ന്യൂഡൽഹി: ജെഡിഎസ് നേതാവും കർണാടകയുടെ നിയുക്ത മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. കർണാടകയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഗാന്ധി കുടുംബത്തോടുള്ള ആദരവ് അറിയിക്കാനാണ് താൻ എത്തിയതെന്ന് കുമാരസ്വാമി പിന്നീട് മാധ്യമങ്ങളോട് അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇരുവരെയും ക്ഷണിച്ചിട്ടുണ്ട്. അവർ പങ്കെടുക്കുമെന്നും അറിയിച്ചു. എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നു അഭിപ്രായപ്പെട്ട രാഹുൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി കെ.സി. വേണുഗോപാലിനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. സോണിയയും രാഹുലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നു കോൺഗ്രസ് പിന്നീടു സ്ഥിരീകരിച്ചു. ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനുമെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം ഉയർത്തിക്കാട്ടുകയും കൂടിയാണു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ വഴി പ്രതിപക്ഷ നേതാക്കൾ ലക്ഷ്യമിടുന്നത്. സോണിയയും രാഹുൽ എത്തുന്നതിനൊപ്പം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബിഎസ്പിയുടെ മായാവതിയും തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
സഖ്യത്തിൽ പ്രശ്നങ്ങൾ തുടരും
തനിച്ചു സത്യപ്രതിജ്ഞ ചെയ്യണോ അതോ മുഴുവൻ മന്ത്രിസഭയുമായി സത്യപ്രതിജ്ഞ ചെയ്യണോ എന്നകാര്യം കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനിക്കുമെന്നായിരുന്നു ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷമുള്ള കുമാരസ്വാമിയുടെ പ്രതികരണം. രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനമാണു കോൺഗ്രസിന്റെ ആവശ്യം. ഒന്ന് ലിംഗായത്ത് വിഭാഗത്തിലെ ആൾക്കും രണ്ടാമത്തേതു ദലിത് വിഭാഗത്തിൽനിന്നുള്ളയാൾക്കും. എന്നാലിത് ജെഡിഎസ് അംഗീകരിക്കുന്നില്ല. ഡി.കെ. ശിവകുമാറിനെയും എം.ബി. പാട്ടീലിനെയുമാണു കോൺഗ്രസ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
കർണാടകയിലേതു സ്ഥിരതയുള്ള സർക്കാരായിരിക്കുമെന്നു കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി കുമാരസ്വാമി പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാവിലെ ബിഎസ്പി നേതാവ് മായാവതിയുമായുള്ള കൂടിക്കാഴ്ചയിൽ ബിഎസ്പിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക