കോഴിക്കോട്: വിവാദ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാഫി പറഞ്ഞു. കഴിഞ്ഞ ദിവസം എൽ.എസ്.എ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ മതേതരത്വം കശാപ്പ് ചെയ്യപ്പെടാൻ ഒരു ഫാഷിസ്റ്റ് ശക്തികളെയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ പോലീസ് അതിക്രൂരമായി മർദ്ദിച്ച ഡെൽഹി ജാമിഅ മില്ലിയ്യ, ജെ.എൻ.യു വിദ്യാർഥികൾക്ക് സംഘന ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയെ എൽ.എസ്.എ ശക്തമായി അപലപിച്ചു.

പാർലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയതിന് തോട്ടുപിന്നാലെ ലക്ഷദ്വീപിൽ എൽ.എസ്.എയാണ് ആദ്യമായി ബില്ലിനെ എതിർത്ത് രംഗത്തു വന്നത്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ എൽ.എസ്.എ കേന്ദ്ര കമ്മിറ്റി, ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ യുണിറ്റ്, ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു. ബില്ലിനെതിരെ രാഷ്ട്രീയ, സംഘടനാ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എൽ.എസ്.എ ആവശ്യപ്പെട്ടു. തുടർന്ന് കടമത്ത് സി.യു.സിയിൽ കോളേജ് യൂണിയൻ ചെയർമാൻ ശ്രീ.മിദ്ലാജിന്റെ നേതൃത്വത്തിൽ ബില്ലിന്റെ പകർപ്പ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. ആന്ത്രോത്ത്, കവരത്തി ദ്വീപുകളിൽ എൽ.എസ്.എ-എൻ.എസ്.യു.ഐ നേതാക്കളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കൂട്ടമായി പ്രതിഷേധിച്ചു. എൽ.എസ്.എ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ദ്വീപുകളിൽ പ്രതിഷേധ പരിപാടികൾ നടന്നു വരുന്നു. അമിനി യൂണിറ്റിന് കീഴിൽ നടന്ന “അമിത്ഷായുടെ കരണത്തേക്ക് കൈകൊണ്ടൊരു പ്രഹരം” എന്ന പ്രമേയത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഏറെ ശ്രദ്ധേയമായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക