വൈദ്യശാസ്ത്ര പഠനത്തിനൊപ്പം ഹോട്ടല്‍ ബിസിനസില്‍ വിജയം കൊയ്യുകയാണ് ചെന്നൈ സ്വദേശിയും 21കാരനുമായ ജയ്കിരണ്‍. ചെന്നൈ ശ്രീ രാമചന്ദ്ര കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ് ജയ് കിരണ്‍. പകല്‍ ക്ലാസ് കഴിഞ്ഞാല്‍ വൈകീട്ടോടെ അടുത്തുള്ള ജാക്ക്‌സ് റെസ്റ്റോ കഫേയുടെ നടത്തിപ്പുകാരനാകും ജയ്കിരണ്‍.
രാവിലെ എട്ടു മുതല്‍ നാലു വരെ ക്ലാസിലിരിക്കും. അതിന് ശേഷം നേരെ റസ്‌റ്റോറന്റിലേക്ക്. തുടര്‍ന്ന് ആവശ്യമായ സാധനങ്ങളെടുക്കല്‍, കിച്ചണിലെ കാര്യങ്ങള്‍ നോക്കല്‍ തുടങ്ങി സേവനവിഭാഗം വരെ നോക്കിനടത്തും. ഇതിന് പുറമെ മെനുവിലെ ചില സാധനങ്ങള്‍ നേരിട്ടു തന്നെ ഉണ്ടാക്കിയും കൊടുക്കും.
മാത്രമല്ല പുതിയ രുചികള്‍ പഠിച്ച് അത് തന്റെ ജീവനക്കാര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും. ക്ലാസില്‍ പോകുന്ന സമയത്തു കാര്യങ്ങള്‍ നോക്കാന്‍ മാനേജറും അസിസ്റ്റന്റ് മാനേജറുമുണ്ട്. റസ്‌റ്റോറന്റിലെ സെക്യൂരിറ്റി ക്യാമറുകളുടെ ഫീഡ് തന്റെ ഫോണിലെ ആപ്പിലൂടെ വീക്ഷിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ബിസിനസ് രംഗത്തേക്കുള്ള ജയ്കിരണിന്റെ കടന്നുവരവിന് പ്രചോദനമായത് കുടുംബം തന്നെയാണ്. കുടുംബപരമായി തന്നെ ബിസിനസുണ്ട്. കോളേജിലെ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സുഹൃത്തുമായി ചേര്‍ന്നു നഗരത്തില്‍ ഒരു ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയെങ്കിലും അത് പരാജയമായിരുന്നു.
എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജയ്കിരണ്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ മൂന്നര മാസം കൊണ്ടാണ് പുതിയ റസ്‌റ്റോറന്റ് ആരംഭിച്ചത്.
എംബിബിഎസ് പഠന ശേഷവും മെഡിസിനും ബിസിനസും ഒരുമിച്ചു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ജനറല്‍ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യാനാണ് ജയ്കിരണ്‍ ലക്ഷ്യമിടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക