ബേപ്പൂർ: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ലക്ഷദ്വീപ് യാത്രാ കപ്പൽ തുറമുഖത്തെത്തി. ചെത്ലാത്ത് ദ്വീപിൽനിന്ന് 23 യാത്രക്കാരുമായി എംവി അമിൻദ്വിവി കപ്പലാണു രാവിലെ ബേപ്പൂരിലെത്തിയത്. ചികിത്സയ്ക്കും മറ്റും എത്തിയവരായിരുന്നു യാത്രക്കാരിലേറെയും.കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ തുറമുഖത്തുനിന്ന് യാത്രക്കാരെ കയറ്റാൻ അനുമതിയില്ലാത്തതിനാൽ ദ്വീപിലേക്കുള്ള അവശ്യവസ്തുക്കളും മറ്റു ചരക്കുമായി ഉച്ചയോടെ കപ്പൽ ആന്ത്രോത്ത് ദ്വീപിലേക്കു മടങ്ങി. 21നു രാവിലെ യാത്രക്കാരുമായി തിരിച്ചെത്തും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ നിന്നു വ്യക്തമായ മാർഗ നിർദേശം ലഭിക്കാത്തതിനാൽ ബേപ്പൂരിൽ നിന്നു യാത്രാ സർവീസിനു പുറമേ ഉരു മാർഗമുള്ള ചരക്കു നീക്കവും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇതിനാൽ ദ്വീപിലേക്കുള്ള ചരക്കു നീക്കം പ്രതിസന്ധിയിലാണ്.
ദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ ചരക്കു കപ്പലുകളിൽ മാത്രമാണ് ഇപ്പോൾ അവശ്യവസ്തുക്കളും നിർമാണ സാമഗ്രികളും കൊണ്ടുപോകുന്നത്. ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ 35 ഉരുക്കൾ സർവീസ് നടത്താറുണ്ട്.യാത്ര സംബന്ധിച്ച അവ്യക്തത തുടരുന്നതിനാൽ ഉരുക്കളെല്ലാം വിവിധ തുറമുഖങ്ങളിൽ അടുപ്പിച്ചിരിക്കുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചാൽ അടുത്ത മാസം മുതൽ യാത്രാ കപ്പൽ–ഉരു സർവീസ് തുടങ്ങാനാകും എന്നാണു അധികൃതർ നൽകുന്ന സൂചന.
കടപ്പാട്: മനോരമ ഓണ്‍ലൈൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക