കൽപ്പേനി: കാലാവസ്ഥാ മോശമായതിനാൽ ഇന്ന് രാവിലെ കൽപ്പേനിയിൽ എത്തിയ എം.വി കവരത്തി കപ്പലിൽ നിന്നും ആളുകളെ ഇറക്കാനായില്ല. കപ്പൽ ഇപ്പോൾ ആന്ത്രോത്ത് ദ്വീപിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. കൽപ്പേനിയിൽ ഇറങ്ങാനാവാത്തതോടെ വലിയ സംഖ്യ നൽകി മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത ടൂറിസ്റ്റുൾ കപ്പലിൽ പ്രതിഷേധിക്കുകയാണ്.
കടൽക്ഷോഭം ഉണ്ടാവും എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കളക്ടർ താരിഖ് തോമസ് ആണ് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി കാലാവസ്ഥാ മുന്നറിയിപ്പ് ഇറക്കിയത്. ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടു വരുന്നത് ‘സ്പോർട്സ്’ ഡിപ്പാർട്ട്മെന്റ് നേരിട്ടാണ്. സമുദ്രം പാക്കേജ് വഴി ബുക്ക് ചെയ്ത 76 ടൂറിസ്റ്റുകളാണ് കപ്പലിൽ ഉള്ളത്. കളക്ടർ താരിഖ് തോമസ് തന്നെയാണ് ‘സ്പോർട്സ്’ ഡിപ്പാർട്ട്മെന്റ് മാനേജിംഗ് ഡയറക്ടർ ചുമതല വഹിക്കുന്നത്. അദ്ദേഹം തന്നെ ഇറക്കിയ കാലാവസ്ഥാ മുന്നറിയിപ്പുള്ളപ്പോൾ ഇത്രയും വിനോദ സഞ്ചാരികളെ വലക്കുന്ന രൂപത്തിൽ കപ്പൽ യാത്ര തുടങ്ങരുതായിരുന്നു എന്ന് ടൂറിസ്റ്റുകൾ ദ്വീപ് മലയാളിയോട് പറഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ സർക്കുലറിൽ രണ്ട് ദിവസത്തേക്ക് കടൽത്തീരങ്ങളിൽ ഒരു വിനോദങ്ങളിലും ഏർപ്പെടെരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് 76 ടൂറിസ്റ്റുകളെ ഇന്നലെ കൊച്ചിയിൽ നിന്നും പുറപ്പെട്ട എം.വി.കവരത്തി കപ്പലിൽ വിനോദ സഞ്ചാരത്തിനായി യാത്ര അനുവദിച്ചത്.

മുൻകൂട്ടി അറിവുണ്ടായിരുന്നിട്ടും വിനോദ സഞ്ചാരികളെ കൊണ്ടുവന്നത് അധികാരികളുടെ വിവരമില്ലായ്മ കൊണ്ടാണ്. ‘സ്പോർട്സ്’ ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി അന്വേഷണ വിധേയമാക്കണം. ലക്ഷദ്വീപ് വിനോദ സഞ്ചാര മേഖലയെ തകർക്കുവാനുള്ള ആസൂത്രിതമായ നീക്കമാണിതെന്നും ടൂറിസ്റ്റ് ഏജൻസികൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക