കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ നിയമം നടപ്പിലാക്കാനൊരുങ്ങി ദ്വീപ് ഭരണകൂടം. പൌരന്മാരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്കുന്ന നിയമത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2019 ലെ കണക്കനുസരിച്ച് ലക്ഷദ്വീപില്‍ കൊലപാതകം , തട്ടിക്കൊണ്ട് പോകല്‍, കുട്ടികളുടെ തിരോധാനം , കലാപശ്രമം എന്നിവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ഡിയുവുമായി താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ ലക്ഷദ്വീപ് കുറ്റകൃത്യങ്ങളില്ലാത്ത പ്രദേശമാണ്.

കസ്റ്റഡിയില്‍ എടുക്കുന്ന ആരേയും വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാവുന്ന വ്യവസ്ഥകളാണ് ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന് 2021 നിയമത്തിലുള്ളത്. കരട് നിയമത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള 21 ദിവസത്തെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു.
പുതുതായി ചുമതലയേറ്റ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ ഗുണ്ടാ നിയമം കൊണ്ടുവരുന്നത്. 2021 ജനുവരി 28 ന് നിയമത്തിന്റെ കരട് പുറത്തു വിട്ടതോടെ ദ്വീപില്‍ പ്രതിഷേധവും തുടങ്ങി.
നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും ജില്ലാ പഞ്ചായത്തധികൃതരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൊലീസ് സൂപ്രണ്ടിന് കത്ത് നല്കി. കഴിഞ്ഞ വര്‍ഷം നടന്ന സി.എ.എ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരെയും ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകരെയും തുറുങ്കിലടക്കാനുള്ള ഗൂഢ നീക്കമാണ് ഗുണ്ടാ നിയമത്തിന് പിന്നിലെന്നും ദ്വീപ് നിവാസികള്‍ക്ക് ആശങ്കയുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക