പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മല്‍സരത്തിന്റെ കാര്യത്തില്‍ ‘ഒരു തീരുമാനമായി’

0
1097

തിരുവനന്തപുരം: ഫുട്‌ബോളോ ക്രിക്കറ്റോ എന്ന തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമാവുന്നു. നവംബറില്‍ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) തത്വത്തില്‍ തീരുമാനിച്ചു.

രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി സംസാരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് മത്സരം തിരുവനന്തപുരത്ത് തന്നെ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ജയേഷ് ജോര്‍ജ് വാര്‍ത്താലേഖകരെ അറിയിച്ചു.

എന്നാല്‍ തീരുമാനം താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്ന് കെസിഎ സെക്രട്ടറി പറഞ്ഞു. കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേസ് ഉടമയായതുകൊണ്ടാണ്. ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയതിലും ബാധകമെന്നും സെക്രട്ടറി വ്യക്തമാക്കി

നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും എന്നതിനാല്‍ അതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

കളിക്കാരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തത്കാലം ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേയെന്നും ഭാവിയില്‍ കൊച്ചിയിലും മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

കൊച്ചി വേദി ക്രിക്കറ്റിന് സ്ഥിരമായി നഷ്ടപ്പെടുമോ എന്നായിരുന്നു കെ.സി.എയുടെ ആശങ്കയെന്നും ജയേഷ് പറഞ്ഞു. മത്സരം നടത്താന്‍ കെ.സി. എയ്ക്ക് കൂടുതല്‍ ചെലവ് വരുന്നത് തിരുവനന്തപുരത്താണ്. കൊച്ചിയില്‍ മത്സരം നടത്തിയാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നില്ല.

ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ക്രിക്കറ്റ് അസോസിയേഷന്‍. തിരുവനന്തപുരം സ്റ്റേഡിയത്തിലെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടിട്വന്റിക്കും ഏകദിനത്തിനും വ്യത്യസ്ത സൗകര്യങ്ങളാണ് വേണ്ടത്. അതുകൊണ്ട് ഒരു ഏകദിന മത്സരത്തിന് വേദിയൊരുക്കാന്‍ കൂടുതല്‍ പണം ചെലവിടേണ്ടതുണ്ട്.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ കെസിഎ സമ്മതിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കെസിഎ ജനറല്‍ ബോഡി യോഗത്തിന് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here