പ്ളാസ്റ്റിക് മുക്ത മിനിക്കോയ്.; മുൻകൈയെടുത്ത് എം.ഡി.എസ്

0
1363

മിനിക്കോയ്: ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ ഒന്നായ മിനിക്കോയ് ദ്വീപിനെ പ്ളാസ്റ്റിക് മുക്തമാക്കാനൊരുങ്ങി മലിക് ഡെവലപ്മെന്റ് സൊസൈറ്റി (എം.ഡി.എസ്). പ്ളാസ്റ്റിക് വേസ്റ്റുകൾ കുന്നുകൂടി ലക്ഷദ്വീപിലെ ഓരോ ദ്വീപുകളിലും ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിച്ചു വച്ചാലും അത് ക്രിയാത്മകമായി ശേഖരിക്കാനുള്ള സംവിധാനങ്ങൾ ദ്വീപുകളിൽ ഇല്ല. അതിനാൽ തന്നെ പലരും പ്ളാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു കളയുകയോ കടലിൽ വലിച്ചെറിയുകയോ ആണ് ചെയ്യുന്നത്. ഇത് വലിയ ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിന് ഒരു പരിഹാരവുമായാണ് എം.ഡി.എസ് മുന്നിട്ടിറങ്ങുന്നത്. വേവ്സ്, കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവർത്തിക്കുന്ന നിറവ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്ളാസ്റ്റിക് മുക്ത മിനിക്കോയ് എന്ന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

www.dweepmalayali.com i

തേങ്ങയും മീനും ഒഴികെ ബാക്കി എല്ലാ സാധനങ്ങളും വൻകരയിൽ നിന്നും പ്ളാസ്റ്റിക് കവറുകളിലാണ് ഇവിടെ എത്തുന്നത്. ഇത്തരം പ്ളാസ്റ്റിക് കവറുകൾ നിരന്തരമായി കത്തിച്ചു കളയുന്നതിനാൽ ദ്വീപുകളിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചു വരികയാണെന്ന് എം.ഡി.എസ് വൈസ് ചെയർമാൻ പി.വി.മുഹമ്മദ് ഇസ്മയിൽ പറഞ്ഞു.

നിറവിന്റെ സഹകരണത്തോടെ കഴിഞ്ഞ വർഷം മുതൽ ആന്ത്രോത്ത് ദ്വീപിൽ പ്ളാസ്റ്റിക് മുക്തമാക്കാനായി ‘വേവ്സ്’ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചാണ് മിനിക്കോയ് ദ്വീപിൽ എം.ഡി.എസും മുന്നോട്ട് വന്നിരിക്കുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ ക്രിയാത്മകമായി ശേഖരിച്ച് സംസ്കരിക്കുന്ന കോഴിക്കോട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ സന്നദ്ധ സംഘടനയാണ് ‘നിറവ്’. നിറവിന്റെ പ്രവർത്തകർ മിനിക്കോയ് ദ്വീപിൽ കഴിഞ്ഞ അഞ്ചു ദിവസം ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനെ കുറിച്ച് അവർ പ്രദേശ വാസികൾക്ക് ബോധവൽക്കരണം നടത്തിയിരുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങൾ ക്രിയാത്മകമായി സംസ്കരിക്കുന്നതിന്റെ രീതികൾ അവർ ക്യാമ്പിൽ പ്രദർശിപ്പിച്ചു. വേവ്സും എം.ഡി.എസും ചേർന്ന് ശേഖരിച്ച 140 ബാഗിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ കപ്പൽ വഴി കോഴിക്കോട്ടെ പ്ളാസ്റ്റിക് സംസ്കരണ പ്ലാന്റിൽ എത്തിച്ചു.

ദ്വീപിലെ ഓരോ വീടുകളിലും പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക ചവറ്റുകൊട്ടകൾ വിതരണം ചെയ്യും. കൂടുതൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും ഇസ്മയിൽ പറഞ്ഞു. നിറവിന്റെ 15 അംഗ സംഘം മിനിക്കോയ് ദ്വീപിൽ എത്തി കൂടുതൽ മേഖലകളിൽ ശുചീകരണ-ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

“ലക്ഷദ്വീപിലെ ജനങ്ങൾ അവരുടെ ഭക്ഷണ അവശിഷ്ടങ്ങൾ മൃഗങ്ങൾക്കായി നൽകുന്നവരാണ്. അതിനാൽ അവിടെ നിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കാൻ എളുപ്പത്തിൽ സാധിക്കുന്നു” എന്ന് നിറവ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് പറഞ്ഞു. ആന്ത്രോത്ത്, അഗത്തി, കവരത്തി, കൽപ്പേനി ദ്വീപുകളിൽ വേവ്സുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ വിജയകരമായിരുന്നു. ജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളും പൂർണമായി പ്ളാസ്റ്റിക് മുക്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹകരണത്തോടെ എല്ലാ ദ്വീപുകളിലെയും പ്ളാസ്റ്റിക് മാലിന്യങ്ങൾ മിനിക്കോയ് ദ്വീപിൽ സംസ്കരിക്കുന്നതിനുള്ള സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള ശ്രമങ്ങൾ എം.ഡി.എസ് നടത്തിവരികയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here