അമിനി: DG-AFL സീസൺ 2 ലെ ഇന്നലെ നടന്ന 15-ാമത് മത്സരത്തിൽ ഹോട്ടൽ അൽ മുബാറക്കും എം.ഇ.എസും നേർക്കുനേർ ഏറ്റുമുട്ടി. കളി തുടങ്ങി ആദ്യ മിനുറ്റിൽ തന്നെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ അൽ മുബാറക്ക് താരം നാസർ ജെ.എം തുടക്കം മുതൽക്കേ കളിയുടെ ആവേശം വാനോളമുയർത്തി. അപ്രതീക്ഷിതമായി കിട്ടിയ അവസരം നാസർ നന്നായി ഉയോഗിക്കുകയായിരുന്നു. കളിയുടെ ഒരു വേളയിലും അവസരങ്ങൾ സൃഷ്ടിക്കാനും ലഭിച്ച അവസരങ്ങൾ വേണ്ട വിധം ഉപയോഗിക്കുവാനും എം.ഇ.എസിന് സാധിച്ചില്ല. ലീഗിൽ ഇനി ഒരു കളി മാത്രം ബാക്കിനിൽക്കെ ശക്തമായ ചെറുത്ത് നിൽപ്പ് ആവശ്യമായിരുന്നിട്ടും മികച്ച നിലയിൽ പ്രകടനം കാഴ്ചവെക്കാനും എം.ഇ.എസിന് സാധിച്ചില്ല. എന്നാൽ മുഖ്യ ഡിഫൻറർ നസീബിന്റെ ഡിഫന്റിങ് മികവുറ്റതായിരുന്നു. എം.ഇ.എസിന്റെ മുൻനിരയിൽ അനീസുദ്ദീൻ മികച്ച പ്രകടനം കാഴ്ച വെച്ചു. തന്റെ നൈപുണികമായ ശൈലിയിൽ എതിർ ടീമിനെ മറികടന്ന് അനായാസം മുന്നേറുന്നത് കാണികളെ രസിപ്പിക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അദ്ധേഹത്തിനോ സഹകളിക്കാർക്കോ സാധിച്ചിട്ടില്ല. പിന്നെ എടുത്ത് പറയേണ്ടത് MES ന്റെ ഗോൾകീപ്പർ അർഷദിന്റെ പ്രകടനമായിരുന്നു. മികച്ച സേവുകളായിരുന്നു അർഷദ് ഇന്നലത്തെ കളിയിൽ കാഴ്ചവെച്ചത്.
ടീം അൽ മുബാറക്കിന് നല്ല കളി കാഴ്ചവെക്കാൻ സാധിച്ചു. അൽ മുബാറക്കിന്റെ ക്യാപ്റ്റൻ ശുക്കൂറിന്റെ പ്രകടനം തികച്ചും പൂർണതയുള്ളതായിരുന്നു. പല അവസരങ്ങളിലും അദ്ധേഹത്തിന്റെ പക്വതയാർന്ന ഇടപെടൽ ടീമിനെ കൂടുതൽ ഭദ്രമാക്കി. സ്ട്രൈക്കിങ് നിരയും മിഡ്ഫീൽഡ് നിരയും മനോഹരമായ പ്രകടനമായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ നാസറിന്റെ കാലുകളാൽ വീണ്ടും അൽ മുബാറക്കിനൊരു ഗോൾ പിറക്കുകയായിരുന്നു. രണ്ടാം പകുതിയിൽ എം.ഇ.എസിന്റെ അജ്മലിന്റെ വരവ് ടീമിന്റെ കളിയെ കൂടുതൽ ശക്തിപ്പെടുത്തി. 59-ാം മിനിറ്റിൽ വീണ്ടും ഷക്കീൽ വഴി അൽ മുബാറക്കിനൊരു ഗോൾ കൂടി ലഭിച്ചു. എന്നാൽ 62-ാം മിനിറ്റിൽ അജ്മൽ എം.ഇ.എസിന് ഒരു ഗോൾ നേടികൊടുത്തു. കളിയവസാനിക്കുമ്പോൾ 3 – 1 എന്ന സ്കോർ നിലയിൽ അൽ മുബാറക്ക് വിജയം ഉറപ്പാക്കി. 2 ഗോളും 6 അസിസ്റ്റും കാഴ്ചവെച്ച നാസർ ജെ.എം ഒരു തവണ കൂടി കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക