
ഉദ്ഘാടന മത്സരത്തിൽ വാർഡ് മൂന്നും വാർഡ് പന്ത്രണ്ടും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് മൂന്നാം വാർഡ് വിജയം സ്വന്തമാക്കി. അഞ്ചാം വാർഡും പത്താം വാർഡും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അഞ്ചാം വാർഡ് വിജയിച്ചു. അഞ്ചാം വാർഡിന്റെ പരിശീലകൻ ശ്രീ.പി.പി മുഹമ്മദ് ആശിഖിന്റെ തന്ത്രങ്ങൾ ടീമിന്റെ വിജയത്തിന് സഹായകമായി. അവസാന മത്സരത്തിൽ രണ്ടാം വാർഡിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് ഏഴാം വാർഡ് പരാജയപ്പെടുത്തി. പ്രമുഖ താരങ്ങൾ നാട്ടിലില്ലാത്തതിനാൽ റിസർവ് ടീമുമായി ഇറങ്ങിയ രണ്ടാം വാർഡ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഏഴാം വാർഡിന്റെ അറ്റാക്കിങ്ങ് താരം മുഹമ്മദ് ജുനൈദിന്റെ ഓരോ സ്മാഷുകളും രണ്ടാം വാർഡ് താരങ്ങളെ വിയർപ്പിച്ചു. തന്ത്രങ്ങളൊളിപ്പിച്ച് കൃത്യമായ കണക്കുകൂട്ടലോടെയുള്ള സർവ്വറുടെ സർവ്വീസുകൾ ഏഴാം വാർഡിന് വിജയം അനായാസമാക്കി.

മൂന്ന് പൂളുകളായി തിരിച്ചു നടത്തുന്ന ടൂർണമെന്റിൽ ഓരോ പൂളിലും നാല് ടീമുകൾ വീതമാണ് പങ്കെടുക്കുന്നത്. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകൾക്കും മൂന്ന് കളികൾ വീതം ലഭിക്കും. ഈ മാസം 24 വരെ നടക്കുന്ന ലീഗ് ഘട്ടത്തിൽ ആകെ പതിനെട്ട് കളികൾ നടക്കും. ഇന്ന് വൈകുന്നേരം 4.30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ വാർഡ് നാലും വാർഡ് ആറും ഏറ്റുമുട്ടും. രാത്രി നടക്കുന്ന മത്സരങ്ങളിൽ ഒന്നാം വാർഡ് പതിനൊന്നാം വാർഡുമായും എട്ടാം വാർഡ് ഒമ്പതാം വാർഡുമായും ഏറ്റുമുട്ടും.

വോളിബോനിന് പുറമെ അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാറ്റ്മിൻഡൻ, കമ്പവലി എന്നീ മത്സരങ്ങളും ആന്ത്രോ ഗെയിംസിന്റെ ഭാഗമായി വരാനിരിക്കുകയാണ്. വോളിബോൾ മത്സരം കഴിഞ്ഞ ഉടനെ മറ്റ് മത്സര ഇനങ്ങളും ആരംഭിക്കും. ലക്ഷദ്വീപിന്റെ കായിക തലസ്ഥാനമായ ആന്ത്രോത്ത് ദ്വീപ് ഇനി ആന്ത്രോ ഗെയിംസിന്റെ ലഹരിയിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക