യാറാക്കിയ “ഫീസബീൽ” തണ്ണീർപന്തൽ ശ്രദ്ധേയമായി.

മർക്കസ് മസ്ജിദുൽ ഹുദ പരിസരത്ത് ഒരുക്കിയ വേദിയിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അസ്ഹർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ രാത്രി നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സഹീർ ഹുസൈൻ ജീലാനി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ടി.അബ്ദുൽ ഖാദർ, എ.കുഞ്ഞിക്കോയ തങ്ങൾ, കവരത്തി ഇന്തിരാ ഗാന്ധി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.സി.ജി.മുഹമ്മദ് ജലീൽ എന്നിവർ പങ്കെടുത്തു. സി.എം.മുഹമ്മദ് ഷഫീഖ് സ്വാഗതം പറഞ്ഞു.
ഇന്ന് ഉച്ചക്ക് മർക്കസ് മസ്ജിദുൽ ഹുദയിൽ നടന്ന രക്ഷകർതൃ സംഗമത്തിൽ ഉസ്താദ് അലി ബാഖവി ആറ്റുപുറം സംസാരിച്ചു.
ഇന്ന് രാത്രി നടക്കുന്ന ഹുബ്ബുറസൂൽ സമ്മേളനം ഉസ്താദ് അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്.കെ തങ്ങൾ അൽ ഹൈദ്രൂസി മുഖ്യാതിഥിയാവും. പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും.
വരുന്ന ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികളിൽ വിവിധ സെഷനുകളിലായി പ്രമുഖർ പങ്കെടുക്കും. തിങ്കളാഴ്ച രാത്രി നടക്കുന്ന “മദ്ഹ് രാവിനും” ചൊവ്വാഴ്ച രാത്രി നടക്കുന്ന “രിഫാഈ റാത്തീബിനും” കേന്ദ്ര സർക്കാരിന്റെ “ഗുരു” ബഹുമതി ലഭിച്ച പ്രശസ്ത ദഫ് പരിശീലകൻ ഡോ.ഉസ്താദ് കോയ കാപ്പാട് നേതൃത്വം നൽകും. സമാപന സമ്മേളനത്തിൽ സയ്യിദ് ഫസൽ കോയമ്മ (കുറാ തങ്ങൾ) പ്രാർഥനക്ക് നേതൃത്വം നൽകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക