അഗത്തി: ഇന്ത്യാ രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഗത്തി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളിലെ ഖാളിമാരും പണ്ഡിതന്മാരും പൊതുജനങ്ങളും ഇന്നലെ ജുമാ നിസ്കാരം കഴിഞ്ഞ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ലക്ഷദ്വീപ് ജില്ലാ വർക്കിംഗ് സെക്രട്ടറി ഉസ്താദ് ഹുസൈൻ ഫൈസി, യോഗത്തിന് സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു. വില്ലേജ് ദ്വീപ് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എം അബ്ദുൽ ഷുക്കൂർ, എസ്.ജെ.എം ലക്ഷദ്വീപ് സെക്രട്ടറി ഉസ്താദ് എം.സമദ്കോയ ദാരിമി എന്നിവർ ബിൽ നടപ്പിൽ വന്നാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന് നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വിശദമായി സംസാരിച്ചു. ഖാളി എൻ മുഹമ്മദ് ഹനീഫ ദാരിമി, ഖാളി പി. ചെറിയ കോയ ഹാജി, നായിബ് ഖാളി ബി അബ്ദുൽ ഗഫൂർ മുസ്‌ല്യാർ, എന്നിവർ ചേർന്ന് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള നിവേദനം അഗത്തി ഡെപ്യൂട്ടി കളക്ടർക്ക് നൽകി. ഇരു ജുമാ പള്ളികളിലെ ആയിരങ്ങൾ ആണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. ഇതൊരു ചെറിയ സൂചനയാണെന്നും വരും നാളുകളിൽ വൻ പ്രതിഷേധവുമായി എല്ലാ നാട്ടുകാരും ഐക്യത്തോടെ മുൻപോട്ട് വരുമെന്നും പ്രാസംഗികൻമാർ ഉണർത്തി.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക