അമിനി: 32-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ 19 മീറ്റ് റെക്കോർഡുകൾ. ലക്ഷദ്വീപിന്റെ അഭിമാന താരം മുബസ്സിന മുഹമ്മദാണ് ഏറ്റവും കൂടുതൽ മീറ്റ് റെക്കോർഡുകൾ സ്വന്തമാക്കിയത്. അണ്ടർ 19 പെൺകുട്ടികൾക്കായുള്ള വിഭാഗത്തിൽ നാല് മീറ്റ് റെക്കോർഡുകളാണ് മുബസ്സിന മുഹമ്മദ് ഇക്കുറി രചിച്ചത്. കവരത്തി ദ്വീപിന് വേണ്ടിയാണ് ഇക്കുറി മുബസ്സിന മുഹമ്മദ് ജെഴ്സിയണിഞ്ഞത്. നൂറ് മീറ്റർ സ്പ്രിന്റീൽ 12.56 സെക്കന്റിലാണ് മുബസ്സിന മറികടന്നത്. 200 മീറ്റർ സ്പ്രിന്റീൽ 26.39 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി. ലോങ് ജമ്പിൽ 5.67 മീറ്റർ എന്ന റെക്കോർഡ് കരസ്ഥമാക്കിയപ്പോൾ ഹൈജമ്പിൽ 1.61 മീറ്ററാണ് മുബസ്സിനയുടെ മറ്റൊരു മീറ്റ് റെക്കോർഡ്.
അണ്ടർ 19 പെൺകുട്ടികൾക്കായുള്ള വിഭാഗത്തിൽ കടമത്ത് ദ്വീപിന്റെ മുഫ്ലീനാ തസ്ലിയാണ് മറ്റൊരു റെക്കോർഡ് കരസ്ഥമാക്കിയത്. ഷോർട്ട്പുട്ടിൽ 9.85 മീറ്ററാണ് മുഫ്ലീനാ സ്വന്തമാക്കിയത്.

അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് മീറ്റ് റെക്കോർഡുകളാണ് ഈ വർഷം അമിനിയിൽ പിറന്നത്. 800 മീറ്റർ ഓട്ടം 02:08:16 മിനുട്ടിൽ പൂർത്തിയാക്കിയ അമിനി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സാജിർ കെ.സി റെക്കോർഡ് സ്വന്തമാക്കി. അമിനി സ്കൂളിലെ തന്നെ നിസാമുദ്ദീൻ ബി.സി 09:51:54 മിനുട്ടുകൾ കൊണ്ട് 3000 മീറ്റർ ഓട്ടം പൂർത്തിയാക്കി ചരിത്രം കുറിച്ചു. ജാവലിങ്ങ് ത്രോ മത്സരത്തിൽ 41.43 മീറ്റർ ദൂരം താണ്ടി കവരത്തിയുടെ മുഹമ്മദ് സ്വാലിഹ് എസ്.എം മറ്റൊരു റെക്കോർഡ് സ്വന്തമാക്കി. ഹൈജമ്പിൽ റെക്കോർഡിട്ട ആന്ത്രോത്തിന്റെ അസ്ഹർ അലി യു.പി ചാടിയത് 1.83 മീറ്റർ ഉയരത്തിലാണ്. കടമത്ത് ദ്വീപിന്റെ മുഹമ്മദ് ഷംസീർ ടി.ടി ട്രിപ്പിൾ ജമ്പിൽ 13.28 എന്ന ദൂരം മറികടന്നാണ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
17 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും രണ്ടു വീതം റെക്കോർഡുകളാണ് ഇക്കുറി മാറ്റിക്കുറിച്ചത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ ഓട്ടം 54:93 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി കവരത്തിയുടെ മുഹമ്മദ് ജാദുൽ ഹഖും, 1500 മീറ്റർ ഓട്ടം 04:34:33 മിനുട്ടുകൾ കൊണ്ട് ഫിനിഷ് ചെയ്ത കവരത്തിയുടെ ഷഹാൻ വി.കെയും ചരിത്രം കുറിച്ചു. പെൺകുട്ടിയുടെ വിഭാഗത്തിൽ 800 മീറ്റർ ഓട്ടം 02:04:91 മിനുട്ടിൽ പൂർത്തിയാക്കിയ ആന്ത്രോത്ത് ദ്വീപിന്റെ സുമയ്യ റുബിയ പി.പിയും, ഷോർട്ട്പുട്ടിൽ 9.53 മീറ്റർ ദൂരം താണ്ടിയ കടമത്തിന്റെ റഫിയ ഷെറിനും മീറ്റ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

അണ്ടർ 14 പെൺകുട്ടികൾക്കായുള്ള വിഭാഗത്തിൽ മൂന്ന് മീറ്റ് റെക്കോർഡുകളാണ് ഇക്കുറി പിറന്നത്. നൂറ് മീറ്റർ സ്പ്രിന്റീൽ 13:97 സെക്കന്റുകൾ കൊണ്ട് ഫിനിഷിങ് ലൈൻ കടന്ന അസ്ന എം.പിയാണ് വേഗതയിൽ ചരിത്രം കുറിച്ചത്. ഷോർട്ട്പുട്ടിൽ അഗത്തിയുടെ ഫാത്തിമ അഫ്സ എ.കെ 8.23 മീറ്റർ ദൂരം താണ്ടി റെക്കോർഡ് സ്വന്തമാക്കി. സി.ബി ത്രോയിൽ 48.73 മീറ്റർ ദൂരത്തിൽ എറിഞ്ഞാണ് അമിനിയുടെ അഹ്സന ഫാത്തിമ എസ്.എം റെക്കോർഡിട്ടത്.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ കൽപ്പേനിയുടെ മുഹമ്മദ് ഹനാൻ പി.പി.ടി 1.58 മീറ്റർ ഉയരത്തിൽ ചാടി ഹൈജമ്പിൽ റെക്കോർഡിട്ടപ്പോൾ ലോങ്ങ്ജമ്പിൽ 5.27 മീറ്റർ താണ്ടി അമിനിയുടെ മുഹമ്മദ് തൻവീർ പി.എൻ ചരിത്രം കുറിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക